Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാം പാലിന്റെ മേൻമകളും കുറവുകളും

milk

ജൂൺ ഒന്ന് ലോക ക്ഷീരദിനം. പാലിന്റെ മേൻമകളും കുറവുകളും അയവിറക്കാം...

ധോണിയുടെ പാലുകുടി

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വെളിപ്പെടുത്തിയ ഒരു സത്യമുണ്ട്: ‘‘എന്റെ ആരോഗ്യത്തിന്റെ രഹസ്യം ദിവസവും കുടിക്കുന്ന നാലു ലീറ്റർ പാൽ ആണ്. ചെറുപ്പം മുതൽക്കേ തുടങ്ങിയ ശീലമാണിത്. ദിവസവും കറവക്കാരൻ വീട്ടിൽ പശുവിൻപാൽ കൊണ്ടുതരും. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ഏറെ പാൽ കുടിക്കാൻ അമ്മ നിർബന്ധിക്കും. അങ്ങനെ അതു ശീലമായി. ഇപ്പോൾ ദിവസവും നാലു ലീറ്റർ പാൽ കുടിക്കും’’.  2005–ലായിരുന്നു ധോണിയുടെ ഈ വെളിപ്പെടുത്തൽ. 

ധോണി ഇപ്പോഴും നാലു ലീറ്റർ പാൽ വീതം കുടിക്കുന്നുണ്ടോ എന്നറിയില്ല. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ധോണിയെപ്പോലെ നാലു ലീറ്റർ പാൽ കുടിക്കണം എന്നാരും പറയുകയുമില്ല. എന്നാൽ ധോണിയെപ്പോലെ, കുടിക്കുന്ന പാൽ ‘ഫ്രഷ്’ ആയിരിക്കണം എന്നത് നിർബന്ധം. അതായത് പാൽ നറുപാലായിരിക്കണം. ഒട്ടുമേ പഴക്കമില്ലാത്ത കറന്നെടുത്ത പാൽ.  

പാലിന്റെ ഘടന

പ്രകൃതിയുടെ സമീകൃതവും സമ്പൂർണവുമായവരദാനമാണ് പാൽ.  ആവശ്യമായ ഘടകങ്ങളാൽ സമ്പന്നമായ, ശരീരത്തിന് ഏറ്റവും കൂടുതൽ  ഉൗർജമേകുന്ന പാനീയം.  ഏതു മൃഗത്തിന്റെ പാലാണോ എന്നതിനെ ആശ്രയിച്ചാണ് പാലിന്റെ ഘടന. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ. ഇതുകൂടാതെ 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം കൊളസ്ട്രോൾ തുടങ്ങിയ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. (ലാക്ടോസിന്റെ രൂപത്തിലാണ് ഇവിടെ അന്നജത്തിന്റെ സാന്നിധ്യം). 100 മില്ലിലീറ്റർ പശുവിൻ പാലിൽ 66 കലോറിയുണ്ട്. 

ഹെൽത്ത് ഡ്രിങ്ക്

വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായതിനാൽ പാൽ ഉൗർജത്തിന്റെ കലവറയാണെന്നു പറയാം. ശരീരത്തിന്  ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽത്തന്നെ ലഭിക്കുന്നു എന്നത് മേൻമയാണ്. ഉദാഹരണത്തിന് പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ഏറ്റവും മികച്ച ആരോഗ്യം നൽകു‌ം. വൈറ്റമിൻ ഡി എല്ലുകൾക്ക്് ശക്തി നൽകുന്നു. നിശ്ചിത അളവിലെങ്കിൽ പൊട്ടാസിയം രക്തസമ്മർദം വർധിപ്പിക്കാതെ സഹായിക്കും.  എല്ലാത്തരം അമീനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. പാലിലുള്ള ട്രിപ്റ്റോഫാൻ എന്ന അമീനോ ആസിഡ് ഉറക്കത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇളംചൂടോടെ ഒരു ഗ്ലാസ് പാൽ കിടക്കുന്നതിന് മുൻപ് കുടിക്കുന്നത് നല്ലതെന്ന് പറയുന്നത്. വൈറ്റമിൻ ഡി കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ്. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയും വികാസവും കാൻസറിന് വഴിവയ്ക്കുന്നു. ചുരുക്കത്തിൽ വൈറ്റമിൻ ഡിയുടെ സാന്നിധ്യം കാൻസർ വരാനുള്ള സാധ്യതകളെ ഇല്ലാതാക്കും. 

വാതരോഗങ്ങളെ പ്രതിരോധിക്കാനും പാലിന് കഴിവുണ്ടെന്നു പഠനങ്ങൾ പറയുന്നു. വിഷാദരോഗം ഒരു പരിധി വരെ അകറ്റാൻ പാൽ സഹായിക്കും. വൈറ്റമിൻ ഡിയുടെ സഹായത്തോടെ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് സെറോട്ടോനിൻ. ഇത് ഉറക്കം, വിശപ്പ്, മാനസിക നില എന്നിവയെ സ്വാധീനിക്കാറുണ്ട്. വൈറ്റമിൻ ഡിയുടെ കുറവ് മാനസിക സമ്മർദം, വിഷാദം, ക്ഷീണം എന്നിവയ്ക്ക് വഴിവയ്ക്കാം. മൽസ്യത്തിലും മാംസത്തിലും അടങ്ങിയിട്ടുള്ള പല പോഷക ഘടകങ്ങളും പാലിൽനിന്ന് ലഭിക്കുന്നതുകൊണ്ട് സസ്യഭുക്കുകൾ പാൽ കുടിക്കുന്നത് നല്ലതാണ്. പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നും മാത്രം ഇവർക്ക് ആവശ്യമായ അളവിൽ മാംസ്യം ലഭിക്കുന്നില്ല. 

പാലിന്റെ അളവ്

ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, നിശ്ചയിക്കപ്പെട്ട അളവിൽ ഉപയോഗിച്ചാൽ അമൃതിന്റെ ഗുണമുണ്ട് പാലിന്. പ്രായപൂർത്തിയായ ഒരാൾ ദിവസേന 150 മില്ലി ലീറ്റർ പാലും കുട്ടികളും ഗർഭിണികളും കുറഞ്ഞത് 250 മില്ലി ലീറ്റർ പാലുമാണ് കുടിക്കേണ്ടത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

പാലിന്റെ കുട്ടിത്തം

ഖരരൂപത്തിലുള്ള ഭക്ഷണം ശരീരം ആഗിരണം ചെയ്യുന്ന പ്രായം എത്തുംവരെ പാൽ കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. പാലിൽ അടങ്ങിയിരിക്കുന്ന അന്നജം (ലാക്ടോസ്) ആഗിരണം ചെയ്യാൻ സഹായിക്കുന്നത് ലാക്റ്റേസ് എന്ന എൻസൈമാണ്. ലാക്റ്റേസ് ഉൽപാദിപ്പിക്കാനുള്ള കഴിവ് കുട്ടികളുടെ ശരീരത്തിനുണ്ട്. അതുകൊണ്ട് പാൽ ദഹിക്കുകയും ശരീരത്തിന്  ആവശ്യമുള്ള പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു. എന്നാൽ മുതിർന്നവരിൽ, പ്രായം ഏറുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ലാക്റ്റേസിന്റെ അളവ് കുറയുന്നു. അതുകൊണ്ടാണ് കുട്ടികൾ ദിവസവും 2–3 ഗ്ലാസ് പാൽ കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്ന് പറയുന്നത്. എന്നാൽ ശരീരം ആഗിരണം ചെയ്യുന്നതിന്റെ പരിധിക്കു മുകളിൽ പാൽ അകത്തുചെല്ലുന്നത് ഒട്ടും നന്നല്ല. ഇത്  ദഹനക്കേട് ഉണ്ടാക്കും. 

പാൽ ആവശ്യമോ? 

ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പാലിൽ ഇല്ല. അതുകൊണ്ട് പാൽ സമീകൃതാഹാരമല്ല എന്നൊരു വാദമുണ്ട്. അതുപോലെ ഭക്ഷണത്തിൽനിന്ന‌ു ശരീരത്തിന് ആവശ്യമായ പോഷകവസ്തുക്കൾ ലഭിക്കുന്നുണ്ടെങ്കിൽ പാൽ  ഒരു അവശ്യവസ്തുവേയല്ല എന്ന് പഠനങ്ങൾ പറയുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും കൊളസ്ട്രോളും ഹൃദ്രോഗ സാധ്യതകൾക്ക് ആക്കം കൂട്ടും. അതുപോലെ പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ ധാതുക്കൾ അമിതമായി വൃക്കകളിൽ അടിഞ്ഞുകൂടുന്നത് നല്ലതല്ല. അത് കിഡ്നി രോഗങ്ങൾക്ക് വഴിവയ്ക്കും. പാലിലാവട്ടെ ഇരുമ്പിന്റെ അംശം തീരെ കുറവുമാണ്. 

