Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളത്തിൽ വീണുള്ള അപകടത്തിൽ വയറ്റിൽ അമർത്തി വെള്ളം കളയാമോ?

Heart massage of victim of accident

സിനിമയിൽ നമ്മൾ കാണുന്ന ഒരു കാഴ്ചയുണ്ട്, കുളത്തിലോ പുഴയിലോ വീണ് അപകടത്തിൽപ്പെട്ട ആളെ രക്ഷപ്പെടുത്തികൊണ്ടുവന്നു കരയിൽ കിടത്തിയശേഷം വയറ്റിൽ അമർത്തുന്നത്. ഒരാൾ വെള്ളത്തിൽ വീണ് അപകടത്തിൽപ്പെട്ടാൽ മുകളിൽ വിവരിച്ചരീതി ശാസ്ത്രീയമായ പ്രഥമശൂശ്രൂഷയാണോ? ഇത്തരം സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്? മനസ്സിലാക്കാം.

അപക‌ടങ്ങൾ പലതരം
വെള്ളത്തിൽ വീണുള്ള അപകടങ്ങൾ പലതരത്തിലുണ്ടാകാറുണ്ട്. കിണർ, കുളം, കടൽ, സ്വമ്മിങ് പൂൾ, പുഴ തുടങ്ങിയിടങ്ങളിൽ വച്ചാണ് അപകടങ്ങൾ സംഭവിക്കാറ്. ഇത്തരം അപകടങ്ങൾ മരണത്തിലേക്ക് നയിക്ക‍ുന്നത് രണ്ടു തരത്തിലാണ്. വെള്ളത്തിൽ വീഴുമ്പോൾ ആമാശയത്തിലേക്ക് വെള്ളം കയറും മുമ്പ്തന്നെ ശ്വാസകോശത്തിൽ വെള്ളം നിറയും. തുടർന്ന് ശ്വാസതടസ്സം നേരിട്ട് തലച്ച‍ോറിലേക്കുള്ള ഒാക്സിജൻ കുറഞ്ഞ് മസ്തിഷ്കമരണം സംഭവിക്കാം. പെട്ടെന്നുള്ള വീഴ്ചയുടെ ഷോക്കിൽ ശ്വാസനാളത്തിന്റെ വാതിൽ പെട്ടെന്ന് അടഞ്ഞുപോകും. അങ്ങനെബോധാവസ്ഥയിലേക്ക് വ്യക്തി പോകാം. വെള്ളത്തിൽ വീണാൽ രണ്ടോ മൂന്നോ മിനിറ്റിൽ ബോധം നഷ്ടപ്പെടാം. അഞ്ച് മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള ഒാക്സിജൻ സപ്ലൈ കുറയും. 5–10 മിനിറ്റനുള്ളിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ തലച്ചോറിനു തകരാർ സംഭവിക്കും.

അപകടത്തിൽപ്പെ‌ട്ട് ആളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു മലർത്തി കിടത്തണം. ആദ്യം നോക്കേണ്ടത് വ്യക്തിക്കു ബോധമുണ്ടോ, ശ്വാസമുണ്ടോ എന്നാണ്. ഇതു രണ്ടും ഇല്ലെങ്കിൽ അർഥം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലച്ചിരിക്കുന്നു എന്നാണ്. കാർഡിയോ പൾമണറി അറസ്റ്റ് എന്ന ഗുരുതരമായ അവസ്ഥയാണിത്. ഇത്തരം സാഹചര്യത്തിൽ ആദ്യം ചെയ്യേണ്ടത് ആളുടെ വായ് തുറന്നു നോക്കണം. നമ്മുടെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്ന തരത്തിൽ ചെളിയോ അഴുക്കോ വായ്ക്കുള്ളിൽ അടഞ്ഞിരിക്കുന്നുവെങ്കിൽ ഒരു തുണി വിരലിൽ ചുറ്റി, അതു വായ്ക്കുള്ളിലേക്ക് കടത്തി എല്ലാം നീക്കം ചെയ്യണം. തുടർന്ന് സിപിആർ നൽക്കണം. 30 തവണ നെഞ്ചിൽ അമർത്തിയാൽ രണ്ട് തവണ വായിൽക്കൂടി ശ്വാസം നൽകണം അതായത് 30:2 എന്ന അനുപാതത്തിൽ. മിനിറ്റിൽ 100 കംപ്രഷനെങ്കിലും നൽകണം. കംപ്രഷൻ നൽകുമ്പോൾ നെഞ്ച് അഞ്ച് സെൻറീമ‍ീറ്ററെങ്കിലും താഴണം. വാഹനത്തിൽ കയറ്റിയ ശേഷവും സിപിആർ നൽക‍ുന്നത് തുടരണം. ഇറുകിയ വസ്ത്രങ്ങളാണെങ്കിൽ അതു മുറിച്ചെടുക്കാം.

ബോധമില്ല, പക്ഷേ ശ്വാസമുണ്ട്
അപകടത്തിൽപ്പെട്ട വ്യക്തിക്കു ബോധമില്ല, പക്ഷേ ശ്വാസമെടുക്കുന്നുണ്ട‌െങ്കിൽ മുമ്പ് വിവരിച്ചതുപോലെ തുണി കൊണ്ട് വായിലെ തടസ്സങ്ങൾ ആദ്യം നീക്കം ചെയ്യണം. താടി അൽപ്പം ഉയർത്തിപ്പിടിച്ച് ക‍ൂടുതൽ ആയാസരഹിതമായി ശ്വാസമെടുക്കാൻ സഹായിക്കാം. തുടർന്ന് വൈദ്യസഹായം നൽകുക. ‌ചുമയ്ക്കുന്നുണ്ടെങ്കിൽ പേടിക്കേണ്ടതില്ല, അകത്തുള്ള വെള്ളം പുറത്തു കളയാൻ വേണ്ടി ശരീരം തന്നെ ചെയ്യുന്നതാണത്.

‌എടുക്കുമ്പോൾ ശ്രദ്ധിക്കുക
സ്വിമ്മിങ് പൂളിലോ കിണറ്റിലോ വീണുള്ള അപകടങ്ങളിലെ ആഘാതം റോഡപകടങ്ങളിലേതിനു സമാനമാണ്. വെള്ളത്തിൽ വീണയാളെ എ‌ടുക്കുമ്പോൾ പ്രത്യക്ഷത്തിൽ പരിക്കൊന്നും തിരിച്ചറിയണമെന്നില്ല. അതുകൊണ്ടുതന്നെ അപകടത്തിൽപ്പെട്ട വ്യക്തിയെ എടുക്കുമ്പോൾ‍ കഴുത്തിന് നല്ല ശ്രദ്ധവേണം. വായ് തുറന്നു നോക്കുമ്പോഴും സിപിആർ നൽകുമ്പോഴും കഴുത്ത് അധികം ചലിക്കാതെ നോക്കണം.

അപകടത്തിൽപ്പെട്ട വ്യക്തിക്കു രക്തസ്രാവമുണ്ടെങ്കിൽ വൃത്തിയുള്ള ‌ടൗവ്വൽ കൊണ്ട് മുറിവ് പറ്റിയ ഭാഗം അമർത്തി പിടിക്കുക. സാധാരണ രക്തസ്രാവം അഞ്ചു മിനിറ്റിനുള്ളിൽ നിയന്ത്രണവിധേയമാകും. എന്നാൽ ആഴത്തിലുള്ള മുറിവാണെങ്കിൽ (വലിയ രക്തക്കുഴൽ മുറിഞ്ഞിട്ടുണ്ടാകാം) ആശുപത്രിയിലെത്തിക്കും വരെ മുറിവ‍ിൽ തുണി കൊണ്ട് അമർത്തിപ്പിടിക്കണം. ഒന്നിൽക്കൂടുതൽ ചെറിയ മുറിവുകൾ ഉണ്ടെങ്കിൽ കെട്ടിവയ്ക്കാം. ഒടിവ് പറ്റിയെന്നു സംശയമുണ്ടെങ്കിൽ ലഭ്യമായ വസ്തു (പുസ്തകമോ വടിയോ) കൊണ്ട് ആ ഭാഗം സ്പ്ലിൻറ് ചെയ്യാം.

വയറ്റിലെ വെള്ളം
അപകടത്തിൽപ്പെട്ട ആളുടെ വയറ്റിൽ അമർത്തി വെള്ളം പുറത്തു കളയുക എന്നത് അശാസ്ത്രീയ മാർഗമാണ്. വയറ്റിൽ പോയ വെള്ളത്തെ കുറ‍ിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല. അതു മൂത്രമായി പുറത്തുപോകും. ഇങ്ങനെ ചെയ്യുന്നതിലും ചില അപകടങ്ങൾ ഉണ്ട്. വെള്ളത്തിൽ വീണ് ബോധം നഷ്ടപ്പെ‌ട്ട അവസ്ഥയിലാണ് വ്യക്തിയെങ്കിൽ വയറ്റിൽ ഞെക്കുമ്പോൾ വെള്ളത്തിനൊപ്പം തൊട്ടു മുമ്പ് കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾ കൂടി കയറി വരും. അബോധാവസ്ഥയിലാണെങ്കിൽ ശ്വാസകോശത്തിലേക്കാണ് അവശിഷ്ടങ്ങൾ കയറിപ്പോവുക. ഇതു ചിലപ്പോൾ പെട്ടെന്നുള്ള മരണത്തിനു കാരണമാകാം. വായിൽ കൂടി വെള്ളം വലിച്ചെടുക്കുന്നതും അശാസ്ത്ര‍ീയമാണ്.

രക്ഷിക്കാൻ ശ്രമിക്കുമ്പോൾ
ഒരാൾ മുങ്ങുന്നതു കണ്ടാൽ കൂടെ എടുത്തുചാടി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് അപകടമാണ്. പരിശീലനം സിദ്ധിച്ചവർ മാത്രമേ ഇതിനു മുതിരാവൂ. അല്ലാത്തപക്ഷം അപകടത്തിൽപ്പെ‌ട്ട വ്യക്തി നമ്മളെ കയറിപ്പിപിടിച്ച് ആഴത്തിലേക്ക് വലിക്കാൻ സാധ്യതയുണ്ട്. മുങ്ങുന്ന ആൾക്ക് ഒരു കയറോ നീളമുള്ള വടിയോ എറി‍ഞ്ഞു കൊടുക്കാം. രക്ഷാപ്രവർത്തനത്തിനായി കിണറ്റിൽ ഇറങ്ങുമ്പോഴും സ്വന്തം ശരീരത്തിൽ കയർ കെട്ടിയ ശേഷം മാത്രം ഇറങ്ങുക.

ഡോ. വേണുഗോപാലൻ പി.പി
ഡയറക്ടർ, എമർജൻസി മെഡിസിൻ, ആസ്റ്റർ ഡി. എം.ഹെൽത് കെയർ