Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനൽക്കാലത്തു കരുതിയിരിക്കുക, മഞ്ഞപ്പിത്തത്തെ

Hepatitis B

ഫെബ്രുവരി പിന്നിടുമ്പോഴേക്കും കൊടും ചൂടിൽ വാടുകയാണ് കേരളം. ഇങ്ങനെ പോയാൽ ഏപ്രിൽ - മെയ് മാസമാകുമ്പോഴേക്കും താപനില ഇനിയും വർധിക്കാനാണ് സാധ്യത. ചൂടുകാലം സമ്മാനിക്കുന്നത് കടുത്ത ശുദ്ധജലക്ഷാമവും. ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നതിലൂടെ മഞ്ഞപ്പിത്തം (Hepatitis A, Hepatitis E) പടർന്ന് പിടിക്കാനുള്ള സാധ്യയേറെയാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ചു ലോകത്ത് ഏകദേശം 14.5 ലക്ഷം പേർ ഹൈപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ വൈറസ് മൂലമുള്ള രോഗങ്ങളും അതിന്റെ ഭവിഷ്യത്തുകളായ ലിവർ സിറോസിസ്, കാൻസർ എന്നിവ മൂലവും വർഷം തോറും മരണമടയുന്നുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ ഗുരുതര സ്ഥിതിയെപ്പറ്റി സമൂഹത്തിനു അവബോധമില്ലാത്തതിന്നാൽ ഒരോ വർഷം രോഗബാധിതരുടെ എണ്ണം കൂടുന്നു. ഒപ്പം അനാരോഗ്യകരമായ ജീവിതശൈലിയും രോഗത്തിന്റെ തീവ്രത കൂട്ടുന്നു.

കരൾ ശരീരത്തിന്റെ ഫാക്ടറി പോലെയാണ്. നാം കഴിക്കുന്ന ഓരോ തരം ഭക്ഷണവും ചെറുകുടലിൽ ദഹനപ്രക്രിയ പൂർത്തിയാക്കിയ ശേഷം ആഗിരണം ചെയ്യപ്പെടുന്നു. ആഗിരണം ചെയ്യപ്പെടുന്ന ഭക്ഷണത്തെ ശരീരത്തിനാവശ്യമുള്ള ഏറ്റവും പ്രധാന ഇന്ധനമായ ഗ്ലൂക്കോസ് ആയും അധികമുള്ള ഭക്ഷണത്തെ കൊഴുപ്പായും (Fat) മാംസ്യാഹാരത്തെ (Protein) ശരീരത്തിനനുയോജ്യമായ പ്രോട്ടീനുകളായും രൂപാന്തരപ്പെടുത്തുന്നു. ഓരോ പ്രക്രിയയിലും ബാക്കിയാകുന്നവ മലദ്വാരത്തിലൂടെയും പിത്തസഞ്ചിയിലൂടെയും വൃക്കകളിലൂടെയും വിസർജിക്കപ്പെടുകയും ചെയ്യുന്നു. കരളിന്റെ പ്രവർത്തനം ശരീരത്തിനാവശ്യമായ രീതിയിൽ നടക്കണമെങ്കിൽ സമീകൃതാഹാരം മൂന്നു നേരവും മിതമായ അളവിൽ കഴിക്കുകയാണ് വേണ്ടത്. ആമാശയത്തിലും ചെറുകുടലിലും നടക്കുന്ന ദഹനപ്രക്രിയപോലും ശരിയായ രീതിയിലാവണമെങ്കിൽ പച്ചക്കറികളും പഴങ്ങളും പ്രോട്ടീനും വെള്ളവും അടങ്ങിയ സമീകൃതാഹാരം കഴിച്ചിരിക്കണം. ഏതെങ്കിലും ഒരു ഘടകം ഇല്ലാതിരിക്കുകയോ അമിതമാവുകയോ ചെയ്യുന്നത് ദഹനപ്രക്രിയയെയും കരളിൽ നടക്കുന്ന ഉൽപാദന വിസർജന പ്രക്രിയകളെയും വിപരീതമായി ബാധിക്കും. കരളിനും ശരീരത്തിനും ദോഷമുണ്ടാക്കുന്ന ആഹാരവസ്തുക്കൾ കഴിക്കാതിരിക്കുകയും വേണം.