നിയന്ത്രണം ആർക്ക്? 

ഹൃദ്രോഗം, പ്രമേഹം, ദഹനം, അലർജി, വൃക്കയിൽ കല്ലുള്ളവർ, വൃക്ക രോഗികൾ തുടങ്ങിയവർ പാലിന്റെ ഉപയോഗം നിയന്ത്രിക്കണം. ഇവർ വിദഗ്ധരുടെ നിർദേശപ്രകാരം  പാൽ കുടിക്കുന്നതാണ് ഉത്തമം. പാൽ കുടിക്കുന്നതുകൊണ്ട് ദഹനപ്രശ്നങ്ങൾ ഉള്ളവർ പൂർണമായി അത് ഒഴിവാക്കണം. അതേപോലെ ആസ്മ രോഗികളും ഡോക്ടറുടെ ഉപദേശം തേടിയശേഷമേ പാൽ ഉപയോഗിക്കാവൂ. പാൽ അമിതമായി കുടിക്കുന്നതു മറ്റ് ആഹാരങ്ങൾക്കായുള്ള വിശപ്പും താൽപര്യവും കെടുത്തും. ഇത് ഇരുമ്പ് ഉൾപ്പെടെയുള്ള പോഷകങ്ങളുടെ കുറവിനു വഴിവയ്‌ക്കും. ഗർഭിണികൾ അളവിലധികം പാൽ കുടിച്ചാൽ ഗർഭസ്‌ഥശിശുവിനു ദോഷമെന്നു പുതിയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് ഇരുമ്പിന്റെ അഭാവമുണ്ടാകാൻ സാധ്യതയേറെയെന്നാണു ന്യൂസീലൻഡിലെ ഓ‌ക‌്‌ലൻഡ് സർവകലാശാല നടത്തിയ പഠനങ്ങളുടെ മുന്നറിയിപ്പ്. പാലിൽ കാൽസ്യം ആവശ്യത്തിനുണ്ടെങ്കിലും ഇരുമ്പിന്റെ അംശം തീരെ കുറവാണെന്നതാണു കാരണം. 

വീണ്ടും ധോണി

ധോണിയിലേക്ക് മടങ്ങിവരാം. പാലുകുടിയല്ല, ധോണിയുടെ കായികക്ഷമതയും ശരീരപ്രകൃതിയും വ്യായാമവുമെല്ലാമാണ് അദ്ദേഹത്തിന്റെ യഥാർഥ ആരോഗ്യ രഹസ്യം.  ഭക്ഷണത്തിലൂടെ അധികമായി ലഭിക്കുന്ന കലോറി കത്തിച്ചുകളയാനും ശരീരത്തിന് ആവശ്യമുള്ള ഊർജത്തെ നിയന്ത്രിക്കാനും കായികതാരങ്ങൾക്ക് വ്യായാമങ്ങളിലൂടെയും മൽസരങ്ങളിലൂടെയും സാധിക്കുന്നുണ്ട്. പാൽ അധികം കുടിച്ചു എന്നതുകൊണ്ട്  അദ്ദേഹം മറ്റു ഭക്ഷണം ഒഴിവാക്കിയിട്ടുണ്ടാവില്ല. ഖര ഭക്ഷണത്തിന്റെ അളവുകുറച്ച്  പാൽ അധികം കഴിച്ചാവാം ധോണി ആരോഗ്യം നിലനിർത്തുന്നത്.  

ചുരുക്കത്തിൽ ഒരാൾ എന്ത്, എത്തരം, എത്രമാത്രം ഖരഭക്ഷണം കഴിക്കുന്നു എന്നതിനെ ആശ്രയിച്ചു മാത്രമേ പാൽ കുടിക്കണോ എന്ന് തീരുമാനിക്കാനാവൂ എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുപോലെ മുലപ്പാലും കന്നുകാലികളുടെ പാലും തമ്മിൽ ഏറെ വ്യത്യസ്തമാണ് എന്ന ചിന്ത ഉണ്ടായിരിക്കണം. മുലപ്പാലോളം വരില്ല മറ്റൊരു പാലും എന്നു ചുരുക്കം. 

വിവരങ്ങൾക്ക് കടപ്പാട് 

ഡോ. ബി. പത്മകുമാർ

പ്രഫസറും വകുപ്പുതലവനും, 

മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കൊല്ലം 

സൂസൻ ഇട്ടി, 

ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്, 

ആസ്റ്റർ മെഡ്സിറ്റി, കൊച്ചി