Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവകം ഡി കുറഞ്ഞാൽ?

vitd

നിങ്ങൾ വെയിൽ കൊള്ളാറുണ്ടോ ? പൂർണമായും സസ്യഭുക്കാണോ ? പാൽ അലർജി ഉള്ള ആളാണോ ? ഇതിനെല്ലാം 'അതെ' എന്നാണുത്തരം എങ്കിൽ ജീവകം ഡിയുടെ അഭാവം നിങ്ങളിലുണ്ടാകാം. സൂര്യ പ്രകാശമേൽക്കുമ്പോൾ നമ്മുടെ ശരീരം ഉല്പാദിപ്പിക്കുന്ന ജീവകമാണിത്. ചിലയിനം മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, ചില ധാന്യങ്ങൾ, പാലുല്പന്നങ്ങൾ ഇവയിൽ നിന്ന് മിതമായ തോതിൽ ജീവകം ഡി ലഭിക്കും.

എല്ലുകൾക്ക് ശക്തി നൽകാൻ ജീവകം ഡി കൂടിയേ തീരൂ. ഈ ജീവകമാണ് ഭക്ഷണത്തിൽ നിന്ന് കാൽസ്യം ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുന്നത്. ജീവകം ഡിയുടെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് റിക്കറ്റ്സ്.

ടൈപ്പ് 1, ടൈപ്പ് 2, പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഗ്ലൂക്കോസ് ഇൻടോളറൻസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് മുതലായ നിരവധി രോഗങ്ങളെ തടയാനും രോഗ ചികിത്സയ്ക്കും ജീവകം ഡി പ്രധാന പങ്കു വഹിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ജീവകം ഡിയുടെ കുറവ് മധ്യവയസോ അതിനു മുകളിലോ പ്രായമുള്ള പുരുഷന്മാരിൽ ശക്തമായ തലവേദനയ്ക്ക് കാരണമാകുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.

ജീവകം ഡിയുടെ അളവ് വളരെ കുറഞ്ഞ വ്യക്തികളിൽ കൂടുതലുള്ളവരെ അപേക്ഷിച്ച് ഗുരുതരമായ തലവേദനയ്ക്കുള്ള സാധ്യത ഇരട്ടിയാണത്രെ.

ജീവകം ഡിയുടെ കുറവുമൂലം പേശികൾക്കും അസ്ഥികൾക്കും വേദനയുണ്ടാകും. നിരവധി നാഡി രോഗങ്ങൾ (ന്യൂറോ വാസ്കുലാർ ഡിസീസസ്)ക്കും കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.

ജീവകം ഡിയുടെ അളവ് കുറയുംതോറും നിരവധി രോഗങ്ങൾക്കുള്ള സാധ്യതയും ഏറും എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

42 മുതൽ 60 വയസുവരെ പ്രായമുള്ള 2,600 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ജീവകം ഡിയുടെ അളവും തലവേദനയും തമ്മിലുള്ള ബന്ധം പരിശോധിച്ചു. ഇവരിൽ 68 ശതമാനം പുരുഷന്മാർക്കും ജീവകം ഡിയുടെ അളവ് ലിറ്ററിൽ 50 നാനോ മോൾസ് എന്നതോതിലും കുറവായിരുന്നു. ഇവർ ജീവകം ഡിയുടെ അഭാവം എന്ന അവസ്ഥയ്ക്ക് വളരെ അടുത്താണ്.

(ഒരു മില്ലി ലിറ്ററിൽ 20 നാനോ ഗ്രാം മുതൽ 50 നാനോഗ്രാം വരെയാണ് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ ആവശ്യമായ ജീവകം ഡിയുടെ അളവ്)

ജീവകം ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശം ആണ്. എന്നാൽ സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ഏല്ക്കുന്നവർ, തങ്ങൾക്ക് ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ജീവകം ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഗവേഷകർ പറയുന്നു.

ഈസ്റ്റേൺ ഫിൻലൻഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനം സയന്റിഫിക് റിപ്പോർട്ട്സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നു.