ഹെപ്പറ്റൈറ്റിസ് അഞ്ച് തരം 

വൈറൽ ഹെപ്പറ്റൈറ്റിസ് പല തരത്തിൽ ഉണ്ടെങ്കിലും ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിൽ എ, ബി, സി, ഡി, ഇ എന്നീ അഞ്ച് ഇനങ്ങളാണു പ്രാധാന്യമർഹിക്കുന്നത്. രോഗലക്ഷണങ്ങളും പൊതുസ്വഭാവവും കണക്കിലെടുത്തു രണ്ടു ഗ്രൂപ്പുകളായാണു വിദഗ്ധർ ഇവയെ തരം തിരിക്കുന്നത്. രോഗാണുക്കളുള്ള വെള്ളം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന എ, ഇ വൈറസുകൾ ഒരു ഗ്രൂപ്പിലും രക്തത്തിലൂടെയും ലൈംഗിക മാർഗങ്ങളിലൂടെയും പകരുന്ന ബി, സി, ഡി വൈറസുകൾ മറു വിഭാഗത്തിലും. എ, ഇ വൈറസുകൾ മൂലമുള്ള മഞ്ഞപ്പിത്ത രോഗങ്ങളാൽ വർഷം തോറും 1.12 ലക്ഷം പേർ മരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. ബി, സി, ഡി വൈറസുകൾ മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വലിയ പൊതുജനാരോഗ്യ പ്രശ്നമായി ഡബ്ല്യുഎച്ച്ഒ വിലയിരുത്തിയിട്ടുണ്ട്. ലോകത്ത് ഏതാണ്ട് 40 കോടി ആളുകൾ ബി, സി മഞ്ഞപ്പിത്തങ്ങൾ ബാധിച്ചവരാണെന്നാണു കണക്ക്. ഇന്ത്യയിൽ ഏകദേശം ഒരുലക്ഷം പേർ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ഓരോ വർഷവും മരണമടയുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

കരൾ രോഗങ്ങളുടെ യഥാർഥ കാരണങ്ങൾ

സമീകൃതാഹാരത്തിന്റെ അഭാവം
കരളിനെയും മറ്റ് അവയവങ്ങളെയും കേടുകൂടാതെ സംരക്ഷിക്കുന്നതിന് പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ നിത്യവും മൂന്നു നേരവും സമീകൃതാഹാരം ഒരു ജീവിതശൈലിയാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്.

അമിതാഹാരം
നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ ആവശ്യം കഴിഞ്ഞുള്ളത് കരൾ കൊഴുപ്പായി രൂപാന്തരപ്പെടുത്തുകയും അധികമുള്ള കൊഴുപ്പ് ശരീരത്തിന്റെ എല്ലാ ഭാഗത്തും കരളിലും അടിഞ്ഞുകൂടുകയും ചെയ്യും. അമിതാഹാരം കഴിച്ച് അധ്വാനം കുറഞ്ഞ് യഥാർഥത്തിൽ വേണ്ടതിനെക്കാളും വണ്ണം കൂടിയ (തടിയന്മാരാവണമെന്നില്ല എന്നോർക്കണം) എല്ലാവർക്കും ഈ അവസ്ഥ വന്നുചേരുന്നു. കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ചും ശരീരത്തിന്റെ അധ്വാനം കൂട്ടിയും ഉപയോഗിച്ചുതീർക്കുക മാത്രമാണ് യഥാർഥ പരിഹാരം. അതല്ല, അമിതമായ ഭക്ഷണരീതിയും വ്യായാമക്കുറവും തുടർന്നാൽ കാലക്രമേണ അതു മാറാത്ത കരൾരോഗത്തിനു കാരണമാവുന്നു. ചിലർക്കു വേണ്ടതിലധികമായി രണ്ടു കിലോഗ്രാം തൂക്കം കൂടിയാൽപോലും കരളിലെ കൊഴുപ്പു മൂലം ഉണ്ടാവുന്ന NAFLD (Non Alcoholic Fatty Liver Disease) എന്ന അവസ്ഥ ഉണ്ടാവാം. അടിഞ്ഞുകൂടുന്ന കൊഴുപ്പ് എത്ര, ആർക്ക്, എപ്പോൾ ദോഷം ചെയ്യും എന്നത് ഓരോ വ്യക്തിയുടെയും മറ്റു ശീലങ്ങളെ ആശ്രയിച്ചിരിക്കും. അമിതാഹാരം തന്നെയാണ്, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, സന്ധിവാതം തുടങ്ങി പല രോഗങ്ങൾക്കും കാരണം എന്നുകൂടി ഓർമിക്കണം.

