Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടചികിൽസയ്ക്കു മൂന്നു ഘട്ട വിദഗ്ധ ചികിൽസാ പദ്ധതി വരുന്നു

car-accident

വാഹനാപകടം ഉണ്ടായാൽ അടുത്ത നിമിഷം ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് പാഞ്ഞെത്തുന്നു. പ്രാഥമിക ചികിൽസ ആംബുലൻസിൽ തന്നെ നൽകിയ ശേഷം തൊട്ടടുത്ത ആശുപത്രിയിലേക്കു പായുന്നു. രോഗി ആശുപത്രിയിൽ എത്തുമ്പോഴേക്ക് ആരോഗ്യ സ്ഥിതി സംബന്ധിച്ച എല്ലാ വിവരങ്ങളും ഇലക്ട്രോണിക് ആരോഗ്യ കാർഡിലൂടെ ഡോക്ടറുടെ കംപ്യൂട്ടറിൽ ലഭ്യം.

വിദേശരാജ്യങ്ങളിൽ അപകടരക്ഷാ സംവിധാനത്തിന്റെ വിവരണമല്ല ഇത്. അടുത്തുതന്നെ കേരളത്തിൽ ആരോഗ്യ വകുപ്പ് ഒരുക്കാൻ ശ്രമിക്കുന്ന അപകടരക്ഷാ ചികിൽസാ സംവിധാനമാണു സംസ്ഥാനത്തെ വാഹനാപകടങ്ങൾ കുറയ്ക്കുകയും രോഗിക്ക് ഉടൻ ഏറ്റവും മികച്ച ചികിൽസ നൽകുകയും ചെയ്യുകയാണു പദ്ധതിയുടെ ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർണ സജ്ജമാക്കാനാണ് ആരോഗ്യ വകുപ്പു ലക്ഷ്യമിടുന്നത്.

പ്രാഥമിക ചികിൽസ, അടിയന്തര ചികിൽസ, വിദഗ്ധ ചികിൽസ എന്നിങ്ങനെ മൂന്നു തട്ടിൽ ആശുപത്രികൾ, രോഗികളെ എത്തിക്കാൻ 108 ആംബുലൻസുകൾ, രക്ത ബാങ്ക് അടക്കമുള്ള അനുബന്ധ സംവിധാനങ്ങൾ, ഇവയെ നിയന്ത്രിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കോൾ സെന്റർ എന്നിവയാണു പദ്ധതിയുടെ ഘടകങ്ങൾ. പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് ആരോഗ്യ വകുപ്പു സംസ്ഥാന സർക്കാരിനു നൽകി.

സംസ്ഥാന, ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങൾ പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സഹായത്തോടെ കണ്ടെത്തുകയാണ് ആദ്യ ഘട്ടം. അപകടങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഈ മേഖലകളെ തരം തിരിച്ച് അപകട ഭൂപടം തയാറാക്കും. അടുത്ത ഘട്ടത്തിൽ മൂന്നു തട്ടിലുള്ള ആശുപത്രികൾ കണ്ടെത്തി സജ്ജമാക്കും. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആശുപത്രികൾ ഇതിൽ ഉൾപ്പെടും. താഴേത്തട്ടിലുള്ള ആശുപത്രികളിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം രോഗികളെ ആവശ്യാനുസരണം വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലേക്കു മാറ്റും.

ഓരോ അപകട മേഖലകളോടും അനുബന്ധിച്ചുള്ള ആശുപത്രി വിവരം കോൾ സെന്ററിൽ ലഭ്യമാക്കും. അപകടം നടന്നാൽ കോൾ സെന്ററിൽനിന്ന് ആംബുലൻസ് അയയ്ക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ വിവരമറിയിക്കും. അടുത്ത ഘട്ടത്തിൽ വ്യക്തികളുടെ ചികിൽസാ വിവരങ്ങൾ ശേഖരിച്ച സ്മാർട് കാർഡ് സജ്ജമാകുന്നതോടെ ഇതും ആശുപത്രികൾ‌ക്കു കൈമാറും. 540 ആംബുലൻസുകളാണു പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുന്നത്.

നിലവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സർവീസ് കോർപറേഷനു പ്രത്യേക ദൗത്യച്ചുമതല നൽകിയാണു പദ്ധതി നടപ്പാക്കുന്നത്. അതിനിടെ, ആംബുലൻസുകളുടെ നടത്തിപ്പു തങ്ങളെ ഏൽപ്പിക്കണമെന്നു വ്യവസായ വകുപ്പ് ആവശ്യപ്പെട്ടതോടെ തർക്കം രൂപപ്പെട്ടിട്ടുണ്ട്. 

Your Rating: