Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ധരുടെ കയ്യിലെ ‘വെള്ള വടി’ ദിനം ഇന്ന്

stick-day

കണ്ണടച്ചിരുട്ടാക്കുന്നത് ഒരു കളിയാണ്. ഇരുൾ നിറഞ്ഞ ഭക്ഷണശാലയിൽ കറുത്ത തുണി കൊണ്ടു കണ്ണുമൂടി കയ്യിൽ വടിയും പിടിച്ചു നടക്കുക. പടിക്കെട്ടുകളും ചരിവുകളുമുള്ള, നിങ്ങൾ എന്നും പോകുന്ന ഭക്ഷണശാലയിലെ പതിവു സീറ്റ് കണ്ടുപിടിക്കാൻ ഒന്നു ശ്രമിച്ചുനോക്കാം. എത്രയോ പ്രാവശ്യം കാലിടറി വീണുപോകുന്നു അല്ലേ? സീറ്റ് എവിടെയാണ്... കണ്ടെത്താൻ കഴിയുന്നില്ല...

അന്ധത വിചാരിച്ചതിനേക്കാളേറെ ഭയപ്പെടുത്തുന്ന ഒരു നിമിഷമാണിതെന്ന് നിങ്ങൾ അറിയുന്നു. ഭക്ഷണശാലകളാകട്ടെ മറ്റേതെങ്കിലും ഇടമാകട്ടെ, എല്ലാ ഇന്ദ്രിയശേഷിയും ഉള്ളവർക്കു മാത്രം വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്നു തിരിച്ചറിയുകയും ചെയ്യാം. കണ്ണുകളുടെ പ്രകാശം എന്നേക്കുമായി കെട്ടുപോയവരുടെ നൊമ്പരം ഒരു നിമിഷത്തേക്കെങ്കിലും പകരാൻ ഈ കണ്ണടച്ചിരുട്ടാക്കൽ കളിക്കു കഴിഞ്ഞേക്കാം. ലോകത്തു പലയിടത്തും ഇന്ന് ഇതുപോലെയുള്ള കളികളുണ്ടാവും. ലോക വൈറ്റ് കെയ്‌ൻ സുരക്ഷാദിനമാണ് ഇന്ന്. ഡാർക് റെസ്‌റ്ററന്റ് ഗെയിം എന്ന ഈ കളി കാഴ്‌ചയില്ലാത്തവർ കാഴ്‌ചയുള്ളവർക്കായി സംഘടിപ്പിക്കുന്നതാണ്.

വൈറ്റ് കെയ്‌ൻ, വൈറ്റ്‌കെയ്‌ൻ സേഫ്‌റ്റി ദിനം

ലോകത്തെല്ലായിടത്തും കാഴ്‌ചയില്ലാത്തവർ സഞ്ചാരസഹായിയായി കൊണ്ടുനടക്കുന്ന ഉപകരണമാണ് വൈറ്റ് കെയ്‌ൻ. ഒപ്പം അന്ധതയുടെ സൂചകവുമാണ്. ഒരാൾ വൈറ്റ് കെയ്‌ൻ പിടിച്ചുനടന്നാൽ അന്ധനാണെന്നു തിരിച്ചറിയണം. ഒക്‌ടോബർ 15 ലോക വൈറ്റ് കെയ്‌ൻ ദിനമാണ്. അന്ധരുടെ സ്വാതന്ത്യ്രബോധത്തിന്റെയും നിശ്‌ചയദാർഢ്യത്തിന്റെയും പ്രഖ്യാപനമാണ് വൈറ്റ് കെയ്‌ൻ ദിനം. വൈറ്റ്‌കെയ്‌ൻ വെറുമൊരു വെള്ളവടിയല്ല. കാഴ്‌ചയില്ലാത്തവരുടെ കണ്ണ് എന്നാണ് വൈറ്റ് കെയ്‌നിന്റെ വിളിപ്പേര്. ലോകത്തെല്ലായിടത്തും കാഴ്‌ചയില്ലാത്തവർ ഇത് അഭിമാനപൂർവം കൊണ്ടുനടക്കുന്നു. ശരിയായ വൈറ്റ് കെയ്‌ൻ പരിശീലനം ലഭിച്ച ഒരാൾക്ക് ദൈനംദിന യാത്രകൾക്ക് മറ്റൊരാളിന്റെ തുണ വേണ്ടേവേണ്ട. ലോക വൈറ്റ് കെയ്‌ൻ നിയമനുസരിച്ച് വൈറ്റ് കെയ്‌ൻ ഉപയോഗിച്ച് ട്രാഫിക് പോലും നിർത്താം.

വെള്ളവടി നമ്മുടെ നാട്ടിൽ

കേരളത്തിൽ വൈറ്റ്‌കെയ്‌നിന്റെ പ്രചാരം വളരെ കുറവാണെന്നതാണ് യാഥാർഥ്യം. അന്ധവിദ്യാലയങ്ങളിൽപ്പോലുമില്ല ഇവിടെ വൈറ്റ് കെയ്‌ൻ കൊണ്ടുനടക്കുന്നവർ. കേരളത്തിലെ 90 ശതമാനം അന്ധരും വൈറ്റ് കെയ്‌ൻ ഉപയോഗിക്കാത്തവരോ വൈറ്റ് കെയ്‌നെപ്പറ്റി അറിയാത്തവരോ ആണ്. വൈറ്റ് കെയ്‌ൻ കൊണ്ടുനടക്കുന്നത് മിക്കവരും നാണക്കേടായി കണക്കാക്കുന്നു. മറ്റുള്ളവർ കളിയാക്കുമെന്ന ചിന്തയുമുണ്ട്. ഒരു നീളൻ വടിയും പിടിച്ചു നടക്കുന്നത് അസൗകര്യമാണെന്നും കരുതുന്നവരുണ്ട്.

തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വൈറ്റ് കെയ്‌ൻ ഉപയോക്‌താക്കൾ ഒരുപക്ഷേ വെള്ളായണിയിലെ ഇന്റർനാഷനൽ സെന്റർ ഫോർ സോഷ്യൽ ഒൻട്രപ്രനേഴ്‌സ് എന്ന സ്‌ഥാപനത്തിലായിരിക്കാം. ബ്രെയ്‌ലി വിതൗട്ട് ബോർഡേഴ്‌സ് എന്ന രാജ്യാന്തര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദേശ വിദ്യാർഥികളിൽ ഭൂരിപക്ഷം പേർക്കും വൈറ്റ് കെയ്‌ൻ മാത്രമാണ് സഞ്ചാരസഹായി. കേരളത്തിലെ അന്ധർ കൂടുതലും സഹായികൾക്കൊപ്പമാണ് പുറത്തിറങ്ങുന്നത്. വൈറ്റ് കെയ്‌ൻ ഉപയോഗം ഇവിടെ കുറവാണെന്നത് ദുഃഖകരമാണ്-ബ്രെയ്‌ലി വിതൗട്ട് ബോർഡേഴ്‌സ് സ്‌ഥാപകയും ഐഐഎസ്‌ഇ ഡയറക്‌ടറുമായ ജർമൻ സ്വദേശി സബ്രിയ ടെൻബർക്കൻ പറയുന്നു.