Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കക്കുറവ് പ്രശ്നമാണോ? എങ്കിൽ ചെറിജ്യൂസ് കുടിച്ചുനോക്കൂ

cherry-juice

ഉറക്കക്കുറവ് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും പ്രായമായവരെ. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഉറക്കം ശരിയാകാത്ത അവസ്ഥയാണ് ഇൻസോമ്നിയ. ഉറക്കം കുറയുന്നത് നിരവധി രോഗങ്ങൾക്കും കാരണമാകും.

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടെങ്കിൽ ചെറി ജ്യൂസ് കുടിച്ചാൽ മതി എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ചെറി ജ്യൂസ് കുടിക്കുന്നത് ഉറക്ക സമയം 84 മിനിറ്റ് കൂട്ടും എന്നു തെളിഞ്ഞു.

ഇൻസോമ്നിയ പ്രായമായവരിൽ സാധാരണമാണ്. എന്നാൽ ഇത് ചികിത്സിക്കാതിരുന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറിലിലെ സ്കൂൾ ഓഫ് ന്യൂട്രീഷൻ ആൻഡ് ഫുഡ് സയൻസിലെ ഗവേഷകനായ ജാക്ക് ലോസോ പറയുന്നു. ഉറങ്ങാൻ മിക്കവരും മരുന്നിന്റെ സഹായം തേടാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രകൃതിദത്ത മാർഗങ്ങൾക്ക് സ്വീകാര്യത വർധിച്ചു വരുന്നു.

ഗുരുതരമായ ഉറക്കമില്ലായ്മ (ഇൻസോമ്നിയ) ബാധിച്ച 50 വയസിനു മുകളിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 80 സ്ത്രീ പുരുഷന്മാരിൽ ഗവേഷകസംഘം പഠനം നടത്തി. ഇവർക്ക് രാത്രി ഒമ്പതു മുതൽ അർധരാത്രി വരെ മാത്രമാണ് ഉറക്കം ലഭിച്ചിരുന്നത്.

പഠനത്തിൽ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പുകളാക്കി. ആദ്യ ഗ്രൂപ്പിന് ചെറി ജ്യൂസ് നൽകിയപ്പോൾ രണ്ടാമത്തെ ഗ്രൂപ്പിന് പ്ലാസിബോയും നൽകി.

14 ദിവസം തുടർച്ചയായി രാവിലെയും ഉറങ്ങാൻ പോകുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപും എട്ട് ഔൺസ് അതായത് 240 മി. ലിറ്റര്‍ മോണ്ട് മോറൻസി ടാർട്ട് ചെറി ജ്യൂസ് ആദ്യ ഗ്രൂപ്പിന് നൽകി. ഇതിൽ നിശ്ചിത അളവ് പ്രോസിയനിഡിൻ അടങ്ങിയിരുന്നു.

ഡമ്മി ഗുളികകൾ കഴിച്ചവരുമായി താരതമ്യപ്പെടുത്തിയപ്പോൾ ചെറിജ്യൂസ് കുടിച്ച, ഇൻസോമ്നിയ ബാധിച്ച മുതിർന്നവരിൽ ഉറക്കസമയം 84 മിനിറ്റ് കൂട്ടാനും ഉറക്കത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും കഴിഞ്ഞു. അമേരിക്കൻ ജേണൽ ഓഫ് തെറാപ്യൂട്ടിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇനി ഉറക്കക്കുറവ് അലട്ടുമ്പോൾ ചെറി ജ്യൂസ് കുടിച്ചു നോക്കൂ. ശരിയായ ഉറക്കം ആരോഗ്യ ലക്ഷണമാണ് എന്നത് മറക്കാതിരിക്കുക.

Read More : Healthy Food, Yoga, Ayurveda