Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയതാളം ക്രമപ്പെടുത്താൻ ചോക്‌ലേറ്റ്

chocolate

ക്രമരഹിതമായ ഹൃദയതാളം പക്ഷാഘാതത്തിലേക്കും മറവിരോഗം, ഹൃദയാഘാതം ഇവയിലേക്കും നയിക്കാം. ക്രമരഹിതമായ ഹൃദയതാളം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു സംയുക്തം വൈദ്യശാസ്ത്ര രംഗത്തെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

വളരെ സാധാരണവും എന്നാൽ ഗുരുതരവുമായ  അവസ്ഥയാണ് ക്രമരഹിതമായ ഹൃദയതാളം അഥവാ ആർട്രിയൽ ഫൈബ്രിലേഷൻ. ഈ അവസ്ഥ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അദ്ഭുത വസ്തു ഏതെന്നോ? ചോക്‌ലേറ്റ്  ആണ് ഹൃദയത്തിനു ഗുണം ചെയ്യുന്ന ഈ വസ്തു. ഒരു ചെറിയ അളവ് ചോക്‌ലേറ്റ് എല്ലാ ആഴ്ചയും കഴിക്കുന്നത് ഹൃദയാരോഗ്യം ഏകുമത്രേ.

5500 ഡാനിഷ്  സ്ത്രീ പുരുഷന്മാരിൽ 16 വർഷക്കാലം നീണ്ടു നിന്ന പഠനത്തിലാണ് ചോക്‌ലേറ്റും ആർട്രിയൽ ഫൈബ്രിലേഷനും തമ്മിലുള്ള ബന്ധം കണ്ടത്. 50 നും 64 നും ഇടയില്‍ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിൽ ഇവരുടെ ഭക്ഷണരീതിയും പരിശോധിച്ചു.

മാസത്തിൽ ഒന്നു പോലും ചോക്‌ലേറ്റ് കഴിക്കാത്തവരെ അപേക്ഷിച്ച് മാസത്തിൽ ഒന്നു മുതൽ മൂന്നു തവണ വരെ കഴിക്കുന്നവർക്ക് ആർട്രിയൽ ഫൈബ്രിലേഷൻ വരാനുള്ള സാധ്യത 10 ശതമാനം കുറവാണെന്നു കണ്ടു.

വർഷം തോറും ദശലക്ഷക്കണക്കിനു പേർക്കാണ് ആർട്രിയല്‍ ഫൈബ്രിലേഷൻ ബാധിക്കുന്നത്. ഇത് രക്തം കട്ടപിടിക്കാനുള്ള അവസ്ഥ കൂട്ടുകയും അങ്ങനെ പക്ഷാഘാതം, ഹൃദയ സ്തംഭനം, മറ്റ് സങ്കീർണതകൾ ഇവയ്ക്കു കാരണമാകുകയും ചെയ്യുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.

പഠനത്തിൽ പങ്കെടുത്തവരുെട ഭക്ഷണ വിവരങ്ങൾ ഡെൻമാർക്കിന്റെ നാഷണൽ ഹെൽത്ത് റജിസ്റ്ററുമായി ബന്ധിപ്പിച്ച് ആർക്കൊക്കെ ആർട്രിയൽ ഫൈബ്രിലേഷൻ ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചു. ശരാശരി പതിമൂന്നര വർഷം കൊണ്ട് 3346 പേർക്ക് ഇത് ബാധിച്ചതായി കണ്ടു.

പഠനകാലയളവിന്റെ തുടക്കത്തിൽ ആഴ്ചയിൽ ഒരു തവണ 28.35 ഗ്രാം ചോക്‌ലേറ്റ്  കഴിച്ചവർക്ക് പഠനം തീരാറായപ്പോൾ ആർട്രിയൽ ഫൈബ്രിലേഷൻ ബാധിക്കുന്നത് 17% കുറവാണെന്നു കണ്ടു.

അതുപോലെ ആഴ്ചയിൽ 2 മുതൽ ആറ് ഔൺസ് വരെ ചോക്‌ലേറ്റ്  കഴിച്ചവർക്ക് ആർട്രിയൽ ഫൈബ്രിലേഷനുള്ള സാധ്യത 20 ശതമാനം കുറവാണെന്നു കണ്ടു.

സ്ത്രീകളിൽ ആഴ്ചയിൽ ഒരു തവണ ചോക്‌ലേറ്റ്  കഴിക്കുമ്പോഴും പുരുഷന്മാരിൽ 2 മുതൽ 6 തവണവരെ കഴിക്കുമ്പോഴുമാണ് രോഗസാധ്യതയിൽ കുറവ് കണ്ടത്.