പിസയും ന്യൂഡിൽസും പിന്നെ ഹൃദ്രോഗവും

pizza
SHARE

കണ്ണിനും നാവിനും ഇഷ്ടപ്പെട്ടത് കഴിക്കുമ്പോൾ അത് ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നു ചിന്തിച്ചിട്ടുണ്ടോ?

ഭക്ഷണശീലം അനാരോഗ്യകരമായാൽ നമ്മുടെ ഹൃദയതാളം തെറ്റും. ആരോഗ്യകരമായ ഒരു ജീവിതത്തിന് ഹൃദയാരോഗ്യം ഏറെ പ്രധാനമാണ്. ഇന്ത്യയിൽ ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ഹൃദയത്തിന്റെ പ്രവർത്തന തകരാറിന് നാം കഴിക്കുന്ന ഭക്ഷണവും ഒരു കാരണമാണ്. ഹൃദയത്തിനു വേണ്ടാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ നമുക്ക് ഏറെ പ്രിയപ്പെട്ടവയുമാകാം.

ഭക്ഷണശീലം മെച്ചപ്പെടുത്തിയാൽ കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാൻ സാധിക്കും. ആരോഗ്യമുള്ള ഹൃദയത്തിനായി, ആരോഗ്യകരമായ ജീവിതത്തിനായി ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്. ഹൃദയത്തെ പിണക്കുന്ന ആ ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

∙ വറുത്ത ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വറുത്തതും ചോളത്തിന്റെ ചിപ്സും സോഡിയം, ട്രാൻസ്ഫാറ്റുകൾ, കാർബോ ഹൈഡ്രേറ്റ് ഇവ ധാരാളം അടങ്ങിയതാണ്. ഇത് അധികമാകുന്നത് ഹൃദയാരോഗ്യം നശിപ്പിക്കും. ദിവസം 2000 മില്ലി ഗ്രാമിലധികം സോഡിയം കഴിക്കുന്നത് 10 ൽ ഒന്നു വീതം ഹൃദ്രോഗ മരണങ്ങൾക്കു കാരണമാകുന്നുവെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഉരുളക്കിഴങ്ങ് വറുത്തതിൽ നിറയെ പൂരിത കൊഴുപ്പുകൾ ആണ്. ഇത് കുടവയറുണ്ടാക്കും. കൂടാതെ ഇവയിൽ ഇതിന്റെ അളവ് വളരെ കൂടുതൽ ആയതിനാൽ അമിതമായി കഴിക്കുന്നത് ഹൃദ്രോഗ കാരണമാകും.

∙ ഊർജ്ജ പാനീയങ്ങൾ

ക്ഷീണം മാറ്റാൻ ഊർജ്ജ പാനീയങ്ങൾ വാങ്ങി കഴിക്കുന്നവരാണ് അധികവും. ഇവയില്‍ എനർജി കൂട്ടുന്ന ഗുവരാന, ടൗറീൻ മുതലായവ അടങ്ങിയിട്ടുണ്ട്. ഇത് കഫീനുമായി ചേരുമ്പോൾ ഹൃദയമിടിപ്പ് വർധിക്കാൻ കാരണമാകുന്നു. ഊർജ്ജ പാനീയങ്ങളിൽ വർധിച്ച തോതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു.

∙ സോഡ

ദാഹം മാറ്റാൻ സോഡ ദിവസവും കഴിക്കുന്നവരുണ്ട് എന്നാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ഇൻഫ്ലമേഷനും കാരണമാകുന്നു. ഇത് ഹൃദയ ധമനികളിൽ സമ്മർദം ഏൽപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. പതിവായി സോഡ കഴിക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

∙ ബ്ലെൻഡഡ് കോഫി

കാലറിയും കൊഴുപ്പും ഇവയിൽ ധാരാളമുണ്ട്. മധുരം കൂടുതൽ അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഈ കാപ്പിയിൽ അടങ്ങിയ കഫീൻ രക്തസമ്മർദവും കൂട്ടും. പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും ഇത് ഒരേപോലെ ദോഷകരമാണ്.

∙ ഫ്രൈഡ് ചിക്കൻ

വറുത്തതും പൊരിച്ചതുമെല്ലാം അനാരോഗ്യകരമാണ്. വറുത്ത ഭക്ഷ്യവസ്തുക്കളിൽ ട്രാൻസ്ഫാറ്റുകൾ ധാരാളമുണ്ട്. ഇത് കൊളസ്ട്രോളിനും നല്ലതല്ല. ഹൃദയത്തിനു മാത്രമല്ല അരവണ്ണം കൂട്ടാനും ഇത് കാരണമാകും. ഡീപ്പ് ഫ്രൈ ചെയ്യുമ്പോൾ എണ്ണ കൂടുതൽ ചൂടാകുന്നു. ഇതുമൂലം ജീവകങ്ങൾക്കും നിരോക്സീകാരികൾക്കും ഘടനാപരമായ മാറ്റം വരുകയും കോശങ്ങൾക്ക് നാശം വരുത്തുന്ന ഓക്സീകാരികൾ ഉണ്ടാകുകയും ചെയ്യും.

∙ പിസ

പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നത് ശീലമായപ്പോൾ പലരുടെയും ഭക്ഷണ ലിസ്റ്റിൽ പിസയും കടന്നു വന്നു. കൊഴുപ്പും സോഡിയവും പിസയില്‍ ധാരാളമുണ്ട്. പിസയിലുള്ള ചീസ്  സോഡിയത്തിന്റെ അളവ് കൂട്ടാനും കൂടുതൽ കൊഴുപ്പുള്ളതാക്കാനും സഹായിക്കും. പിസയുണ്ടാക്കുന്ന സോസും സോഡിയം ധാരാളം അടങ്ങിയതാണ്. ഹൃദയ ധമനികൾക്ക് ഇത് ദോഷകരമാണ്.

∙ മാർഗരൈൻ

മാർഗരൈൻ എന്നത് ഒരുതരം വെണ്ണയാണ്. ശരീരത്തിലെ കൊളസ്ട്രോൾ കൂട്ടാൻ കാരണമായ ട്രാൻസ്ഫാറ്റുകളുടെ ഉറവിടമായ ഹൈഡ്രോജനേറ്റഡ് ഓയിലിലാണ് മാർഗരൈൻ ഉണ്ടാക്കുന്നത്. ