Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓപ്പറേഷനിടെ ഡോക്ടർ എങ്ങനെ നൃത്തം ചെയ്യും?

dance

ഓപ്പറേഷനിടെ സർജനും നഴ്സും നൃത്തം ചെയ്യുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. അവരുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങളും നടക്കുന്നുണ്ട്. കൊളംബിയയിലെ മെഡലിനിലെ പ്ലാസ്റ്റിക് സർജൻ ഡേവിഡ് മജാനയും നഴ്സ് ആഞ്ജലിക്കാ മെജിയയും ആണ് വിഡിയോയിലെ കഥാപാത്രങ്ങൾ. ശസ്ത്രക്രിയാമുറിയിലെ പ്രകടനം സഹപ്രവർത്തകരിലാരോ യുട്യൂബിൽ അപ്്‌ലോഡ് ചെയ്തതോെടയാണു സംഭവം ലോകമറിഞ്ഞത്. യൂട്യൂബിൽ ഇതിനോടകം മൂന്നു ലക്ഷത്തിലേറെപ്പേർ കണ്ടതോടെ നഗരസഭാ അധികൃതരും ഇടപെട്ടു.

ഡേവിഡ് മജാന ജോലിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു മാത്രമല്ല രോഗിയോട് അനാദരവു കാട്ടുകയും ചെയ്തെന്നാണ് മെഡലിൻ സിറ്റി കൗൺസിലർ ബെർനാഡോ അലജാന്ദ്രോ ഗൂവേറ പ്രതികരിച്ചത്. വിഡിയോ വൈറലായതോടെ മജാനയുടെ രോഗികളിൽ പലരും നിയമനടപടിക്കൊരുങ്ങുകയാണെന്നും വിവരമുണ്ട്. മജാനയുടെ ചികിൽസയിലിരിക്കെ ഇൗ വർഷമാദ്യം ഒരു നാൽപ്പത്തിരണ്ടുകാരൻ മരിച്ചതും സംശയത്തോടെയാണു ബന്ധുക്കൾ കാണുന്നത്. ഭൂരിപക്ഷം പേരും പ്രതിഷേധിക്കുമ്പോൾ, ഡോക്ടർ ആസ്വദിച്ചു ജോലി ചെയ്യുകയല്ലേയെന്നു ചിലർ അഭിപ്രായപ്പെട്ടതു മാത്രമാണ് മജാനയ്ക്കു തെല്ല് ആശ്വാസം നൽകുന്നത്.

എന്നാൽ യഥാർഥത്തിൽ ഒരു ഓപ്പറേഷൻ തിയേറ്ററിൽ സംഭവിക്കുന്നതെന്താണ് ? ടെൻഷനടിച്ചിരിക്കുന്ന രോഗിയുടെയും ബന്ധുക്കളുടെയും മാനസികാവസ്ഥ മനസ്സിലാക്കാതെ ഉല്ലാസപ്രദമായാണോ കാര്യങ്ങൾ ചെയ്യുന്നത്? ഒരിക്കലുമല്ല. ഒരു സർജറി തിയേറ്റർ എങ്ങനെയാണെന്നു നമുക്കു നോക്കാം.

സാധാരണയായി സർജിക്കൽ തിയേറ്റർ ഏറ്റവും ശുഷ്കാന്തിയോടെ കൈകാര്യം ചെയ്യേണ്ട ഭാഗമാണ്. തിയേറ്ററിനകത്ത് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. കൈ കഴുകുന്നതിൽ തുടങ്ങി സർജറി കഴിഞ്ഞു രോഗിയെ പോസ്റ്റ് ഓപ്പറേറ്റീവിലേക്കു മാറ്റുന്നതു വരെയുള്ള കാര്യങ്ങളിൽ കൃത്യമായ രീതികളും നടപടിക്രമങ്ങളുമുണ്ട്. അതുവളരെ ശുഷ്കാന്തിയോടെ പാലിച്ചാൽ മാത്രമേ ശസ്ത്രക്രിയയ്ക്കു മികച്ച ഫലമുണ്ടാകൂ.

കാലാകാലങ്ങളായി വികസിപ്പിച്ചെടുത്ത അറിവുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ശാസ്ത്രീയമായും ശുഷ്കാന്തിയോടെയുമാണ് സർജറി കൈകാര്യം ചെയ്യുന്നത്. പുറത്തു കാണുന്ന പല സംഗതികളും അതുപോലെ സീരിയസായി സംഭവിക്കുന്നതാകില്ല. തിയേറ്ററിനകത്ത് ചിലപ്പോൾ ഡോക്ടർമാരുടെ ഒരു ലോബി ഉണ്ടാകാം, ചായയോ കാപ്പിയോ കുടിക്കാനുള്ള സൗകര്യമുണ്ടാകാം, ചിലയിടങ്ങളിൽ തിയേറ്ററിൽ സംഗീതം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കുന്നുണ്ടാകാം. ഇതെല്ലാം കാര്യക്ഷമത കൂട്ടാനും അന്തരീക്ഷം മെച്ചപ്പെടുത്താനുമാണ്. പല ആൾക്കാരും ഇതിനെ തെറ്റിദ്ധരിക്കാറുമുണ്ട്. തിയേറ്ററിനകത്ത് ഭക്ഷണം കഴിക്കുന്നെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിക്കാം. ഇതൊക്കെ ഒപ്പറേഷൻ നടക്കുന്ന സ്ഥലത്തുനിന്നു മാറി പ്രത്യേക ഇടത്താണ് ചെയ്യാറുള്ളത്. ഏതു സ്ഥാപനത്തിലായാലും മര്യാദകളെല്ലാം പാലിച്ച് വളരെ ഗൗരവത്തോടെ മാത്രമേ ഓപ്പറേഷനുകൾ നടത്താറുള്ളു.

ഏതു ചികിത്സയിലും സ്ട്രെസ് സിറ്റുവേഷൻ അനുഭവപ്പെടാം. അതിന്റെ പോസിറ്റീവ് വശം ഉൾക്കൊണ്ട് രോഗിയും ബന്ധുക്കളും ഡോക്ടറുമായി സഹകരിക്കുമ്പോഴാണ് ചികിത്സ ഫലപ്രാപ്തിയിലെത്താറുള്ളതും.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ശ്രീജിത് എൻ കുമാർ
ഐഎംഎ കേരള ഘടകം മുൻപ്രസിഡന്റ്

Your Rating: