Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ ഫോൺ കൗമാരക്കാരുടെ ഉറക്കം കളയും

teanage-mobile

മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളിൽ ഒന്നു കൂടി. കൗമാര പ്രായക്കാരുടെ ഉറക്കം കളയുന്നതു മൊബൈൽ ഫോൺ ആണത്രേ. കൗമാരക്കാർ പകൽ ഉറക്കം തൂങ്ങുന്നതും ഫോണിൽ സംസാരിക്കുന്നതുമായി ബന്ധം ഉണ്ടെന്ന് കനേഡിയൻ ഗവേഷകർ പറയുന്നു. ഈ ഉറക്കക്കുറവ് ആരോഗ്യത്തെയും സാമൂഹ്യ ബന്ധങ്ങളെയും ബാധിക്കും എന്ന് സ്ലീപ്പ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഇലക്ട്രോണിക് മീഡിയയോടൊപ്പമാണ് ഇന്ന് കൗമാരക്കാരുടെ ജീവിതം. വിഡിയോ ഗെയിം, ടിവി, ഫോൺ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളോടൊപ്പം കൗമാരപ്രായക്കാർ എത്രസമയം ചെലവഴിക്കുന്നുണ്ടെന്നും വായനയ്ക്കും ഹോം വർക്കു ചെയ്യാനും ചെലവഴിക്കുന്ന സമയവും അറിയാൻ പഠനത്തിൽ പങ്കെടുത്തവർക്ക് ഒരു ചോദ്യാവലി നൽകി. 14 മുതൽ 16 വയസുവരെ പ്രായമുള്ള 1200 ഹൈസ്കൂൾ വിദ്യാർഥികളിലാണ് പഠനം നടത്തിയത്. ഇവർ ദിവസവും ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയവും ചോദിച്ചു.

ദിവസവും രണ്ടു മണിക്കൂറിലധികം കംപ്യൂട്ടറും വിഡിയോ ഗെയിമുകളും ഉപയോഗിക്കുന്നവർ ഇത് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉറങ്ങുന്നസമയം കുറവാണെന്നു കണ്ടു. കൗമാരപ്രായക്കാരിലൊരാൾ എന്ന തോതിൽ ദിവസവും രണ്ടു മണിക്കൂറിലധികം കംപ്യൂട്ടർ ഉപയോഗിക്കുന്നു. ഇവർ 8 മണിക്കൂറിൽ കുറവാണ് ഉറങ്ങുന്നത്. രണ്ടു മണിക്കൂറിലധികം ടിവികാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നവർക്കും ഉറക്കം കുറവായിരിക്കുമെന്നു കണ്ടു.

വളരണമെങ്കിൽ കുട്ടികൾക്ക് ഉറക്കം ആവശ്യമാണ്. ഉറക്കം കുറയുന്നത് വിഷാദരോഗം വരാനും ശ്രദ്ധ, ചിന്ത ഇവയെല്ലാം കുറയാനും ശരീരഭാരം കൂടാനും കാരണമാകും.

രക്ഷിതാക്കൾ ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പുമുറിയിൽ ഉപയോഗിക്കാതെ കുട്ടികൾക്ക് മാതൃകയാവണമെന്നും ആരോഗ്യകരമായ ഉറക്കശീലം കുട്ടികൾക്ക് പകർന്നു നൽകണമെന്നും ഗവേഷകർ പറയുന്നു. കുട്ടികൾ കൂടുത‌ൽ സമയം കംപ്യൂട്ടർ, ഫോൺ, ടെലിവിഷൻ സ്ക്രീനുകൾക്കു മുന്നിൽ ചെലവിടുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നു പഠനം പറയുന്നു.