Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സേ നീ എവിടെയാണ്?

superstition-treatment

വിശ്വാസത്തിന്റെ പേരിൽ തട്ടിപ്പുകൾ ഏറുന്ന ഒരു കാലമാണിത്. മിക്കപ്പോഴും ചില കുട്ടിദൈവങ്ങളുടെ കരവിരുതുകളാണിതിനു പിന്നിൽ. വളരെ വൈകിയാകും തങ്ങൾ ഇത്തരക്കാരുടെ ചതിയിൽപ്പെട്ടിരിക്കുകയാണെന്നു പലരും അറിയുന്നത്.

അനുഭവകഥകൾ പറയുന്നത്
പത്തുവയസ്സുള്ള ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുടെ അനുഭവകഥയാണിത്. മാതാപിതാക്കളുടെ കൂടെ അമേരിക്കയിൽ താമസം. അവിടെ ഡോക്ടേഴ്സിനെ കൊണ്ടു വിദഗ്ധചികിത്സ നടത്തുകയും ഭാവി ജീവിതത്തിന് ആവശ്യമായ പരിശീലനം കൊടുക്കുകയും ചെയ്തുവന്നു. തങ്ങളുടെ കുട്ടിക്കു ബാധിച്ചിരിക്കുന്ന വൈകല്യത്തിൽ നിന്ന് ഏതുവിധേനയും പൂർണമായും അവളെ കരകയറ്റണം എന്നു മാതാപിതാക്കൾ ആഗ്രഹിച്ചു. അങ്ങനെയിരിക്കുമ്പോൾ സകുടുംബം അവർ അവധിക്കു നാട്ടിലെത്തി. നാട്ടുചികിത്സ കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുമോ എന്നു പരീക്ഷിക്കുന്നതിനുവേണ്ടി കുട്ടിയെ മുത്തശ്ശനെയും മുത്തശ്ശിയെയും ഏല്പിച്ചു മാതാപിതാക്കൾ അമേരിക്കയിലേക്കു തിരികെ പോയി. അവർ പല ആയൂർവേദ, ഹോമിയോപ്പതി, അലോപ്പതി ഡോക്ടർമാരെക്കൊണ്ടു പരിശോധിപ്പിച്ചു. ഇപ്പോൾ നൽകുന്നതിൽ കവിഞ്ഞ ചികിത്സ കുട്ടിക്കു നൽകാൻ ആർക്കും സാധിക്കില്ല എന്ന വസ്തുത അവർക്കു മനസ്സിലായി.

അങ്ങനെയിരിക്കുമ്പോൾ ചിലരുടെ ഉപദേശപ്രകാരം അവർ ഒരു വൈദികനെ സമീപിച്ചു. വൈദികൻ പറഞ്ഞു അല്പം താമസിക്കും, എങ്കിലും ആറുമാസംകൊണ്ടു വ്യത്യാസം വരും ആറുമാസക്കാലം എല്ലാ ബുധനാഴ്ചയും മുത്തശ്ശനും മുത്തശ്ശിയും ഉപവാസത്തോടുകൂടി വൈദികന്റെ കൂടെ പ്രാർത്ഥനയിൽ ചെലവിടുകയും പല നേർച്ചകാഴ്ചകൾ അനുഷ്ഠിക്കുകയും വേണം. അപ്രകാരം അവർ ചെയ്തു. പ്രത്യേകിച്ചു കുട്ടിക്ക് ഒരു വ്യത്യാസവും ഉണ്ടായില്ല എന്നുമാത്രമല്ല മുപ്പതിനായിരം രൂപയോളം വിവിധകർമങ്ങൾക്കും നേർച്ചകാഴ്ചകൾക്കുമായി ചെലവാകുകയും ചെയ്തു.

23 വയസ്സുള്ള മനോരോഗിയായ ഒരു പെൺകുട്ടിയുടെ കഥ അറിയാം. പ്രേതബാധയാണ് എന്നു പറഞ്ഞ് ഒരു മന്ത്രവാദി മൂന്നുമാസക്കാലം ചികിത്സിച്ചു. പല മന്ത്രതന്ത്രങ്ങളും പ്രയോഗിച്ചു ഫലമുണ്ടായില്ല. ഒരു പ്രയോജനവും കാണാത്തതുകൊണ്ട് മറ്റൊരു വൈദികനെ സമീപിച്ചു.

