Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ചെറുപ്പക്കാർ ഈ കാര്യത്തിൽ പിന്നിലായതെന്തുകൊണ്ട്?

veg-eating

ഇന്ത്യയിലെ ചെറുപ്പക്കാർ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന കാര്യത്തിൽ പിന്നോട്ടാണെന്ന് സർവേ റിപ്പോർട്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദേശമനുസരിച്ച് 35 വയസിൽ താഴെ പ്രായമുള്ളവർ ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. എന്നാൽ ഇവിടുത്തെ ചെറുപ്പക്കാർ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ റിസേർച്ച് ഓൺ ഇന്റർനാഷണൽ എക്കണോമിക് റിലേഷൻസ് ആണ് ഇതു സംബന്ധിച്ച സർവേ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്..

സർവേയുടെ കണ്ടെത്തൽ പ്രകാരം ഇന്ത്യൻ യുവത്വം എളുപ്പത്തിൽ കിട്ടുന്നതും രുചികരവുമായ ഫാസ്റ്റ് ഫുഡിനു പിന്നാലെയാണ്. വീട്ടിൽ തയാറാക്കുന്ന ഭക്ഷണത്തേക്കാൾ ചെറുപ്പക്കാർക്കിഷ്ടം ഇത്തരം ഭക്ഷണ സാധനങ്ങളോടാണെന്ന് ഡൽഹിയിലെ ഐസിആർഐഇആറിലെ പ്രഫസർ അർപിത മുഖർജി പറയുന്നു. വീട്ടിൽ നിന്നും മാറി നിന്ന് പഠിക്കുന്ന കുട്ടികളും ജോലി ചെയ്യുന്ന ചെറുപ്പക്കാരും കൂടുതൽ ആശ്രയിക്കുന്നത് എളുപ്പത്തിൽ ലഭ്യമാകുന്ന ഇത്തരം ഭക്ഷണ സാധനങ്ങളേയാണ്. സമയക്കുറവും ജോലിത്തിരക്കുമൊക്കെയാണ് അവരെ ഇത്തരം ആരോഗ്യകരമല്ലാത്ത ഭക്ഷണശീലത്തിലേക്ക് വലിച്ചടിപ്പിക്കുന്നത്. മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദ്രാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്.

ഡബ്ലുഎച്ച്ഒ പാനലിന്റെ ഡയറ്റ് പ്രകാരം പോഷകത്തിനായും മറ്റു മാരക രോഗങ്ങളെ പ്രതിരോധിക്കാനായും ദിവസവും നാൽപതു ഗ്രാം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. ഉരുളക്കിഴങ്ങ്, മരച്ചീനി പോലുള്ള കിഴങ്ങുവർഗങ്ങളെ ഈ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഉയർന്ന വർഗവും മധ്യവർഗവുമൊന്നും ഭക്ഷണ കാര്യത്തിൽ ഈ മാനദണ്ഢങ്ങളൊന്നും പാലിക്കാറില്ലെന്നാണ് സർവേയുടെ കണ്ടെത്തൽ.

കഴിക്കാൻ പാകത്തിൽ പഴങ്ങളും പാകം ചെയ്ത പച്ചക്കറികളും പായ്ക്ക് ചെയ്തു കിട്ടാത്തതുകൊണ്ടാണു ഇവ കഴിക്കാത്തതെന്നാണു ഒരു കൂട്ടം ചെറുപ്പക്കാരുടെ വാദം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിച്ചാൽ സ്ട്രോക്കു പോലുള്ള നിരവധി അസുഖങ്ങളെ പ്രതിരോധിക്കാൻ കഴിയുമെങ്കിലും ഇതിലടങ്ങിയിരിക്കുന്ന കീടനാശിനികളെക്കുറിച്ചുള്ള ഭയമാണ് ചെറുപ്പക്കാരെ ഇതിൽ നിന്നകറ്റുന്നതെന്നാണ് ബംഗളുരു ഐഐഎം ലെ അസിസ്റ്റന്റ് പ്രഫസർ സൗവിക് ദത്ത പറയുന്നത്.

എന്തായാലും ഇന്ത്യയിലെ ചെറുപ്പക്കാർ ഭക്ഷണക്രമത്തിൽ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് സർവേ അഭിപ്രായം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.