Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂർക്കംവലിയെ നിസ്സാരമാക്കല്ലേ! പല രോഗങ്ങളുടെയും ലക്ഷണമാണിത്

snoring

എല്ലാവരും തിരക്കിലാണ്. തിരക്കിനിടയിൽ നാമറിയാതെ നഷ്ടപ്പെടുത്തുന്ന ഒന്നുണ്ട്– നല്ല ഉറക്കം. മുമ്പൊക്കെ ശരാശരി 8–9 മണിക്കൂർ നാം ഉറങ്ങുമായിരുന്നു. ഇന്ന് പലരുടെയും ഉറക്കം ആറു മണിക്കൂറിൽ താഴെയായി ചുരുങ്ങിയിരിക്കുന്നു.

നല്ല ആഹാരം ഉറക്കവും നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒാരോരുത്തരും എത്രസമയം ഉറങ്ങണം എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. പൊതുവെ പറഞ്ഞാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ 9–11 മണിക്കൂർ, പ്രായമായവർ 7–9 മണിക്കൂർ, 65 വയസ്സിനുമേൽ പ്രായമുള്ളവർ 7–8 മണിക്കൂർ എന്നതാണ് ഏറ്റവും പുതിയ കണക്ക് (Natioal sleep foundation). കിടന്നാൽ 15–20 മിനിറ്റിനുള്ളിൽ നല്ല ഉറക്കത്തിലേക്കു വരുന്ന, എന്നും കൃത്യസമയത്ത് ഊർജസ്വലതയോടെ ഉണർന്നെഴുന്നേൽക്കുന്ന, പകൽ മയക്കം ആവശ്യമില്ലാത്ത ഒരാൾ നല്ല രീതിയിൽ ഉറങ്ങുന്നുവെന്ന് മനസ്സിലാക്കാം.

അറിയാതെ പോകുന്ന ഉറക്ക പ്രശ്നങ്ങൾ

ഉറക്കം നഷ്ടപ്പെടുന്നതിനു പിന്നിൽ പ്രശ്നങ്ങളുണ്ട്. പ്രായപൂർത്തിയായവരിൽ മൂന്നിലൊന്നു ശതമാനത്തെ ഉറക്കമില്ലായ്മ അലട്ടുന്നു. 20% ആളുകൾക്ക് പകൽസമയത്ത് അനിയന്ത്രിത മയക്കങ്ങളും വർധിച്ചുവരുന്ന ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. പക്ഷേ ഉറക്കപ്രശ്നങ്ങൾ പലപ്പോഴും ശരിയായി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. കാരണം, ഇതൊരു അനാരോഗ്യവിഷയമായി അധികം പേരും മനസ്സിലാക്കുന്നില്ല. അല്ലെങ്കിൽ മറ്റ‍ു ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതുവരെ അത് അവഗണിക്കപ്പെടുന്നു. ഉറങ്ങുമ്പോൾ ശരീരത്തിൽ എന്താണു സംഭവിക്കുന്നത്? ശരീരത്തിന്റെ താപനില കുറയുന്നു, ഊർജ ഉപഭോഗം കുറയുന്നു, പ്രതിരോധവ്യവസ്ഥ കൂടുതൽ പ്രവർത്തനസ്ജ്ജമാകുന്നു. രാസവസ്തുക്കളുടെയും ഹോർമോണുകളുടെയും സന്തുലിതാവസ്ഥ ഉണ്ടാകുന്നു.

ഉറക്കപ്രശ്നങ്ങൾ പലവിധം

88–ലേറെ വിഭാഗം ഉറക്കപ്രശ്നങ്ങൾ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്.
∙ ഉറക്കമില്ലയ്മ (Insomnia) – 30-35% പ്രായമാവവരെ ബാധിക്കുന്നു.
∙ വികലമായ ഉറക്കം (Parasomnia) – ദുഃസ്വപ്നങ്ങൾ, ഞെട്ടൽ, പല്ലിറുമ്മൽ, നടപ്പ് തുടങ്ങിയവ പ്രകടമാക്കുന്നു. ഇത് കുട്ടികളിലും കൗമാരക്കാരിലും കൂടുതലായി കാണുന്നു.
∙ സമയക്രമത്തിന്റെ പ്രശ്നങ്ങൾ (Circadian Rhythm Sleepdisorders) – ഷിഫ്റ്റ് ജോലിക്കാർ, രാത്രി വൈകി ഉറങ്ങുന്നവർ എന്നിവരിൽ ഈ ഉറക്കപ്രശ്നമുണ്ടാകുന്നു.
∙ ഉറക്കത്തിലെ ശ്വാസതടസ്സം (Sleep Related Breathing Disorder)
∙ തലച്ചോറിന്റെ രോഗങ്ങൾ മൂലമുള്ള ഉറക്കത്തകരാറുകൾ.
∙ ഉറക്കത്തിലെ അനിയന്ത്രിത ചലനങ്ങൾ.