starcare-hospital

പലതരം വിഷാംശങ്ങൾ അമിതാഹാരവും മദ്യവും ആണ് ഏറ്റവും പ്രധാന വിഷം. എന്നിരുന്നാലും നമ്മളറിഞ്ഞും അറിയാതെയും കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരുപാട് സാധനങ്ങൾ ശരീരത്തിൽ കടക്കുന്നുണ്ട്. പലതരം മരുന്നുകൾ ഈ കൂട്ടത്തിലുണ്ട്. രോഗം വരാതിരിക്കാൻ വേണ്ടി പ്രവർത്തിക്കുക മാത്രമാണ് മരുന്നുകളെക്കൊണ്ടുള്ള പ്രശ്നങ്ങൾക്കു പരിഹാരം. രണ്ടാമത്തെ പരിഹാരം മരുന്നിന്റെ ദോഷം വരാതിരിക്കാനുള്ള പല മുൻകരുതലുകളുമാണ്. അതു ഡോക്ടർമാർ ശ്രദ്ധിക്കേണ്ട വിഷയമാണ്. മരുന്നുകളെ കൂടാതെ പൂപ്പൽ ബാധിച്ച ഭക്ഷണം (Aflatoxin), ചെമ്പിന്റെ അമിത സാന്നിധ്യം, ഇരുമ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത്, ഭക്ഷണം കേടു വരാതിരിക്കാനായി ഉപയോഗിക്കുന്ന സാധനങ്ങൾ, കൃത്രിമ നിറങ്ങൾ, മണങ്ങൾ, ഒക്കെ കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

പ്രതിരോധ കുത്തിവയ്പ് സുലഭം, സൗജന്യം

ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഡി ഭീകരനെ തീർത്തും ഇല്ലാതാക്കാനുള്ള പ്രതിരോധ കുത്തിവയ്പ് കേരളത്തിനകത്തും പുറത്തും ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഇവ സൗജന്യമായി ലഭിക്കും. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങളുടെ ചികിൽസാ ചെലവ് ഭീമമാണ്. ഈ രോഗം മൂലം സിറോസിസ് പിടിപെടുകയാണെങ്കിൽ കേരളത്തിൽ പ്രതിവർഷ ചികിൽസാ ചെലവ് ലക്ഷങ്ങളാകും. സിറോസിസിനുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ചെലവ് 10 മുതൽ 35 ലക്ഷം രൂപ വരെയും. 2030 ആകുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചു നീക്കാൻ ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

കരളിനെ തകർക്കുന്ന മദ്യം

മദ്യം കരളിനേൽപ്പിക്കുന്ന ദോഷത്തെക്കുറിച്ച് പറയാതെ തന്നെ പലർക്കും അറിയാം. എന്നാലും മലയാളി മനസ്സിനു മദ്യം ഒഴിവാക്കാനാകുന്നില്ല. സന്തോഷം മുതൽ സന്താപം വരെ മദ്യത്തിന്റെ അകമ്പടിയിലെ നമ്മൾ ആഘോഷിക്കൂ. ഓരോ തുള്ളി മദ്യവും കരൾരോഗത്തിനു കാരണമാണ്. കൂടുതൽ മദ്യം കഴിക്കുമ്പോൾ അതിവേഗത്തിൽ, മാറാത്ത കരൾരോഗം വരാൻ സാധ്യത ഒരുപാടു വർധിക്കുന്നു. എന്നാൽ തടി കൂടി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയ ഒരാൾ, അല്ലെങ്കിൽ മറ്റു കാരണങ്ങൾകൊണ്ട് കരളിന്റെ പ്രവർത്തനശേഷി കുറഞ്ഞ ഒരാൾ, കുറേശ്ശെ മദ്യം കഴിച്ചാൽ പോലും കരൾ രോഗം വരും അല്ലെങ്കിൽ ഉള്ള കരൾരോഗം മൂർച്ഛിക്കും.

കരൾ രോഗത്തിനു പ്രായവ്യത്യാസമുണ്ടോ?
പണ്ട് നാട്ടിലെ കുടിയന്മാർ വാർധക്യത്തോട് അടുക്കുമ്പോഴാണ് കരൾ രോഗവുമായി ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയിരുന്നത്. കരൾ രോഗവുമായി മല്ലിട്ട് ചോര ഛർദിച്ച് മരിക്കുന്നവരെ പഴയകാല സിനിമകളിൽ കാണിക്കാറുമുണ്ട്. കാലം മാറിയപ്പോൾ കഥയും മാറി എന്ന് പറയുന്നതാവും ശരി. വിശ്വസിച്ചാലുമില്ലെങ്കിലും ഇന്ന് ആൽക്ക്ഹോളിക്ക് ഹെപ്പറ്റൈറ്റീസ്, ആൽക്കഹോളിക് സിറോസിസ് ചികിൽസയ്ക്ക് എത്തുന്നത് കൂടുതലും ചെറുപ്പക്കാരാണ്. മദ്യപാനത്തിന്റെ കാര്യത്തിൽ ഒന്നാം റാങ്ക് നേടിയ കേരള സംസ്ഥാനത്ത് കള്ളടിച്ച് കരൾ പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. മദ്യപാനം മൂലം കരൾ രോഗത്തിലൂടെ 3000 ജീവിതങ്ങൾ ഒരു വർഷം കേരളത്തിൽ മരണത്തിനു കീഴടങ്ങന്നുവെന്നത് സമൂഹം ഇനിയും ഗൗരവമായി എടുത്തുണ്ടോയെന്ന് സംശയമാണ്.

