Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവജാത ശിശുക്കളിൽ തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന വൈറസ് സിക യൂറോപ്പിലേക്ക്

int-zika-virus-mosquito-dc

റിയോ ഡി ജനീറോ ∙ ബ്രസീലും യുഎസും കടന്ന് സിക വൈറസ് യൂറോപ്പിലേക്ക്. നവജാതശിശുക്കളിൽ തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന വൈറസ് യൂറോപ്പിലും സ്ഥിരീകരിച്ചു. മെക്സിക്കോയും ബ്രസീലും സന്ദർശിച്ചു മടങ്ങിയെത്തിയ ഡെൻമാർക്കുകാരനായ യുവാവാണു യൂറോപ്പിലെ ആദ്യത്തെ സിക രോഗി. പിന്നാലെ, നെതർലൻഡ്സിൽ പത്തു പേർക്കും രോഗബാധ സ്ഥിരീകരിച്ചു. ബ്രിട്ടനിലും മൂന്നു പേർക്കു വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെൻമാർക്കിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ നില ആശങ്കാജനകമല്ലെന്ന് ആർഹുസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. പനിയും തലവേദനയും ശരീരവേദനയുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

യുഎസിലെ പ്യൂട്ടോ റിക്കോയിൽ 19 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഗർഭിണികളില്ല. ഗർഭിണികളിൽ സിക വൈറസ് ബാധയെ തുടർന്ന് ബ്രസീലിൽ ഇതുവരെ നാലായിരത്തോളം ശിശുക്കളാണ് തലയോട്ടി ചുരുങ്ങിയ അവസ്ഥയിൽ ജനിച്ചത്. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗം വ്യാപകമായി പടർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഗർഭിണികൾക്ക് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. പ്രതിരോധമരുന്നിനുള്ള അടിയന്തര ഗവേഷണത്തിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആഹ്വാനം ചെയ്തിട്ടുമുണ്ട്.

∙ സിക വൈറസ് – ഡെങ്കിപ്പനി, ചിക്കുൻഗുനിയ വൈറസുകൾക്കു സമാനം – പരത്തുന്നത് ഈഡിസ് കൊതുകുകൾ – ഈഡിസ് കൊതുകുകൾ പെറ്റുപെരുകന്നത് ചൂടുള്ള കാലാവസ്ഥയിൽ – ശൈത്യകാലാവസ്ഥയുള്ള ഇടങ്ങളിൽ രോഗം അത്ര എളുപ്പം പടരില്ല

∙ പ്രതിരോധ മരുന്നില്ല

∙ രോഗബാധ – ഏറ്റവും വലിയ ഭീഷണി ഗർഭിണികൾക്ക് – സിക വൈറസ് ബാധിച്ചാൽ ശിശുവിന്റെ തലയോട്ടി ചുരുങ്ങിയിരിക്കും. (മൈക്രോസെഫാലി) – ഗർഭിണികൾക്കും ചില സങ്കീർണരോഗാവസ്ഥയുള്ളവർക്കും അപകടം

∙ സിക വൈറസ് ചരിത്രം – ആദ്യമായി കണ്ടെത്തിയത് 1947ൽ, ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ – അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ആദ്യമായി കണ്ടെത്തിയത് 2014ൽ (2014–ലെ ലോകകപ്പ് ഫുട്ബോൾ കാണാനെത്തിയ വിദേശികളിലൂടെ വൈറസ് രാജ്യത്തു പ്രവേശിച്ചതെന്നാണ് ബ്രസീൽ അധികൃതർ കരുതുന്നത്)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.