Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതൂർന്ന മുടിയിഴകൾക്ക് കഴിക്കാം ഈ ഭക്ഷണങ്ങൾ

542298282

ഹെയർ ഓയിൽ, ഹെയർ ക്രീമുകൾ, ‍ഹെയർ മാസ്ക്കുകൾ, ഷാംപൂ, കണ്ടീഷണർ… ഹോ പരീക്ഷിക്കാവുന്നതെല്ലാം ചെയ്തു പക്ഷേ മുടി വളരുന്നില്ല അല്ലേ. മുടി കൊഴിയുന്നത് ഒട്ടും കുറയുന്നുമില്ല.

നീണ്ടു നല്ല കറുപ്പു നിറമുള്ള കട്ടിയുള്ള മുടി ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമാകും. മുടി വളരാത്തതു കൊണ്ട് ഓ ഇതൊക്കെ നോക്കി മെനക്കെടാന്‍ ആർക്കു സമയം എന്ന് പുറമേ പറഞ്ഞ് ഉള്ളിൽ കരഞ്ഞ് മുടി വെട്ടിയൊതുക്കുന്നവരും കുറവല്ല.

മുടിവളരാൻ രാസവസ്തുക്കൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ ഒന്നും നിങ്ങളെ സഹായിക്കില്ല. മുടിയുടെ ആരോഗ്യം നിർണയിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ് എന്നറിയാമോ ? ആരോഗ്യം തുളുമ്പുന്ന മുടി വേണമെങ്കിൽ ആരോഗ്യ ഭക്ഷണങ്ങൾ കഴിക്കണം.

ഏതൊക്കെയാണ് മുടി വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്നു നോക്കാം. ചില ജീവകങ്ങൾ ആണ് മുടിവളർച്ചക്ക് പിന്നില്‍

∙ ജീവകം എ

എല്ലാ ജീവകങ്ങളുടെയും വളർച്ചയ്ക്ക് ജീവകം എ കൂടിയേ തീരൂ. തലയോട്ടിയെ മോയിസ്ചറൈസ് ചെയ്യുന്ന എണ്ണമയം കലർന്ന സെബം ഉൽപ്പാദിപ്പിക്കാൻ ചർമത്തിലെ ഗ്രന്ഥികളെ ജീവകം എ സഹായിക്കുന്നു. ഒപ്പം മുടിയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. മധുരക്കിഴങ്ങ്, പച്ചച്ചീര ഇവയിലെല്ലാം ജീവകം എ ധാരാളം അടങ്ങിയിട്ടുണ്ട്.

∙ ബി ജീവകങ്ങൾ

മുടിയുടെ വളർച്ചയ്ക്ക് പ്രധാനമായ ജീവകങ്ങളാണ് ബയോട്ടിൻ ബി ജീവകങ്ങൾ. ഹെയർ ഫോളിക്കിളുകൾക്കും തലച്ചോറിലേക്കും ആവശ്യമായ പോഷകങ്ങളെത്തിക്കുന്നു. ഓക്സിജന്റെ വാഹകരായ രക്തകോശങ്ങളുടെ ഉൽപ്പാദനത്തിനും ബി ജീവകങ്ങൾ സഹായിക്കുന്നു. മുഴുധാന്യങ്ങൾ, ഇറച്ചി, കടൽവിഭവങ്ങൾ, പച്ച നിറത്തിലുള്ള ഇലക്കറികൾ ഇവയെല്ലാം ജീവകം ബിയുടെ ഉറവിടങ്ങളാണ്.

∙ ജീവകം സി

തലമുടിയുടെ ഘടനയിൽ വളരെ പ്രധാനമായ പങ്കുവഹിക്കുന്ന കൊളാജന്റെ ഉൽപ്പാദനത്തിന് ജീവകം സി സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ധാന്യമായ ഇരുമ്പിന്റെ ആഗിരണത്തിനും ഇതു സഹായിക്കുന്നു. സ്ട്രോബറി, കുരുമുളക്, പേരയ്ക്ക, നാരകഫലങ്ങൾ ഇവയിലെല്ലാം ജീവകം സി ധാരാളമായുണ്ട്.

∙ ജീവകം ഡി

ജീവകം ഡി യുടെ അളവ് കുറയുന്നത് മുടി കൊഴിച്ചിലിനു കാരണമാകും. സൂര്യപ്രകാശം ആണ് ജീവകം ഡി യുടെ പ്രധാന ഉറവിടം. കൊഴുപ്പുള്ള മത്സ്യം, കോഡ് ലിവർ ഓയിൽ, കൂൺ ഇവയിലും ജീവകം ഡി ഉണ്ട്.

∙ ജീവകം ഇ

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന പ്രധാനപ്പെട്ട ജീവകം ആണിത്. സൂര്യകാന്തി വിത്ത്, ബദാം, ചീര, വെണ്ണപ്പഴം ഇവയിലെല്ലാം ജീവകം ഇ ഉണ്ട്.

ഈ ജീവകങ്ങൾ അടങ്ങിയ ഭക്ഷണം ശീലമാക്കൂ ആരോഗ്യമുള്ള മുടി നിങ്ങൾക്കു സ്വന്തമാക്കാം.

Read More : Healthy Food