ആദ്യം മദ്യം, വെളിവുണ്ടെങ്കിൽ മാത്രം ഭക്ഷണം

ഭക്ഷണം കഴിക്കുന്നതിനു മുമ്പേ മദ്യപിക്കുന്നതാണു മലയാളിയുടെ രീതി. ഈ രീതി ശരീരത്തിനു ദോഷം ചെയ്യുന്നതു മാത്രമല്ല, കൂടുതൽ മദ്യം അകത്താക്കാൻ വിശപ്പു പ്രേരിപ്പിക്കുകയും ചെയ്യും. മദ്യം കഴിക്കണമെന്നു തോന്നുമ്പോൾ നല്ലവണ്ണം ഭക്ഷണം കഴിക്കുക. അതിനുശേഷം നിർബന്ധമാണെങ്കിൽ മദ്യപാനമാകാം. ഭക്ഷണം കഴിച്ചതിനു ശേഷം മദ്യം കഴിച്ചാൽ അതു മദ്യത്തിന്റെ ശരീരത്തിലെ പ്രവർത്തനം പതുക്കെയാക്കും, അതായതു ശരീരത്തിലേക്കു മദ്യം വളരെ പതുക്കയേ ആഗിരണം ചെയ്യപ്പെടുകയുള്ളൂ. ഭക്ഷണം കഴിച്ചശേഷം മദ്യപിക്കുന്നതു വഴി മദ്യപാനം മൂലം വയറിനുണ്ടാകുന്ന രോഗങ്ങളെ ഒഴിവാക്കാം. കുടൽ ഭിത്തിയിലേക്കു നേരിട്ടു മദ്യം പ്രവർത്തിക്കാതിരിക്കാൻ മദ്യപിക്കുന്നതിനു മുമ്പു നന്നായി ഭക്ഷണം കഴിച്ചാൽ മതി. ഭക്ഷണം കഴിച്ചതിനു ശേഷം മദ്യപിച്ചാൽ വയറിന് ഒരു സംരക്ഷണം കിട്ടും എന്നു കരുതാം. എന്തായാലും വെറും വയറ്റിൽ മദ്യപിക്കുന്നത് ഒഴിവാക്കണം. വേണ്ടത്ര ഭക്ഷണം കഴിക്കാതെ മദ്യം മാത്രം കഴിക്കുന്നവർ ഒാർക്കുക നിങ്ങൾക്ക് കരൾ രോഗം ബാധിക്കാൻ മൂന്ന് മടങ്ങാണ് സാധ്യത.

കരൾ രോഗത്തെ അവഗണിച്ചാൽ

എത്ര കുടിച്ചാലും ആടാതെ നിന്ന് സ്വന്തം കപ്പാസിറ്റി തെളിയിക്കുന്ന കുടിയന്മാർ പോലും കരൾ പണിമുടക്കുമ്പോൾ ചികിൽസയ്ക്ക് മുതിരില്ല. ആദ്യ ഘട്ടത്തിൽ മഞ്ഞപ്പിത്തവും ചിലർക്ക് ലക്ഷണമായി കാലിനു നീരും വയറ് തടിച്ച് വീർക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയിരിക്കും. മദ്യാസ്കതി നിയന്ത്രിക്കനാവാതെ വരുമ്പോൾ തന്നെ ഡി - അഡിക്ഷൻ സെന്ററുകളിലെത്തിച്ച് കൗൺസലിങ്ങിലൂടെയും മികച്ച ചികിൽസയിലൂടെയും രോഗിയെ മരണത്തിൽ നിന്നും രക്ഷിക്കാം. കരളിനെ ഒാർത്ത് മദ്യം വർജിക്കുകയാണ് ഏറ്റവും നല്ല മാർഗം. ഒാർക്കുക കരളിന്റെ ആരോഗ്യമാണ് നിങ്ങളുടെ ആയുസിന്റെ ദൈർഘ്യത്തെ നിയന്ത്രിക്കുന്ന ഒരു ഘടകം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. മുഹമ്മദ്
ഡോ. ജിജോ വി ചെറിയാൻ
സ്റ്റാർകെയർ ഹോസ്പിറ്റൽ
കോഴിക്കോട്