Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുനിസെഫ് പ്രവർത്തനങ്ങൾ അഭിനന്ദാർഹം: ഗവർണർ

unicef

ലോകരാജ്യങ്ങൾക്കിടയിലും ഇന്ത്യയിലും കേരളത്തിലും യുനിസെഫ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമെന്ന് ഗവർണർ പി.സദാശിവം. യുനിസെഫ് എഴുപതാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1946 ഡിസംബർ 11 ന് രൂപീകൃതമായതുമുതൽ ദേശീയത, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ വിവേചനങ്ങൾക്ക് ഉപരിയായി യുനിസെഫ് ലോകവ്യാപകമായി സഹായവും സേവനവും നൽകുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും പ്രതീക്ഷക്കുള്ള അവസരമുണ്ടെന്നാണ് യുനിസെഫ് വിശ്വസിക്കുന്നത്. 1965 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനവും 1989 ൽ സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി പുരസ്ക്കാരവും യുനിസെഫിന് ലഭിച്ചു. കുടുംബശ്രീ പദ്ധതിയുടെ ഉദ്ഭവവും കേരളം സമ്പൂർണ്ണ ശിശുസൗഹൃദ ആശുപത്രികളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതും യുനിസെഫ് പദ്ധതികളിലൂടെയാണ്. കുട്ടികളിൽ രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ കെടുതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ യുനിസെഫ് കുഞ്ഞുങ്ങൾക്കാവശ്യമായ ഭക്ഷണം, വസ്ത്രം, ആരോഗ്യരക്ഷ എന്നിവ നൽകുന്നതിൽ ശ്രദ്ധ ചെലുത്തുന്നതായും ഗവർണർ വ്യക്തമാക്കി.

unicef-lapel

ഗവൺമെന്റ്, ജനപ്രതിനിധികൾ, നീതിന്യായ സംവിധാനം, പൊതു സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സ്വകാര്യമേഖല തുടങ്ങയിവയോടു ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ യുനിസെഫ് ശ്രമിക്കുന്നതായി യുനിസെഫ് കേരള- തമിഴ്നാട് വിഭാഗം മേധാവി ജോബ് സഖറിയ പറഞ്ഞു. 1949 ൽ രാജ്യത്ത് ആദ്യത്തെ പെൻസിലിൻ പ്ളാന്റ് സ്ഥാപിക്കാൻ യുനിസെഫ് പിന്തുണ നൽകി. 1950 ൽ ഗുജറാത്തിൽ ആനന്ദിനുവേണ്ടി ആദ്യത്തെ പാൽ സംസ്ക്കരണ ശാല സ്ഥാപിക്കുന്നതിന് സഹായം നൽകുന്നതിലൂടെ ക്ഷീരവിപ്ളവത്തിൽ പങ്കാളിയായി. വരൾച്ചക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എഴുപതുകളുടെ അവസാനം പ്രത്യേക ഹാൻഡ് പമ്പുകൾ യുനിസെഫ് വികസിപ്പിച്ചു. ഈ സാങ്കേതിക വിദ്യ ഇപ്പോൾ 40 രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. 1985ൽ ഏശിലമ വിരകളുടെ നിർമാർജനത്തിനും 2012ൽ പോളിയോ നിർമാർജനത്തിനും യുനിസെഫ് ഗവർണമെന്റിന് പിന്തുണ നൽകി. 2019ൽ ഇന്ത്യയെ വെളിയിട വിസർജന മുക്തമാക്കുക എന്ന പ്രധാനമന്ത്രിയുടെ സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ വാഷ് എന്ന പേരിലുള്ള ശുചീകരണ പദ്ധതി യുനിസെഫ് സ്കൂളുകളിൽ നടപ്പിലാക്കി വരുന്നതായും ജോബ് സഖറിയ പറഞ്ഞു. എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് സമൂഹത്തിലെ ദുർബലരും പ്രാന്തവൽക്കരിക്കപ്പെട്ടവരുമായ കുട്ടികളുടെ ആരോഗ്യം, പോഷണം, ശുദ്ധജലം, ശുചിത്വം, വിദ്യാഭ്യാസം, അതിക്രമങ്ങൾ - ചൂഷണം- ദുരുപയോഗം എന്നിവയിൽ നിന്നുള്ള സംരക്ഷണം, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പങ്കാളിത്തം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിന് യുനിസെഫ് പിന്തുണ നൽകുന്ന സംയോജിത ശിശു വികസന പദ്ധതി സഹായകമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ ശോഭ കോശി പറഞ്ഞു. ലൈംഗികാതിക്രമത്തിലും ചൂഷണത്തിലും നിന്ന് പോക്സോ നിയമം കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്നതായും സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. യുന്നിസെഫ് സെലിബ്രിറ്റി സപ്പോർട്ടർ ഗോപിനാഥ് മുതുകാട്, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് സുഗത റോയി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജെ.എ.ജെസീന്ത എന്നിവർ പ്രസംഗിച്ചു.

യുനിസെഫ്; എപ്പോഴും കുട്ടികൾക്കുവേണ്ടി

കുട്ടികളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായാണ് ആഗോള തലത്തിൽ യുനിസെഫിന്റെ എല്ലാ പ്രവർത്തനങ്ങളും. 190 രാജ്യങ്ങളിലായി യുനിസെഫ് പ്രവർത്തിക്കുന്നു. പരിത്യജിക്കപ്പെട്ടവരും പ്രാന്തവൽക്കരിക്കപ്പെട്ടവരുമടക്കം എല്ലാ വിഭാഗം കുട്ടികളുടെയും ക്ഷേമമാണ് യുനിസെഫിന്റെ പ്രവർത്തന ലക്ഷ്യം. ഇതിനായുള്ള പ്രായോഗിക പരിപാടികൾ പ്രതിബന്ധതയോടെ ശ്രദ്ധകേന്ദ്രീകരിച്ച് നടപ്പിലാക്കുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.