Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റയിൽവേ യാത്രക്കാർക്ക് ഇനി ‘ശ്വാസംമുട്ടാത്ത യാത്ര’

tvm-railway

ദീർഘദൂരയാത്ര ചെയ്യുന്ന ഒട്ടുമിക്ക യാത്രക്കാരുടെയും ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥയിൽ ശ്വാസതടസ്സമുണ്ടാകാം. ഇത്തരത്തിലുണ്ടാകുന്ന ശ്വാസതടസ്സമാണ് യാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. ശ്വാസ തടസ്സം അനുഭവപ്പെടുന്ന ഒരു വ്യക്തിക്ക് അടിയന്തര ചികിത്സ നൽകാൻ ഇനി പുതിയ സെന്ററിലൂടെ സാധിക്കും. അടുത്തുള്ള സ്റ്റേഷനുകളിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്രതിരിക്കുന്ന ഒരു യാത്രികന് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കാം. തീവണ്ടി പ്ലാറ്റ്ഫോമിൽ എത്തിച്ചേരുമ്പോൾ വീൽചെയറുമായി മെഡിക്കൽ സംഘം രോഗിക്കായി കാത്തുനിൽക്കും.

ശേഷം മെഡിക്കൽ സെന്ററിലെ നബുലൈസർ ഉപയോഗപ്പെടുത്തി രോഗിക്കു ചികിത്സയും നൽകും. ഒരുപക്ഷേ നില ഗുരുതരമാണെങ്കിൽ ആംബുലൻസിലെ ഐസിയുവിൽ പ്രവേശിപ്പിക്കും. തുടർന്നു രോഗി നിർദേശിക്കുന്ന ആശുപത്രിയിൽ സൗജന്യമായി തന്നെ ജീവനക്കാർ എത്തിക്കുന്നതാണ്. അപകടമുണ്ടാകുന്ന സന്ദർഭങ്ങളിൽ യാത്രക്കാരുടെ അവസ്ഥ പരിഗണിച്ചാണു മെഡിക്കൽ സെന്ററിൽ ചികിത്സ നൽകുന്നത്. അവയവങ്ങൾ നഷ്ടപ്പെടുകയോ നില ഗുരുതരമാകുകയോ ചെയ്താൽ സെന്ററിൽ നിന്നു രോഗിയെ ആശുപത്രയിലേക്കു മാറ്റും. യാത്രാർക്ക് ഉണ്ടാകുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്നമാണു ഹൃദയത്തിന്റെ താളം തെറ്റുന്ന അവസ്ഥ. ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ അത്യാധുനിക സംവിധാനമായ ഡിഫ്രിജറേറ്ററും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

പലപ്പോഴും യാത്രയ്ക്കിടെ ഹൃദയമിടിപ്പ് അനിയന്ത്രിതമായി ഉയരാറുണ്ട്. ഡിഫ്രജറേറ്ററിന്റെ സഹായത്തോടെ രോഗിക്കു ഷോക്ക് നൽകിയാണു ‍ഹൃദയതാളം നിയന്ത്രിക്കുന്നത്. ഇതിനു പുറമെ അടിയന്തിര ചികിത്സാസഹായ സെന്ററിലെ മറ്റൊരു പ്രധാനപ്പെട്ട ഉപകരണമാണു കാർഡിയാക് മോണിറ്റർ. രക്തസമ്മർദം,‍ ഹൃദയമിടിപ്പ്, പൾസ്, മിനിറ്റിലെ ശ്വാസമെടുപ്പ്, ഹൃദയത്തിലെ ഓക്സിജന്റെ അളവ് എന്നിങ്ങനെ അ‍ഞ്ചു കാര്യങ്ങൾ പരിശോധിക്കുന്നതിനു കാർഡിയാക് മോണിറ്റർ ഉപയോഗപ്പെടുത്താം. ദൂരെയുള്ള പ്ലാറ്റ്ഫോമിലോ മറ്റു സ്ഥലങ്ങളിലോ യാത്രക്കാരൻ കുഴഞ്ഞുവീണാൽ യാത്രക്കാരനു സംഭവസ്ഥലത്തു ചെന്നു ശ്വാസം നൽകുന്ന ആംബുബാഗ് ഉപകരണവും എയർവേ കിറ്റും ഇവിടെയുണ്ട്.

അപകടത്തിൽ അവയവങ്ങൾ നഷ്ടമായാൽ അവ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ട്രോമാ കിറ്റിന്റെ സേവനവും രോഗികൾക്കു ലഭിക്കും. കേരളത്തിൽ ആദ്യമായിട്ടാണു റെയിൽവേ സ്റ്റേഷനിൽ ഇത്തരത്തിലൊരു അടിയന്തര ചികിത്സാ സെന്റർ ആരംഭിക്കുന്നത്. പിആർഎസിന്റെ സഹായത്തോടെ ഇനി എറണാകുളത്താണു സെന്റർ തുടങ്ങുന്നത്. തമ്പാനൂരിൽ ആരംഭിച്ച മെഡിക്കൽ കേന്ദ്രത്തെക്കുറിച്ചു മികച്ച പ്രതികരണമാണുണ്ടാകുന്നത്.