Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം കഴിച്ച ഉടൻ നടന്നാൽ?

x-default

ഭക്ഷണം കഴിച്ച ശേഷം വെറുതെ ഇരിക്കാനും കിടക്കാനും ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ ആ ശീലം മാറ്റാൻ സമയമായി. ഇനി മുതൽ ഭക്ഷണം കഴിച്ച ശേഷം ഒരു ചെറിയ നടത്തമൊക്കെയാവാം, നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ പ്രത്യേകിച്ചും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ടൈപ്പ് 2 പ്രമേഹ രോഗികളെ ഭക്ഷണശേഷമുള്ള ചെറുനടത്തം സഹായിക്കുമെന്ന് പഠനം. ദിവസവും ഏതെങ്കിലും സമയം അരമണിക്കൂർ നടക്കുന്നതിനെക്കാൾ ഭക്ഷണശേഷം നടക്കുന്നത് വളരെ നല്ലതാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ ഇതു സഹായിക്കുമെന്നും ന്യസിലൻഡിലെ ഒടാഗോ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

ടൈപ്പ് 2 പ്രമേഹമുള്ള 41 പേരിലാണ് പഠനം നടത്തിയത്. ഇവരോട് ദിവസവും അരമണിക്കൂറോ അതല്ലെങ്കിൽ ഓരോ പ്രധാന ഭക്ഷണത്തിനു ശേഷം പത്തുമിനിറ്റോ നടക്കാൻ ആവശ്യപ്പെട്ടു. ശാരീരിക പ്രവർത്തനങ്ങൾ അളക്കാനും ഓരോ അഞ്ചുമിനിറ്റിലും ബ്ലഡ് ഷുഗർ പരിശോധിക്കാനും ഒരു ആക്സ്‌ലറോ മീറ്റർ ഇവരുടെ ശരീരത്തിൽ ഘടിപ്പിച്ചു.

ദിവസവും ഏതെങ്കിലും സമയം അരമണിക്കൂർ നടക്കുന്നതിനെക്കാൾ ഭക്ഷണശേഷമുള്ള ചെറുനടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ 12 ശതമാനം കുറയ്ക്കുന്നതായി കണ്ടു. വൈകുന്നേരത്തെ ഭക്ഷണശഷമാണ് നടക്കുന്നതെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനമാണ് കുറയുന്നത്. അന്നജം ധാരാളം അടങ്ങിയ ഭക്ഷണം ആയതിനാലും ചടഞ്ഞു കൂടിയിരിക്കുന്ന സമയം ആയതിനാലും ആകാം ഇതെന്ന് പഠനത്തിനു നേതൃത്വം നൽകിയ ആൻഡ്രൂ റെയ്നോൾഡ്സ് പറയുന്നു. ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് നില ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ വളരെ പ്രധാനപ്പെട്ടതാണ്.

ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് ലെവൽ കുറയ്ക്കാൻ വേണ്ടി എടുക്കുന്ന കൂടിയ ഡോസ് ഇൻസുലിന്റെയും ഭക്ഷണസമയത്തെടുക്കുന്ന ഇൻസുലിൻ കുത്തിവയ്പ്പിന്റെയും ആവശ്യകത ഇല്ലാതാക്കാൻ ഭക്ഷണശേഷമു‌ള്ള ശാരീരിക പ്രവർത്തനം സഹായിക്കുമെന്ന് ഗവേകഷർ അഭിപ്രായപ്പെടുന്നു. ഇൻസുലിന്റെ ഡോസ് കൂട്ടുന്നതു വഴി ശരീരഭാരം കൂടാനും കാരണമാകും എന്നും ‘ഡയബറ്റോളോജിയ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.