എല്ലാദിവസവും പ്രാർഥിച്ചു വെള്ളം കൊടുക്കുന്നതിന് 15 ദിവസം ഈ കുട്ടിയെ വൈദികന്റെ അടുക്കൽ കൊണ്ടുചെല്ലണം എന്നു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രാർഥിച്ചു വാഴ്ത്തി കൊടുത്ത വെള്ളം വൈദികന്റെ മുഖത്തു തുപ്പിയതുകാരണം ഇനി എന്നും കുട്ടിയെ കൊണ്ടുവരണ്ട. ഞാൻ പ്രാർഥിച്ചു തരുന്ന വെള്ളം വീട്ടിൽ കൊണ്ടുപോയി കൊടുത്താൽ മതി എന്നായി വൈദികൻ. ഈ സമയം കൊണ്ടു വൈദികനും മന്ത്രവാദിക്കും വേണ്ടി 25,000 രൂപയോളം ചെലവാക്കി ഫലമോ ഈ പെൺകുട്ടിയുടെ രോഗം പഴകുന്നതിനും ചികിത്സ കൂടുതൽ ദൈർഘ്യം ഉള്ളതാകുന്നതിനും ഇടയായി എന്നതും.

ശത്രുവിന്റെ ഉപദ്രവം, കൂടോത്രം ഇവ നമ്മുടെ നാട്ടിൽ സാധാരണ കേൾക്കുന്ന വാക്കുകളാണ്. പല രോഗങ്ങളുടെയും കാരണം ഇതിൽ ഏതെങ്കിലും ഒന്നിന്റെ മേൽ കെട്ടിവയ്ക്കുന്നതിനുള്ള ഈ കുട്ടിദൈവങ്ങളുടെയും അവരുടെ ആശ്രിതരുടെയും വിരുത് ഒന്നുവേറെ തന്നെയാണ്.

ഒരിക്കൽ ഒരു കുട്ടിദൈവം സൗഖ്യത്തിനുവേണ്ടി സമീപിച്ച കൂട്ടരോടു ചോദിച്ചു അയൽവക്കത്ത് നിങ്ങളോട് നീരസം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന്. മറുപടി ഇല്ല എന്നായിരുന്നു. ഉടൻ കുട്ടിദൈവം കല്പിച്ചു:നീരസം ഇല്ല എങ്കിലും നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയ ഉള്ളവർ ഉണ്ട് എന്ന്. അങ്ങനെ സന്തോഷമായും സമാധാനമായും അയൽവക്കത്ത് ജീവിച്ചുവന്നവരെ വലിയ ശത്രുക്കൾ ആക്കുന്നതിന് ഈ സംഭവം ഇടയാക്കി. അതിനുശേഷം അവർ ചെയ്ത ദോഷം മാറ്റുന്നതിനു കുട്ടിദൈവം പിശാചിനെ ഒഴിപ്പിക്കലും ബഹളവും തുടങ്ങി. ഇതിനെല്ലാം ചെലവായ തുകയാകട്ടെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

കെണിയിലാകുന്നതു മനോരോഗികൾ
ഈ രീതിയിലുള്ള ചതിയിൽപെടുന്നതു കൂടുതലായും മാനസികരോഗികളാണ്. ഇവർക്കു യഥാർഥ ലോകവുമായുള്ള ബന്ധം വളരെ കുറവാണ്. മറ്റുള്ളവർ പറയുന്നതു മനസ്സിലാക്കുന്നതിനും ചിന്തിച്ചു പ്രവർത്തിക്കുന്നതിനുമുള്ള ശക്തിയും നഷ്ടപ്പെടുന്നു. ഇങ്ങനെയുള്ള വ്യക്തികളെ ഭൂതത്തിന്റെയും പ്രേതത്തിന്റെയും പേര് പറഞ്ഞ്, ദൈവശക്തിയുണ്ട് എന്നു സ്വയം ഭാവിച്ച് ചെറിയ ഞൊടുക്കുവിദ്യകൾ കാണിച്ച് ചൂഷണം ചെയ്യുന്ന സംഭവങ്ങൾ അനവധിയാണ്.

പണ്ടു കാലത്തു ഭൂതത്തെ പുറത്താക്കുന്ന ഈ കൂട്ടരെ വിളിച്ചിരുന്നത് വിസാർഡ് പ്രീസ്റ്റ്സ് എന്നാണ്. ഇവർ കർമം തുടങ്ങുമ്പോൾ വലിയ ശക്തിയുടെ ഉടമകളായി മാറുന്നതായി ഭാവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യും. അവർ പൂജിക്കുന്ന ദേവന്റെപേര് ആ ശക്തിക്കു നൽകും. യേശു, മാതാവ്, പരിശുദ്ധന്മാർ, ചില ദേവാലയത്തിലെ പ്രത്യേക ദേവന്മാർ, ദേവിമാർ ഇങ്ങനെ ശക്തിയുടെ ഉറവിടത്തിന്റെ പട്ടിക നീളുന്നു. ഈ കുട്ടി ദൈവങ്ങൾ കർമത്തിൽ പങ്കുചേരുന്നവരോട് ഉറക്കെ തങ്ങൾ പൂജിക്കുന്ന ദൈവത്തിന്റെ നാമം അട്ടഹസിക്കുന്നതിന് ആവശ്യപ്പെടും. ചിലർ അപശബ്ദങ്ങൾ പുറപ്പെടുവിക്കുകയും തുള്ളിച്ചാടുകയും ബഹളം വയ്ക്കുകയും ചെയ്യും.