ഉറങ്ങുമ്പോൾ ശ്വാസതടസ്സം

ഉറക്കത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സമാണ്. ഇത് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (obstructive sleep apnoea) എന്നറിയപ്പെടുന്നു.

രണ്ടു മുതൽ നാലു ശതമാനം വരെ ആളുകള‍ിൽ സ്ലീപ് അപ്നിയ ഉണ്ടാകുന്നു. പുരുഷന്മാരിലാണിതു കൂടുതൽ. 40–60 വയസ്സു പ്രായമുള്ള വരിൽ ഇതു കൂടുതലായി കാണുന്നു. അമിതവണ്ണമുള്ളവർ, അനിയന്ത്രിത രക്തസമ്മർദം ഉള്ളവർ, ഹൃദ്രോഗികൾ, മസ്തിഷ്കാഘാതം ഉണ്ടായവർ എന്നിവരിൽ ശ്വാസതടസ്സ സാധ്യത കൂ‌ടുതലാണ്.

വദനഭാഗങ്ങളിലും നാവിലും കൊഴുപ്പടിഞ്ഞ് വായു സഞ്ചാരം തടസ്സപ്പെടുന്നു. നാസാദ്വാരങ്ങൾ, തൊണ്ട എന്നിവയുടെ ഘടനാപരമായ തകരാറുകൾ, ടോൺസിൽ ഗ്രന്ഥിയുടെ വീക്കം, താടിയെല്ലിന്റെ തകരാറുകൾ എന്നിവയും ശ്വാസതടസ്സത്തിനിടയാക്കുന്നു. മദ്യപാനം ഈ സാധ്യത കൂട്ടുന്നു.

ഉറക്കം തടസ്സപ്പെടുന്നതുകൊണ്ടു പല തവണ ഞെട്ടിയുണരുന്നു. രാവിലെ എഴുന്നേൽക്കുമ്പേ‍ാൾ അമിതക്ഷീണം, തലവേദന തുടങ്ങിയ അസ‍്വാസ്ഥ്യങ്ങളുണ്ടാകുന്നു. തുടർന്ന് അനിയന്ത്രിതമായ പകലുറക്കം, ഏകാഗ്രതക്കുവ്, ഒാർമക്കുറവ്, നിരാശാബോധം എന്നിവയിലേക്കു നയിക്കാം.

ലക്ഷണം കൂർക്കം വലി

കൂർക്കം വലിയാണ് രോഗാവസ്ഥയുടെ പ്രധാന ലക്ഷണം. സാധാരണ ആളുകളിൽ 19–37% പേരും മധ്യവയസ്കരിൽ 50 ശതമാനത്തിലേറെയും കൂർക്കം വലിക്കാരാണ്. പക്ഷേ, എല്ലാ കൂർക്കം വലിക്ക‍ാരിലും ശ്വാസതടസ്സം ഉണ്ടാകണമെന്ന് നിർബന്ധമില്ല. സാധാരണ കൂർക്കം വലിയ‍‍ിൽ 3% പേർക്കു ശ്വാസതടസ്സം ഉണ്ടാകും. എന്നാൽ ഉച്ചത്തിലുള്ള, മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിലുള്ള കൂർക്കം വലിയുള്ളവരിൽ 65%നു മേൽ പേർക്ക് ശ്വാസതടസ്സം ഉണ്ടാകുന്നുണ്ട്. പത്തു സെക്കൻഡിനുമേൽ നിൽക്കുന്ന ശ്വാസതടസ്സമാണു പ്രാധാന്യം അർഹിക്കുന്നത്. അതോടൊപ്പം ഒാക്സിജന്റെ അളവിലും കുറവുവരുന്നു.

