Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കാമോ?

168278888

പ്രമേഹരോഗികള്‍ക്കു മാമ്പഴം കഴിക്കാമോ? മിക്കവരുടെയും സംശയമാണിത്. മാമ്പഴത്തിന്റെ മധുരമാണ് ഈ സംശയത്തിനു കാരണം. എന്നാല്‍ പറയുന്ന പോലെ അത്രയ്ക്ക് കുഴപ്പക്കാരനൊന്നുമല്ല ഈ മാമ്പഴം. മാമ്പഴം കഴിച്ചാല്‍ പ്രമേഹക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകില്ല. മാത്രമല്ല പ്രമേഹം വരാതെ തയാനും മാമ്പഴത്തിനു കഴിയുമെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.

ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണസാധനങ്ങൾ ഗ്ലൂക്കോസിന്റെ അളവിനെ പെട്ടെന്നു വർധിപ്പിക്കുമെന്നത് ശരിയാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം ഒരാള്‍ക്ക് 55 ശതമാനം കാര്‍ബോഹൈഡ്രേറ്റും 45 ശതമാനം പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് ആവശ്യം. 

കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് ഈ കാര്‍ബോഹൈഡ്രേറ്റ് പ്രമേഹരോഗികള്‍ക്ക്  ലഭിക്കേണ്ടത്. 

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഗ്ലൈസീമിക് ഇൻഡക്സ് എന്നു പറയാം. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണസാധനങ്ങൾ ഗ്ലൂക്കോസിന്റെ അളവിനെ പെട്ടെന്നു വർധിപ്പിക്കും. മാത്രമല്ല ആഹാരത്തിന്റെ ആഗിരണതോതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിർണയിക്കുന്നു. 

പ്രമേഹരോഗികള്‍ ഭക്ഷണക്രമം തീരുമാനിക്കുമ്പോള്‍ ഈ ഗ്ലൈസീമിക് ഇൻഡക്സ് വളരെ പ്രധാനമാണ്. കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണമാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്‌. ഗ്ലൈസീമിക് ഇൻഡക്സ് 60 ഓ അതിൽ കുറവോ ഉള്ള ഭക്ഷ്യവസ്തുക്കളാണ് കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഭക്ഷണങ്ങൾ. 59—40 വരെയുള്ളവ മിതമായവ. 19 നു താഴെയാണ് ഏറ്റവും കുറവ്. 60 ലധികം ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളവ പ്രമേഹരോഗികൾക്ക് നന്നല്ല. 

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ നാര് അല്ലെങ്കില്‍ ഫൈബര്‍ അംശമാണ് ഗ്ലൈസീമിക് ഇൻഡക്സ് തീരുമാനിക്കുന്നത്. പ്രമേഹരോഗികള്‍ സാധാരണ ബിസ്ക്കറ്റ് കഴികുക പതിവാണ്. എന്നാല്‍ ഈ ബിസ്കറ്റിന്റെ ഗ്ലൈസീമിക് ഇൻഡക്സ് എത്രയാണെന്ന് അറിയാമോ 82, അതായതു വളരെ അധികം. എന്നാല്‍ മാമ്പഴം പോലുള്ള പഴവര്‍ഗങ്ങളുടെ ഗ്ലൈസീമിക് ഇൻഡക്സ് 58  ആണ്.  തണ്ണിമത്തന്‍ പോലുള്ളവയ്ക്ക് വളരെ കുറഞ്ഞ നിലയിലാണ് ഗ്ലൈസീമിക് ഇൻഡക്സ്. 

ഇനി അത്താഴത്തിനു ശേഷമൊരു മാമ്പഴം കഴിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ അത്താഴത്തിനു കഴിക്കുന്ന റൊട്ടിയോ ചപ്പാത്തിയോ ഒരെണ്ണം കുറയ്ക്കാം. അതുവഴി  കാര്‍ബോഹൈഡ്രേറ്റ് നില സ്ഥായിയായി നിലനിര്‍ത്താം. 

ഓസ്ട്രേലിയന്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ മെഡിക്കല്‍ റിസേര്‍ച്ച് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം മാമ്പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ചില ഘടകങ്ങള്‍ ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുകയും കൊളസ്ട്രോള്‍, പ്രമേഹം എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. മധുരമുള്ള എന്തിനെയും പ്രമേഹത്തിന്റെ പേര് പറഞ്ഞു പടിക്ക് പുറത്തു നിര്‍ത്തുന്നതാണ് നമ്മുടെ രീതി. എന്നാല്‍ ഇത് തെറ്റായ നടപടിയാണെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ പ്രമേഹത്തെ പേടിച്ചു ഇനി മാമ്പഴത്തോട് നോ പറയേണ്ട. 

Read More : Healthy Food