ഈ രീതിയിലുള്ള ക്രിയകൾ ചെയ്യുന്ന പുരോഹിതന്മാർ ചെറിയതോതിലുള്ള മാനസികരോഗികളാണ്. ഈ മാതിരിയുള്ള ശാരീരികമാനസികവ്യായാമം അവരുടെതന്നെ അടിച്ചമർത്തിവച്ചിരിക്കുന്ന മാനസിക വികാരങ്ങൾ തൽക്കാലത്തേക്കു മാറി കിട്ടുന്നതിനു സഹായിക്കും. അവർ കാട്ടിക്കൂട്ടൂന്ന വിക്രിയകൾ അവരിലെ മാനസികരോഗത്തിന്റെ ഒരു പ്രതിഫലനമാണ്.

മനോരോഗവും ആദിമചിന്തകളും
മാനസികരോഗത്തെക്കുറിച്ച് ആദിമമനുഷ്യരും ഇത്തരം ചിന്തകൾ വച്ചു പുലർത്തിയിരുന്നു. പ്രേതഭൂതങ്ങൾ മനുഷ്യനെ കീഴടക്കുന്നതാണു മാനസികരോഗത്തിന്റെ കാരണം എന്നു മനുഷ്യർ വിശ്വസിച്ചിരുന്നു. തലയോട്ടിക്കുള്ളിലാണ് ഇവ വസിക്കുന്നതെന്നും അതു കാരണം ഇതിനെ പുറത്തു ചാടിക്കുന്നതിനു തലയോട്ടിയിൽ കുഴിയുണ്ടാക്കിയതായി പോലും ചരിത്രത്തിൽ കാണാം.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രേറ്റസാണ് ഈ തെറ്റായ ചിന്താഗതികൾക്കു വിരാമമിട്ടത്. മനസ്സിന്റെ സമനില തെറ്റുന്ന അവസ്ഥ ഒരു തരം രോഗമാണ് എന്ന് അദേഹം സിദ്ധാന്തിച്ചു. ബിസി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹിപ്പോക്രേറ്റസിന്റെ ഈ ചിന്താഗതി, മാനസികരോഗികൾക്കു പീഡനത്തിൽ നിന്നും മോചനം നൽകി. അങ്ങനെ മറ്റു പല മതചടങ്ങുകളിൽ നിന്നുള്ള വിമോചനത്തിന്റെ ആരംഭവും കുറിക്കപ്പെട്ടു. എഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻവൈദ്യശാസ്ത്രജ്ഞനായ ഗാലൻ ഈ ചിന്താഗതിയോടു യോജിച്ച് , ശരീരത്തിലെ ദ്രാവകങ്ങളെ രോഗകാരണമായി കണ്ടു ചികിത്സ നടത്തി. മസ്തിഷ്കത്തിലെ തകരാറുമൂലം മാനസികരോഗം ഉണ്ടാകാം എന്ന് ആധുനിക വൈദ്യശാസ്ത്രത്തിലെ പഠനങ്ങൾ പിന്നീടു തെളിയിച്ചു. അതുപോലെ മസ്തിഷ്കത്തിൽ ഉള്ള ജീവ — രാസവ്യവസ്ഥയിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മാനസികരോഗത്തിന്റെകാരണങ്ങളായി ഇന്നു വ്യക്തമായി മനസ്സിലായിട്ടുണ്ട്. അപ്രകാരം ആധുനിക മരുന്നുകളുടെ സഹായത്തോടെയാണ് അവയെ ഇന്നു ചികിത്സിക്കുന്നത്.

പ്രാരംഭത്തിൽതന്നെ കണ്ടുപിടിച്ചാൽ മിക്കവാറും മാനസികരോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാം. രോഗം പഴകും തോറും ചികിത്സ ഫലപ്രദമാകാതെയും വരും. അതുകൊണ്ടുതന്നെ മാനസികപ്രശ്നങ്ങളുള്ളവരെ വിശ്വാസചികിത്സയ്ക്കും മന്ത്രവാദികൾക്കും ഇരയാകുന്നതിനു മുമ്പ് നാം ഒന്നു ചിന്തിക്കുക

മനസ്സേ നീ എവിടെയാണ്?
ശരിക്കും പറ. എന്താ നിന്റെ മനസ്സിൽ ?

