Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കറിയുമോ പോപ്കോണിനെ?

popcorn

സിനിമാതിയറ്ററിലും പ്രദർശനങ്ങൾക്കും പോകുമ്പോൾ വാങ്ങി കൊറിക്കുന്ന പോപ്കോൺ ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് നിങ്ങൾക്കറിയാമോ? ബട്ടറും ചീസും ഒക്കെ ചേർത്താൽ അനാരോഗ്യകരമാവുന്ന പോപ്കോൺ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്. പലപ്പോഴും അത് തിരിച്ചറിയപ്പെടുന്നില്ല എന്നു മാത്രം. മറ്റ് ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് പോപ്കോൺ ആരോഗ്യദായകമാണ്.

പോപ്കോൺ എന്ന മുഴു ധാന്യം

മുഴുധാന്യം ( whole grain) എന്നു കേൾക്കുമ്പോൾ തവിടുകളയാത്ത അരി, ഓട്സ്, ഗോതമ്പ് എന്നൊക്കെയാവും മനസ്സിൽ വരിക. പോപ്കോണിനെയും  ആ ഗണത്തിൽപ്പെടുത്താം. പോപ്കോൺ കഴിക്കുന്നവർക്ക് അവരുടെ ഭക്ഷണത്തിൽ 250 ശതമാനം അധികം മുഴുധാന്യമാണ് ഉൾപ്പെടുന്നത്. ഇതിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.

മാംസ്യം 

നാരുകൾ മാത്രമല്ല പ്രോട്ടീനും പോപ്കോൺ നൽകും. മൂന്നരകപ്പ് പോപ്കോണിൽ 4 ഗ്രാം മാംസ്യം (പ്രോട്ടീൻ) അടങ്ങിയിരിക്കുന്നു.

ആന്റി ഓക്സിഡന്റുകൾ

പോപ്കോണിൽ നിരോക്സീകാരികൾ ധാരാളം ഉണ്ട്. പോളിഫിനോളുകളാൽ സമ്പന്നമാണിത്. ചായയിലും ബെറിപ്പഴങ്ങളിലും ഒക്കെ അടങ്ങിയ സംയുക്തമായ പോളിഫിനോളുകൾ, അർബുദസാധ്യത കുറയ്ക്കുന്നു. ഹൃദയാരോഗ്യമേകുന്നു.

കലോറി കുറവ്

ഇടയ്ക്ക് കൊറിക്കുന്ന ഭക്ഷണങ്ങൾ മിക്കതും ശരീരഭാരം കൂട്ടുന്നവയാകും. എന്നാൽ ലഘുഭക്ഷണമായി പോപ്കോൺ തിരഞ്ഞെടുക്കുന്നത് ശരീരഭാരം കുറയ്ക്കും. മുഴുധാന്യം, നാരുകളും മാംസ്യവും ധാരാളം, കലോറി കുറവ് ഇതെല്ലാം പോപ്കോണിന്റെ ഗുണങ്ങളാണ്. ശരീരഭാരം കുറയാൻ ഏറ്റവും മികച്ച ലഘുഭക്ഷണമാണിത്. വിശപ്പിനെ നിയന്ത്രിച്ച് അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്നും പോപ്കോൺ തടയുന്നു. കൂടാതെ പോഷകങ്ങൾ അടങ്ങിയവയാണ് പോപ്കോൺ‌.