കൂർക്കംവലിക്കും ഉറക്കതടസ്സത്തിനും ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? ഇതു ചികിത്സിക്കേണ്ട ആവശ്യമുണ്ടോ എന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട് സാധാരണ, ചെറിയ കൂർക്കംവലി പ്രശ്നമല്ലെങ്കിലും ഉറക്കത്തിൽ ഉള്ള ശ്വാസതടസ്സം പലപ്പോഴും ദീർഘനാളായി നില നിൽക്കുന്നതും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതുമായതിനാൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം. അനേകം ജീവിതശൈല‍ീ രോഗങ്ങളുടെ ആവിർഭാവത്തെ തടയുന്നതിന് അമിതവണ്ണവും കൂർക്കം വലിയും പ്രതിരോധിക്കണം. നേരത്തെ ചികിത്സിക്കുകയും വേണം.

പ്രത്യാഘാതങ്ങളറിയാം

ഉറക്കത്തിലെ ശ്വാസതടസ്സം പ്രധാനമായും ബാധിക്കുന്നതും ഹൃദയത്തെയാണ്. അമിതരക്തസമ്മർദമുള്ളവരിൽ 35% പേർക്കും അനിയന്ത്രിതരക്തസമ്മർദമുള്ളവരിൽ (മൂന്നിലധികം മരുന്നുകൾ ബിപിക്ക് ഉപയോഗിക്കേണ്ടിവരുന്നവരിൽ) 96% പുരുഷൻമാർക്കും 65% സ്ത്രീകൾക്കും സ്വീപ് അപ്നിയ ഉള്ളതായി കണ്ടുവരുന്നു.

രാത്രികാലങ്ങളിലുണ്ടാകുന്ന ഹൃദയവേദന (30%) ഹൃദയാഘാതം, ഹൃദയപേശികളുടെ പ്രവർത്തനത്തിലുണ്ടാകുന്ന കുറവ് (50%), ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ (50%) എന്നിവയും ശ്വാസതടസ്സത്തിന്റെ ഫലമായി ഉണ്ടാകാം.

വിട്ടുമാറത്ത തലവേദന, നിരാശ, ആകുലത, ഒാർമക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ, ഏകാഗ്രതയില്ലായ്മ, ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരിക തുടങ്ങി പക്ഷാഘാതം വരെയുള്ള നാഡ‍ീസംബന്ധമായ പല പ്രശ്നങ്ങളുടെയും ഉറവിടവും സ്ല‍ീപ് അപ്നിയ ആവാം.

തൈറോയ്ഡ് രോഗങ്ങൾ, പ്രമേഹം എന്നിവവയുള്ളവരിൽ സ്ല‍ീപ് അപ്നിയയ്ക്കു സാധ്യത കൂടുതലിന്റെ അതുപോലെതന്നെ ഇൻസുലിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക വഴി പ്രമേഹം നിയന്ത്രണവിധേയമാക്കാനും ബുദ്ധിമ‍ുട്ട് വരുന്നു. സ്ല‍ീപ് അപ്നിയ രോഗമുള്ളവരിൽ ശസ്ത്രക്രിയാ സമയത്ത് അനസ്തീഷ്യ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

വ്യക്തിക്കെന്നതുപോലെ സമൂഹത്തിനും വലിയ വിപത്താണ് ഈ രോഗവാസ്ഥ. റോഡ് അപകടങ്ങളുടെ സാധ്യത 3–7% വരെ കൂട്ടുന്നു. മദ്യപിച്ചു വാഹനമോടിക്കുന്നതിനെക്കാൾ അപകടകരമാണ് സ്ലീപ് അപ്നിയ രോഗികൾ വാഹനമോടിക്കുന്നത്.

രോഗം കണ്ട‍െത്താൻ‌

രോഗലക്ഷണങ്ങളുടെ വിശദമായ അപഗ്രഥനവും പരിശേ‍ാധനയും കൂടാതെ സ്ലിപ് സ്റ്റഡി (poly somnography) എന്ന ലളിതമായ പരിശോധനയിലൂടെയും ശ്വാസതടസ്സം ഉണ്ടോയെന്നു നിർണയിക്കാം.

സ്ലീപ് സ്റ്റഡി ആർക്കെല്ലാം?

