Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിക്കുക! സോഷ്യൽ മീഡിയ ഉറക്കം കെടുത്തിയേക്കാം

social-media

ഉറക്കവും സോഷ്യൽമീഡിയയും തമ്മിൽ ബന്ധമുണ്ടോ? എന്തു ബന്ധം എന്ന് ചോദിക്കാൻ വരട്ടെ. നിങ്ങളുടെ ഉറക്കം കെടുത്താൻ സോഷ്യൽമീഡിയയ്ക്ക് സാധിക്കും എന്നാണ് ലണ്ടനിൽനിന്നുള്ള ഗവേഷകർ പറയുന്നത്. അഞ്ചു ചെറുപ്പക്കാരിൽ ഒരാൾ വീതം നട്ടപ്പാതിരയ്ക്കും ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് അവരുടെ മൊബൈൽ പരിശോധിച്ചുനോക്കുമത്രേ. ആരെങ്കിലും ചാറ്റ് ചെയ്യുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാൻ. ഉറക്കത്തിനിടയിലുള്ള ഈ ആകാംക്ഷ ആൺകുട്ടികളേക്കാൾ കൂടുതലായി പെൺകുട്ടികളിലാണത്രേ കാണപ്പെടുന്നത്. ചെറുപ്പക്കാരുടെ ഉറക്കത്തെ മാത്രമല്ല, അവരുടെ മാനസികാരോഗ്യത്തെ വരെ ഈ സോഷ്യൽമീഡിയഭ്രമം ബാധിക്കാനിടയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

12നും 15നും ഇടയിൽ പ്രായമുള്ള ആയിരം വിദ്യാർഥികളിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. മൊബൈൽ ഫോണുമായി ഉറങ്ങാൻ പോയ വിദ്യാർഥികളിൽ പകുതി പേരും സോഷ്യൽമീഡിയയിലെ ‘കലാപരിപാടികൾ’ കഴിഞ്ഞ് വളരെ വൈകിയാണ് ഉറങ്ങാൻ തുടങ്ങിയത്. ഇവരിൽ പലർക്കും തിരിഞ്ഞും മറിഞ്ഞും കിടന്ന് വളരെക്കഴിഞ്ഞാണ് ഉറക്കം ലഭിച്ചത്. ഉറക്കത്തിനിടയിൽ പലരും പലപ്പോഴായി ഉണരുകയും ഉണർന്ന ഉടൻ മൊബൈൽ ഫോൺ പരിശോധിച്ചുനോക്കുകയും ചെയ്യുന്നതായും കണ്ടെത്തി.

ചിലർ മൊബൈലിൽ വന്ന സന്ദേശങ്ങൾക്ക് മറുപടി അയച്ചും ചാറ്റ് ചെയ്തും വീണ്ടും ഏറെനേരം കഴിഞ്ഞാണ് ഉറങ്ങുന്നത്. ചിലരാകട്ടെ അതോടെ ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥരാകുന്നതായും നിരീക്ഷണത്തിൽനിന്നു വ്യക്തമായി. ഇത്തരക്കാർ പിറ്റേന്ന് പകൽ വളരെ ക്ഷീണിതരായും കണ്ടെത്തി. പഠനത്തിലും മറ്റും ഇവർക്ക് മറ്റുള്ളവരെപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും ഗവേഷകർ സൂചിപ്പിച്ചു.

∙ ഉറങ്ങാൻ നേരം തൽക്കാലം മൊബൈൽ ഫോണിനോട് ഗുഡ്ബൈ പറയാൻ ശീലമാക്കാം.
∙രാത്രിയായാൽ മൊബൈൽ അത്യാവശ്യ കാര്യങ്ങൾക്കുമാത്രം ഉപയോഗിക്കുക.
∙രാത്രി വൈകി ഡേറ്റ ഓഫ് ചെയ്തുവയ്ക്കാം.
∙തലയിണക്കീഴിൽ മൊബൈൽ വച്ച് കിടന്നുറങ്ങുന്നത് നല്ലതല്ല.
∙ഉറക്കത്തിനിടയ്ക്ക് ഉണർന്നാലും മൊബൈൽ ഫോൺ പരിശോധിക്കുന്ന ശീലം ഒഴിവാക്കാം.  

Your Rating: