Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പി കുടിച്ചാൽ ഈ രോഗങ്ങൾ വരില്ല

coffee

രാവിലെ എഴുനേറ്റാലുടൻ ഒരു കപ്പ് കാപ്പി പലരുടെയും ശീലമാണ്. ഒരു ദിവത്തേക്ക് വേണ്ട ഉന്മേഷം മുഴുവൻ നൽകാൻ ആ ഒരു കപ്പ് കാപ്പിക്കു കഴിയും എന്നാണവരുടെ പക്ഷം. കാപ്പി കുടി ശീലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാപ്പി കുടിയന്മാർക്ക് ചില രോഗങ്ങൾ ഒന്നും വരില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പി കുടിക്കുന്നതു മൂലം ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇതാ.

∙ കരൾ രോഗത്തിൽ നിന്നു സംരക്ഷണം

കാപ്പി കൂടുതൽ കുടിക്കുന്തോറും ലിവർ സിറോസിസ് വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമിത മദ്യപാനം മൂലമുള്ള കരൾ രോഗമായ ലിവർ സിറോസിസ് വരാനുള്ള സാധ്യത22 ശതമാനം കുറയ്ക്കാൻ ദിവസവും ഒരു കപ്പ് കാപ്പി കുടിച്ചാൽ മതിയത്രെ. ദിവസവും രണ്ടു കപ്പ് കാപ്പി കുടിച്ചാൽ രോഗസാധ്യത 43 ശതമാനവും 3 കപ്പ് കുടിച്ചാൽ 57 ശതമാനവും നാലു കപ്പ് കാപ്പി കുടിച്ചാൽ 65 ശതമാനവും രോഗസാധ്യത കുറയും എന്നും പഠനം പറയുന്നു.

∙ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയുന്നു

ദിവസം ആറ് കപ്പോ അതിൽ കൂടുതലോ കാപ്പി കുടിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത 22 ശതമാനം കുറവായിരിക്കും. ഓരോ അധിക കപ്പ് കാപ്പിക്കും ടൈപ്പ് 2 പ്രമേഹ സാധ്യത 7 ശതമാനം വീതം കുറയും. ഡീ കഫിനേറ്റഡ് കാപ്പി ഓരോ കപ്പിലും രോഗസാധ്യത 6 ശതമാനം കുറയ്ക്കും.

∙ ഹൃദ്രോഗ സാധ്യത കുറയുന്നു

ദിവസം മൂന്നു മുതൽ അഞ്ചു കപ്പ് കാപ്പി വരെ കുടിക്കുന്നവരിൽ ഹൃദ്രോഗ ലക്ഷണങ്ങൾ കാണാൻ സാധ്യത വളരെ കുറവാണെന്ന് പഠനം. 200 പഠനങ്ങൾ വിശകലനം ചെയ്തപ്പോൾ ദിവസം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത 19 ശതമാനം കുറവ് ആണെന്നു കണ്ടു. വീക്കം കാരണം ഉണ്ടാകുന്ന ധമനീ തകരാറുകളിൽ നിന്നു സംരക്ഷണം നൽകി. ഹൃദയാരോഗ്യമേകാൻ കാപ്പിക്കു കഴിയും.

∙ വൻകുടലിലെയും മലാശയത്തിലെയും അർബുദം തടയുന്നു

മിതമായ അളവിലുള്ള കാപ്പികുടി പോലും കോളോറെക്ടൽ കാൻസർ സാധ്യത 26 ശതമാനം കുറയ്ക്കുന്നു. ദിവസം ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്ക് കരളിലെ അർബുദ സാധ്യത 15 ശതമാനം കുറയുന്നു. എൻഡോമെട്രിയൽ കാൻസർ സാധ്യത 8 ശതമാനവും കുറയ്ക്കുന്നു. കാപ്പി കുടിക്കുന്ന ശീലമുള്ളവർക്ക് വായിലെ അർബുദവും പ്രോസ്റ്റേറ്റ് അർബുദവും വരാനും സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

∙ അൽഷിമേഴ്സ് തടയുന്നു

കാപ്പി കുടി തലച്ചോറിനെ പ്രായമാകലിൽ നിന്നും സംരക്ഷിക്കുന്നു. കാപ്പി കുടിയും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടത്തിയ പഠനങ്ങളിൽ പതിവായി കാപ്പി കുടിക്കുന്നവർക്ക് അൾഷീമേഴ്സ്, ഡിമൻഷ്യ, സ്മൃതി നാശം ഇവയ്ക്കുള്ള സാധ്യത 16 ശതമാനം കുറവാണെന്നു കണ്ടു.

∙ വിഷാദം അകറ്റുന്നു

അൻപതിനായിരത്തിൽ പരം സ്ത്രീകളിൽ നടത്തിയ വിശദമായ ഒരു പഠനത്തിൽ ഓരോ ആഴ്ചയും കുറഞ്ഞത് ഒരു കപ്പ് കാപ്പി എങ്കിലും കുടിക്കുന്നവർക്ക് വിഷാദം വരാനുള്ള സാധ്യത 15 ശതമാനം കുറവായിരിക്കുമെന്നു കണ്ടു. ഓരോ ദിവസവും രണ്ടു മുതൽ മൂന്നു കപ്പ് കാപ്പി വരെ കുടിക്കുന്നത് വിഷാദ സാധ്യത 20 ശതമാനം കുറയ്ക്കും.

ഒരു ലക്ഷത്തിലധികം സ്ത്രീ പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ കാപ്പി കുടി ശീലമുള്ളവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത 45 ശതമാനം കുറവാണെന്നു കണ്ടു. ദിവസം നാലു കപ്പ് കാപ്പിയിൽ അധികം കുടിക്കുന്നവർക്ക് 53 ശതമാനവും ആത്മഹത്യയ്ക്കുള്ള സാധ്യത കുറയും.

∙ മരണനിരക്ക് കുറയ്ക്കുന്നു

യൂറോപ്പിലെ അഞ്ചു ലക്ഷത്തിലധികം ആളുകളിൽ നടത്തിയ 16 വർഷം നീണ്ടു നിന്ന പഠനത്തിൽ ദിവസം മൂന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്ന പുരുഷന്മാരിൽ മരണസാധ്യത 12 ശതമാനം കുറവാണെന്നു കണ്ടു. സ്ത്രീകളിൽ 7 ശതമാനവും കുറവായിരിക്കും.

ദഹനപ്രശ്നങ്ങൾ മൂലമോ സർക്കുലേറ്ററി ഡിസീസ് മൂലമോ ഉള്ള മരണസാധ്യതയും കുറവായിരിക്കും. ദിവസം പലതവണ കാപ്പി കുടിക്കുന്നവർക്ക് ആരോഗ്യമുള്ള കരൾ ആണെന്നും പഠനത്തില്‍ കണ്ടു.

1,85,855 പേരിൽ നടത്തിയ മറ്റൊരു പഠനത്തില്‍ ദിവസം ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്ക് മരണസാധ്യത 12 ശതമാനം കുറവായിരിക്കും. രണ്ടു മുതൽ മൂന്ന് കപ്പ് കാപ്പി വരെ കുടിച്ചാൽ അകാല മരണത്തിനുള്ള സാധ്യത 18 ശതമാനം കുറയും എന്നും പഠനം പറയുന്നു.

കാപ്പി ഉന്മേഷദായകമായ ഒരു പാനീയം മാത്രമല്ല. ആരോഗ്യകരവും ആണെന്ന് മനസ്സിലായില്ലേ. ഒരു ചൂടു കാപ്പിയോടെ ദിവസം തുടങ്ങിക്കളയാം.

Read More : Healthy Food