Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാൽ?

kappalandi

നിലക്കടല കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. സിനിമാതീയറ്ററിലും ഉത്സവപ്പറമ്പുകളിലും വൈകുന്നേരത്തെ സൊറ പറച്ചിലിനിടയിലും അലസ നടത്തത്തിലും മിക്കവരുടെയും കയ്യിൽ ഒരു പൊതി കടല കാണും. എന്നാൽ ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കാറുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാവും ഉത്തരം. എങ്കിൽ ഇനി ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചു തുടങ്ങാം. കാരണം എന്തെന്നോ? ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒരു മാർഗം ആണത്രേ ഇത്.

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുമെന്ന് യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. അമിതവണ്ണവും പൊണ്ണത്തടിയും ഉള്ള 15 പുരുഷൻമാരിലാണ് പഠനം നടത്തിയത്. നിയന്ത്രിത ഭക്ഷണത്തോടൊപ്പം 85 ഗ്രാം പൊടിച്ച ഉപ്പില്ലാത്ത നിലക്കടല ഷേക്കിന്റെ രൂപത്തിൽ, പഠനത്തിൽ പങ്കെടുത്തവർക്ക് നൽകി.

കണ്‍ട്രോൾ ഗ്രൂപ്പിൽപ്പെട്ടവര്‍ക്ക് ഇതേ പോഷകഗുണവും ഇതേ അളവുമുള്ള ഷേക്ക് നൽകി. പക്ഷേ നിലക്കടല അതിൽ അടങ്ങിയിരുന്നില്ല.

30, 60, 120,140 മിനിറ്റുകൾക്ക് ശേഷം രക്തത്തിലെ ലിപ്പിഡ്, ലിപ്പോപ്രോട്ടീൻ, ഇൻസുലിൻ എന്നിവ അളന്നു. 

കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് നിലക്കടല ചേർന്ന ഭക്ഷണം കഴിച്ചവർക്ക് രക്തത്തിലടങ്ങിയ ഒരു തരം കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ അളവ് 32 ശതമാനം കുറഞ്ഞതായി കണ്ടു.

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചപ്പോൾ സാധാരണഗതിയിൽ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടേണ്ടതാണ്. നിലക്കടല കഴിക്കുന്നത് ഹൃദയധമനികളുടെ കോശങ്ങളെ ആരോഗ്യമുള്ളതാക്കുന്നു. കൂടുതൽ വഴക്കമുള്ളതായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

എപ്പോഴൊക്കെ നമ്മൾ ഭക്ഷണം കഴിച്ചാലും ഭക്ഷണശേഷം ഹൃദയധമനികള്‍ക്ക് കുറച്ചു കല്ലിപ്പുണ്ടാകും. എന്നാൽ ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാൽ അതു ധമനികളെ കാഠിന്യമുളളതാക്കുന്നതിൽ നിന്നും തടയുന്നു.

ധമനികളുടെ കട്ടികൂടൽ, ശരീരത്തിലെ രക്തപ്രവാഹത്തെ പരിമിതപ്പെടുത്തുകയും അതു കൊണ്ട് ഹൃദയത്തിന് കൂടുതൽ അധ്വാനിക്കേണ്ടതായും വരുന്നു. ഇത് കാലക്രമേണ ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങൾക്ക് കാരണമാകും.

‘‘ദീർഘകാലം ഹൃദയം കൂടുതൽ കഠിനമായി ജോലി ചെയ്യുമ്പോൾ അത് ഹൃദയ തകരാറിലേക്ക് നയിക്കും. ഭക്ഷണശേഷം ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുകയും ഇത് സ്വാഭാവികമായി ഹൃദയധമനികളുടെ വികാസം കുറയ്ക്കുകയും ചെയ്യും. എന്നാൽ ഭക്ഷണശേഷം ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുന്നത് തടയാൻ നിലക്കടലയ്ക്ക് കഴിയുന്നു’’. പഠനത്തിനു നേതൃത്വം നൽകിയ പെന്നി ക്രിസ് എതർടൺ പറയുന്നു. ന്യൂട്രീഷൻ എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.