ജീവിതത്തിൽ ഒരിക്കലെങ്കിലും ആരും ആരോടും ചോദിക്കുന്ന, ചോദിക്കാവുന്ന ഒരു ചോദ്യം. കാരണം ലളിതമാണ്. കാലം മുന്നേറിയിട്ടും സാങ്കേതികവിദ്യ പുരോഗമിച്ചിട്ടും ഒരാളുടെ മനസ്സ് അറിയാനുള്ള വിദ്യ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതു പലപ്പോഴും ചില നിസ്സാഹായവസ്ഥകളിലും നമ്മെക്കൊണ്ടെത്തിക്കാറുണ്ട്. അതുകൊണ്ടാണല്ലോ ഇനി എന്തുവേണം മനസ്സു തുറന്നു കാണിക്കണോ? എന്ന് നാം ചോദിച്ചുപോകുന്നത്.

മനസ്സ് ഹൃദയത്തിലാണെന്നും അല്ല കരളിലാണെന്നുമൊക്കെ മുമ്പ് നാം പലരീതിയിൽ കരുതിയിരുന്നു.അതുകൊണ്ടാണ് കരളലിയിക്കുന്ന കഥകൾ ഹൃദയാലുവായ മനുഷ്യൻ എന്നൊക്കെ പറയുന്നത്.

അറിഞ്ഞോ അറിയാതെയോ നാം ദിവസവും മനസ്സിനെക്കുറിച്ചു സംസാരിക്കുന്നു. എന്നാൽ, എന്താണ് ശരിക്കും മനസ്സ് എന്നു പറയുന്ന ഈ പ്രതിഭാസം? അതിനു കരളുമായും ഹൃദയവുമായുമെല്ലാം ബന്ധമുണ്ടോ?

ആധുനികപഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ച് മനസ്സിന്റെ ഉറവിടം അഥവാ മനസ്സു മാറ്റങ്ങളുടെ ഉത്തരവാദി തലച്ചോറാണ്. തലച്ചോറിലെ നാഡികളുടെയും രാസപദാർഥങ്ങളുടേയുമൊക്കെ പ്രവർത്തനഫലമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് മനസ്സ് എന്നു പറയുന്നത്. അബോധമനസ്സായാലും ഉപബോധമനസ്സായാലും ബോധമനസ്സായാലും തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. തുറന്നുകാണിക്കാൻ പറ്റും വിധം ശരീരത്തിൽ അടക്കി വച്ചിരിക്കുന്ന ഒരു അവയവമല്ല അത്. തലച്ചോറിനു മരണം സംഭവിച്ചാൽ പിന്നെ മനസ്സില്ല. തലച്ചോറിലെ, പ്രത്യേകഭാഗങ്ങളിലുള്ള പ്രത്യേക അനുപാതത്തിലുള്ള ന്യൂറോട്രാൻസ്മിറ്ററുകൾ എന്ന രാസപദാർഥങ്ങളാണ് നമ്മുടെയെല്ലാം മാനസ്സിക ഭാവങ്ങളിലെ വൈവിധ്യങ്ങൾക്കു കാരണം. ഇതിനു ജീനുകളുമായും ബന്ധമുണ്ട്. നമ്മളിലെ ജനിതകഅംശമാണ് ഈ അനുപാതങ്ങളും മറ്റും നിർണയിക്കുന്നത്. ദേഷ്യം, വൈരാഗ്യബുദ്ധി തുടങ്ങിയുള്ള വികാരങ്ങളുടെ അടിസ്ഥാനവും തലച്ചോറാണ്. ഈ അടിസ്ഥാനങ്ങളെ ശരിയായി മനസ്സിലാക്കിയാൽ ഇവയെ ക്രമപ്പെടുത്താനും സാധിക്കും . മനസ്സുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളുടെയും കാരണം തലച്ചോറിലെ രാസസന്തുലനാവസ്ഥയിൽ ഉണ്ടാകുന്ന വ്യത്യയാനങ്ങൾ തന്നെയാണ്. അതുകൊണ്ടാണ് ഒൗഷധങ്ങൾ വഴി തുലനാവസ്ഥ വീണ്ടെടുക്കുമ്പോൾ മാനസികരോഗം ഭേദമാകുന്നത്.

ഡോ. എ.ജെ ജോൺ
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് നാക്കട മിഷൻ ഹോസ്പിറ്റൽ
തിരുവല്ല

ഡോ. സി. പി.സോമനാഥ്
സൈക്യാട്രിസ്റ്റ്, ലേക്‌ഷോർ, ഹോസ്പിറ്റൽ
എറണാകുളം

Your Rating: