Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക വൈറസ് മാരകമാണ്; കരുതിയിരിക്കുക ഗർഭിണികളും കുട്ടികളും

int-zika-virus-mosquito-dc

ആരോഗ്യമേഖലയെ ഭീതിയിലാഴ്ത്തി സിക വൈറസുകൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. നെതർലൻഡ്, ഡൻമാർക്ക്, ബ്രിട്ടൻ എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. അപകടകരമായ രീതിയിൽ സിക വൈറസുകൾ വളരുന്നതായി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് സിക വൈറസുകൾ?

1947–ൽ ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിലെ കുരങ്ങുകളിലാണ് രോഗം കണ്ടെത്തിയത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ആദ്യമായി കണ്ടെത്തിയത് 2014ൽ (2014–ലെ ലോകകപ്പ് ഫുട്ബോൾ കാണാനെത്തിയ വിദേശികളിലൂടെ വൈറസ് രാജ്യത്തു പ്രവേശിച്ചതെന്നാണ് ബ്രസീൽ അധികൃതർ കരുതുന്നത്.)

രോഗം പകരുന്നതെങ്ങനെ?

ചിക്കുൻഗുനിയ, ഡങ്കിപ്പനി തുടങ്ങിയവയ്ക്കു കാരണമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴിയാണ് വൈറസുകൾ പകരുന്നത്. ഗർഭിണികളിലാണ് ഇത് കൂടുതൽ മാരകമാകുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ജൻമനാ വൈകല്യങ്ങൾ, ബുദ്ധിമാന്ദ്യം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. കൂടുതൽ മാരകമായാൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയുമുണ്ട്. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഈഡിസ് കൊതുകു വഴിയുള്ള രോഗങ്ങളെല്ലാം ഇവിടെ വ്യാപിച്ചിട്ടുള്ളതിനാ‍ൽത്തന്നെ ജാഗ്രത പാലിക്കേണ്ടതാണ്.

2014–ൽ 3893 പേർക്കാണ് ഈ രോഗം ബാധിച്ചത്. ബ്രസീലിൽ വലിപ്പം കുറഞ്ഞ ശിരസുമായി നവജാതശിശുക്കൾ ജനിച്ചപ്പോഴാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച് മനസിലാകുന്നത്. ഗർഭകാലത്ത് അമ്മയെ കടിച്ച കൊതുകിലൂടെ വൈറസുകൾ കുഞ്ഞിലേക്ക് പ്രവേശിക്കുകയായിരുന്നു.

പ്രതിരോധം

കൊതുകു നിയന്ത്രണം തന്നെയാണ് പ്രതിരോധമാർഗം. കേരളമാകട്ടെ ഈഡിസ് കൊതുകുകൾ നന്നായിട്ടുള്ള പ്രദേശവുമാണ്. വേനൽക്കാലത്തു കാണപ്പെടുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കിയും ചുറ്റുപാടുകൾ വൃത്തിയാക്കിയും കൊതുകു വളരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുക. പനി കണ്ടു കഴിഞ്ഞാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ ഉടൻതന്നെ അടിയന്തിര ചികിത്സ തേടുക

ലക്ഷണം

വൈറൽ പനിയ്ക്കു സമാനമായ ലക്ഷണങ്ങൾ തന്നെയാണ് പ്രകടമാകുന്നത്. ശരീരവേദന, ശക്തമായ തലവേദന തുടങ്ങിയവ ഉണ്ടാകും. ഗർഭിണികൾ, പ്രായമായവർ തുടങ്ങി രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത് പെട്ടെന്ന് വ്യാപിക്കുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൻ ന്യുമോണിയ പിടികൂടാനുള്ള സാഹചര്യവുമുണ്ട്.

ചികിത്സ

ആന്റിവൈറൽ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ തന്നെ പനിയ്ക്കുള്ള മരുന്നുകളാണ് ഇപ്പോൾ നൽകുന്നത്. ഇതിനൊപ്പം തന്നെ പ്രതിരോധ ശേഷി വർധിപ്പിക്കാനായി പോഷകങ്ങൾ കൂടുതൽ അടങ്ങിയ ആഹാരങ്ങളും കഴിക്കണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. പത്മകുമാർ

പ്രഫസർ ഓഫ് മെഡിസിൻ

മെഡിക്കൽകോളജ്, തിരുവനന്തപുരം