ഉറക്കെ കൂർക്കം വലിക്കുക, അമിത ക്ഷീണവും അനിയന്തിത പകലുറക്കവും അനുഭവപ്പെടുക, ഉറക്കത്തിൽ ശ്വാസം നിന്നുപോകുന്നതായി പറയുക എന്നിവർ സ്ല‍ീപ് സ്റ്റഡി നടത്തണം. അമിത രക്തസമ്മർദം ഹൃദയനാഡീരോഗങ്ങൾ തുടങ്ങിയവ ഉള്ളവർ പ്രത്യേകിച്ചും അമിത വണ്ണമുള്ളവർ. കഴുത്തിന്റെ വണ്ണം കൂടിയവർ തുടങ്ങിയവരെല്ലാം പരിശോധനയ്ക്കു വിധേയരാകണം.

കൃത്യമായ ചികിത്സ

സ്ല‍ീപ് അപ്നിയയുടെ തോതനുസരിച്ചാണു ചികിത്സ നിർണയിക്കുന്നത്. തൊണ്ടെയിലെ തടസ്സം മാറി ശ്വാസനാളികൾ തുറക്കുന്നതിനു സീ പാപ്പ് (CPAP) എന്ന ഉപകരണം ഏറെ പ്രയോജനകരമാണ്. ഘടനാപരമായ പ്രശ്നങ്ങൾ ‌ടോൺസിൽ ഗ്രന്ഥിയുടെ വ‍ീക്കം എന്നിവ സർജറി ചെയ്തു ശരിയാക്കാം മുഖത്തെ അസ്ഥികളുടെ തകരാറുള്ളവരിൽ ചില ഉപകരണങ്ങൾ (Dental Appliances) പ്രയോജനപ്പെടുന്നു. ഉറക്കത്തിന്റെ പല പ്രശ്നങ്ങൾക്കും ഫലപ്രദമായ മരുന്നുകളും ഉണ്ട്.

ഇതിനെല്ലാമുപരിയായി അമിതവണ്ണം നിയന്ത്രിക്കുകയും ജീവിത ശൈലിയിൽ മാറ്റം വരുത്തുകയും വേണം. ഉറക്കം ആഡംബരമല്ല, അത്യാവശ്യമാണ് എന്നു കരുതി കൃത്യമായ ടൈം ടേബിൾ പുലർത്തണം.

സ്ല‍ീപ് അപ്നിയയുടെ പ്രത്യാഘാതങ്ങൾ തടയാനും ആരോഗ്യം നിലനിർത്താനുമാണ് കൂർക്കം വലി മൂലമുള്ള ശ്വാസതടസ്സം നിർണിയിക്കേണ്ടതും ചികിത്സിക്കേണ്ടതും. ഉറക്കത്തിലെപ്രശ്നങ്ങൾ കണ്ടെത്തി ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്.

ഹൃദമിടിപ്പ്, രക്തസമ്മർദം, ശരീരതാപനില എന്നിവ പോലെ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നായി ഉറക്കത്തെ ആധുനിക വൈദ്യശാസ്ത്രം കരുതുന്നതും അതുകൊണ്ടു തന്നെയാണ്.

സീ പാപ്പ് ഉപയോഗിച്ചു സുഖമായി ഉറങ്ങാം

കണ്ടിന്യുവസ് പൊസിറ്റീവ് എയർവേ പ്രഷർ എന്നതാണ് സീ പാപ്പിന്റെ പൂർണ രൂപം. സീ പാപ്പ് ഉറക്കത്തിലും സ്ലീപ് അപ്നിയ രോഗിയുടെ ശ്വാസനാളം അടഞ്ഞുപോകാതെ നിശ്ചിത മർദത്തിൽ വായു പ്രദാനം ചെയ്യുന്നു. സീ പാപ്പ് മെഷീനിലെ പമ്പ് ആണ് വായുപ്രവാഹത്തെ നിയന്ത്രിക്കുന്നത്. മെഷീനിൽ നിന്നുള്ള വായു ഒരു ട്യൂബ് വഴി രോഗിയിലെത്തുന്നു. ഇങ്ങനെ മർദത്തിലുള്ള വായു നൽകുന്നത് ഒരു മാസ്കിലൂടെയാണ്. ഈ മാസ്ക് ആകട്ടെ, രോഗിയുടെ മൂക്കും മൂടിയാണു വയ്ക്കുന്നത്. മുഖത്തു കൃത്യമായി ഉപകരണം ഉറപ്പിച്ചു വയ്ക്കുന്നതിനുള്ള സ്ട്രാപ്പുകളും സീപാപ്പിലുണ്ട്. ചില പോരായ്മകളും ഉപയോഗപ്രശ്നങ്ങളും ഉള്ളതിനാൽ ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിക്കണം.