Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിക്കോളൂ...

beetroot

ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളാണോ നിങ്ങൾ? എങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിക്കൊള്ളൂ. രക്തസമ്മർദ്ദം കുറച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാൻ ബീറ്റ്റൂട്ട് ജ്യൂസിനു കഴിയുമത്രേ.

ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും എന്ന് പഠനം. ഡയറ്ററി നൈട്രേറ്റ് ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദം കുറയ്ക്കാനായി രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന സംയുക്തമാണിത്. ഉയർന്ന രക്തസമ്മർദമാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്.

ബീറ്റ്റൂട്ട് സപ്ലിമെന്റ് സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ അമിത ഉദ്ദീപനത്തെ കുറയ്ക്കുന്നു. ഹൃദ്രോഗത്തോടൊപ്പം സംഭവിക്കുന്ന ഈ പ്രവർത്തനമാണ് ഹൃദയം കൂടുതൽ വേഗത്തിൽ മിടിപ്പിക്കുന്നതിനു കാരണം.

നട്ടെല്ലിന്റെ പുരോഭാഗത്തിന് ഇരുവശങ്ങളിലുമായി കഴുത്തു മുതൽ പൃഷ്ഠം വരെ ഒരു മാലപോലെ നീണ്ടുകിടക്കുന്ന ഗംഗ്ലിയോണുകൾ ഉൾപ്പെട്ടതാണ് സിമ്പതറ്റിക് നാഡീവ്യൂഹം. ഈ നാഡീതന്തുക്കള്‍ ആണ് രക്തവാഹികളിലെ മൃദുപേശികളിലെ നാഡീകരണം സാധ്യമാക്കുന്നത്. 

ശരാശരി 27 വയസ്സു പ്രായമുള്ള 20 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. രണ്ടു പരീക്ഷണങ്ങളിൽ പങ്കെടുത്ത ഇവർക്ക് നൈട്രേറ്റ് സപ്ലിമെന്റും പ്ലാസിബോ (ഡമ്മി) യും നൽകി.

രക്തസമ്മർദം, ഹൃദയമിടിപ്പ്, പേശികളിൽ സിമ്പതിക നാഡീവ്യൂഹത്തിന്റെ പ്രവർത്തനം എന്നിവ രേഖപ്പെടുത്തി. കൂടാതെ വെറുതെയിരിക്കുമ്പോഴും  വഴക്കം കുറഞ്ഞ കൈ ഉപയോഗിച്ച് വ്യായാമം ചെയ്യുമ്പോഴും പേശികളുടെ പ്രവർത്തനം അളന്നു.

ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചപ്പോൾ പേശികളിൽ സിമ്പതിക നാഡീവ്യൂഹത്തിന്റെ പ്രവർത്തനം കുറഞ്ഞതായി കണ്ടു. ബീറ്റ്റൂട്ട് ജ്യൂസിലൂടെ ലഭിക്കുന്ന നൈട്രേറ്റ് സപ്ലിമെന്റ് പേശികളെയും ശാന്തമാക്കുന്നു.

വിശ്രമിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും രക്തസമ്മർദത്തിൽ വ്യത്യാസമൊന്നും കണ്ടില്ല എന്നത് ഗവേഷകരെ അതിശയിപ്പിച്ചു.

മുൻപ് എക്സീറ്റർ സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ16 ശതമാനം കൂടുതൽ വ്യായാമം ചെയ്യാൻ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്.

കാനഡിയിലെ ഗുയേൽഫ് സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനത്തിലൂടെ ഡയറ്ററി നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്നു തെളിഞ്ഞു. ഡയറ്ററി നൈട്രേറ്റ് സപ്ലിമെന്റ് കേന്ദ്ര സിമ്പതിക നാഡീവ്യൂഹത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുക വഴിയാണ് ഹൃദയാരോഗ്യം ഏകുന്നത്.‍‍‍‌‌

ഫിസിയോളജി, ഹാർട്ട് ആൻഡ് സർക്കുലേറ്ററി ഫിസിയോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.