Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹൃദയം നിറഞ്ഞ’ ജനലക്ഷങ്ങളുടെ പ്രാർഥനയുണ്ട്, ഈ അഭിഭാഷകനു വേണ്ടി...

birender-sangwan

ഹൃദയധമനികളിലെ തടസ്സം മാറ്റുന്നതിനുപയോഗിക്കുന്ന ‘സ്റ്റെന്റ്’ എന്ന കുഞ്ഞൻ ഉപകരണം. ഇന്ത്യയിൽ മാത്രം പ്രതിവർഷം ലക്ഷക്കണക്കിനു പേർ ഇതുപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. പക്ഷേ വില കേട്ടാൽ ഞെട്ടും–ഒന്നര ലക്ഷത്തിലേറെ വരും. ഹരിയാനക്കാരനായ ബിരേന്ദർ സാങ്വാൻ എന്ന അഭിഭാഷകനും ഈ വില കേട്ട് ആദ്യമൊന്നു ഞെട്ടി. സംഗതി ഏറെ അത്യാവശ്യമുള്ളതാണ്, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതുമാണ്. പക്ഷേ ഇത്രയേറെ വിലയുടെ ആവശ്യമുണ്ടോ? ആ ഒരൊറ്റ ചോദ്യം രക്ഷിച്ചത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങളെയാണ്. സ്റ്റെന്റിന്റെ വില 85 ശതമാനം വരെ കുറച്ച തീരുമാനം അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമ്പോൾ അതിന് ചുക്കാൻ പിടിച്ചത് മുപ്പത്തിയേഴുകാരനായ ഈ അഭിഭാഷകനാണ്.

ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കഴിഞ്ഞ ഒരു സുഹൃത്തിനെ കാണാനായി ആശുപത്രിയിൽ പോയപ്പോഴാണ് കൃത്യമായ വില പോലും രേഖപ്പെടുത്താതെ വിൽപനയ്ക്കെത്തിച്ചിരിക്കുന്ന ലോഹ സ്റ്റെന്റ് ആദ്യമായി ബിരേന്ദറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ആശുപത്രിയിൽ അതിന് ഈടാക്കിയത് 1.26 ലക്ഷം രൂപ. ഇതിലെന്തോ കള്ളക്കളിയുണ്ടല്ലോ? ഡൽഹി ഹൈക്കോടതിയിലും രോഹിണി ജില്ലാകോടതിയിലും ബിരേന്ദർ പ്രാക്ടീസ് ചെയ്യുന്ന സമയമായിരുന്നു അത്. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി ആദ്യം ചെയ്തത് സ്റ്റെന്റിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. അങ്ങനെ കിട്ടിയ വിവരങ്ങളനുസരിച്ച് കേന്ദ്രആരോഗ്യമന്ത്രാലയത്തിന് ഒരു കത്തെഴുതി. സ്റ്റെന്റിന്റെ വില തോന്നിയപോലെയിട്ട് ആശുപത്രികൾ രോഗികളെ പിഴിയുന്നതിനെപ്പറ്റിയായിരുന്നു അത്. ഒരു വിവരാവകാശ അപേക്ഷയും നൽകി–സ്റ്റെന്റുകൾ മരുന്നുകളുടെയാണോ അതോ ലോഹങ്ങളുടെ വിഭാഗത്തിലാണോ പെടുത്തിയിരിക്കുന്നത് എന്നതായിരുന്നു ചോദ്യം?

ഉത്തരം വന്നു–സ്റ്റെന്റുകൾ മരുന്നുകളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. മാത്രവുമല്ല ഇവയെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത്രയേറെപ്പേർ ഉപയോഗിക്കുന്നതായിട്ടും അവശ്യമരുന്നുകളുടെ പട്ടികയിലും (National List of Essential Medicines (NLEM) ഇതിനെ ഉൾപ്പെടുത്തിയിട്ടില്ല! ആരോഗ്യമേഖലയിലുള്ളവർ തന്നെ ബിരേന്ദറിനോടു പറഞ്ഞു– വിലനിയന്ത്രണത്തിൽ സർക്കാർ ഇടപെടലില്ലാത്തതിനാൽ തോന്നിയ പോലെയാണ് ആശുപത്രികളും സ്റ്റെന്റിനു വിലയിടുന്നതെന്ന്. അങ്ങനെ 2014ൽ ഡൽഹി ഹൈക്കോടതിയിൽ ബിരേന്ദറിന്റെ ഹർജിയെത്തി–സ്റ്റെന്റുകളുടെ വിലനിയന്ത്രിക്കണമെന്നതായിരുന്നു ആവശ്യം. അതിൽ വിജയം കാണുകയും ചെയ്തു.

