Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെണ്ണപ്പഴം കഴിക്കൂ, ഓർമശക്തി കൂട്ടാം

avocado whole and half avocados isolated on white background

ദിവസവും ഒരു വെണ്ണപ്പഴം കഴിക്കൂ, അത് പ്രായമായവരിൽ  ഓർമശക്തി മെച്ചപ്പെടുത്തും എന്നു പഠനം. അൻപതു വയസ്സോ അതിനു മുകളിലോ പ്രായമുള്ള 40 വ്യക്തികളിലാണ് പഠനം നടത്തിയത്. ഇവർ ആറുമാസക്കാലം തുടർച്ചയായി ഓരോ വെണ്ണപ്പഴം കഴിച്ചതു മൂലം ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുകയും കണ്ണുകളിലെ ല്യൂട്ടിന്റെ അളവ് 25 ശതമാനം വർധിക്കുകയും ചെയ്തു.

പഴങ്ങളിലും പച്ചക്കറികളിലുംകാണുന്ന വർണ വസ്തുവാണ് ല്യൂട്ടിൻ. അത് രക്തത്തിലും കണ്ണുകളിലും തലച്ചോറിലും ശേഖരിക്കപ്പെടുകയും ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ലമേറ്ററി ഏജന്റുമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

യുഎസിലെ ടഫ്റ്റ് സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. കണ്ണുകളിൽ ല്യൂട്ടിന്റെ അളവ് ക്രമേണ കൂടുന്നത് അവർ നിരീക്ഷിച്ചു.

ശ്രദ്ധ, സ്പീഡ്, ഓർമശക്തി ഇവ പരീക്ഷകളിലൂടെ അളന്നു. ബൗദ്ധിക പ്രവർത്തനം ക്രമേണ മെച്ചപ്പെട്ടതായി കണ്ടു. 

എന്നാൽ വെണ്ണപ്പഴം കഴിക്കാത്ത കൺട്രോൾ ഗ്രൂപ്പിൽപ്പെട്ടവർക്ക് പഠനകാലയളവിൽ ബൗദ്ധികമായ ആരോഗ്യം മെച്ചപ്പെട്ടില്ല.

‘‘മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ല്യൂട്ടിൻ, മറ്റ് ബയോ ആക്ടീവ് സംയുക്തങ്ങൾ,  ഇവ അടങ്ങിയ വെണ്ണപ്പഴം നേത്രാരോഗ്യമേകുക മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്’’. ടഫ്റ്റ്സ് സർവകലാശാല ഗവേഷകയായ എലിസബത്ത് ജോൺസൺ പറയുന്നു.

വെണ്ണപ്പഴ സപ്ലിമെന്റുകളെ അപേക്ഷിച്ച് ഫ്രഷ് വെണ്ണപ്പഴം കഴിച്ചവരിൽ കണ്ണിലെ ല്യൂട്ടിന്റെ അളവ് ഇരട്ടിയിലധികം വർദ്ധിച്ചു. ന്യൂട്രിയന്റ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

369 ഗ്രാം വീതം വരുന്ന ഒരു വെണ്ണപ്പഴം ദിവസവും കഴിച്ചപ്പോഴാണ് ഈ മാറ്റം കണ്ടത്.