പക്ഷേ വിലനിയന്ത്രണം നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ല. കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് ബിരേന്ദർ വീണ്ടും നൽകിയ പരാതി പക്ഷേ ഫലംകണ്ടു. ഹൃദയത്തിലേക്കു രക്തമെത്തിക്കുന്ന ധമനികളിലെ തടസ്സമൊഴിവാക്കി തുറന്നിരിക്കാൻ ഉപയോഗിക്കുന്ന കൊറോണറി സ്റ്റെന്റുകൾ 2016 ജൂലൈയിൽ അവശ്യമരുന്നുകളുടെ പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തി. പിന്നെയും ആറുമാസമെടുത്തു വിലനിയന്ത്രണത്തിന്റെ പരിധിയിൽ സ്റ്റെന്റുകളെയും ഉൾപ്പെടുത്താൻ. രണ്ടര വർഷത്തോളം ബിരേന്ദർ നടത്തിയ പോരാട്ടം കഴിഞ്ഞ ദിവസം വിജയം കണ്ടു–സ്റ്റെന്റുകളുടെ വില 85 ശതമാനം വരെ കുറച്ച് കേന്ദ്രം ഉത്തരവിറക്കി, അതും എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണമെന്ന നിർദേശത്തോടെ. കേന്ദ്രം പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് കേരളത്തിലും ശക്തമായി നടപ്പാക്കാനാണു തീരുമാനം.

45,000 രൂപ വരെ വാങ്ങിയിരുന്ന ബെയർ മെറ്റൽ സ്റ്റെന്റുകൾക്ക് നിലവിൽ വാറ്റും മറ്റു നികുതികളുമുൾപ്പെടെ 7623 രൂപയാണ് മാക്സിമം റീട്ടെയ്‌ൽ പ്രൈസ്. ഒന്നേകാൽ ലക്ഷം വരെ വിലയിട്ടിരുന്ന മരുന്ന് ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റെന്റിന് 31,080 രൂപയും! ഇത്രയും നാൾ സ്റ്റെന്റിന്റെ പേരിൽ നടത്തിയ വെട്ടിപ്പ് ഇങ്ങനെ– വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതെന്ന പേരിൽ 1.65 ലക്ഷം വരെ വിലയിടുന്ന സ്റ്റെന്റ് ഉപയോഗിച്ചാൽ 30,000 രൂപയാണു ഡോക്ടർക്കു കമ്മിഷൻ ലഭിച്ചിരുന്നത്. ആശുപത്രിക്ക് 45,000 രൂപയും വിതരണക്കാരന് 7500 രൂപയും ടെക്നീഷ്യന്മാർക്കു 5,000 രൂപയും കിട്ടുന്ന വിധത്തിലായിരുന്നു സംവിധാനം. രക്തധമനിയിൽ 80% തടസ്സം ഉണ്ടെങ്കിൽ മാത്രം സ്റ്റെന്റ് ഉപയോഗിച്ചാൽ മതി എന്നിരിക്കെ, കമ്മിഷനിൽ മാത്രം കണ്ണുനട്ട് അനാവശ്യമായി സ്റ്റെന്റുകൾ ഉപയോഗിക്കാൻ തുടങ്ങി. 63% രോഗികളും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്ന കേരളത്തിൽ ഏറ്റവും വലിയ കൊള്ള നടന്നിരുന്നതും ഈ മേഖലയിലായിരുന്നു. ഇതിനാണിപ്പോൾ തട വീണിരിക്കുന്നത്.

പക്ഷേ സ്റ്റെന്റുകൾക്ക് വില കുറഞ്ഞപ്പോൾ കണ്‍സൽട്ടേഷൻ ഫീസും മറ്റുമായി ആൻജിയോപ്ലാസ്റ്റിയുടെ ചെലവ് കുത്തനെ കൂട്ടാനാണ് ആശുപത്രികളുടെ നീക്കം. ഇതിനെതിരെ നീങ്ങാനാണ് ഇനി ബിരേന്ദറിന്റെ തീരുമാനം. ഓർത്തോപീഡിക് ഇംപ്ലാന്റുകളുടെ വിലനിയന്ത്രണത്തിനുള്ള ശ്രമവുമുണ്ട് ഒപ്പം. അതിനുള്ള പ്രാരംഭപഠനവും ആരംഭിച്ചു കഴിഞ്ഞു. വൈകാതെ തന്നെ കോടതിയിലേക്കും നീങ്ങും. അതിനു കൂട്ടായി ‘ഹൃദയം നിറഞ്ഞ’ പ്രാർഥനകളുമായി ഒട്ടേറെ പേരാണല്ലോ ഇപ്പോൾ ബിരേന്ദറിനൊപ്പമുള്ളത്...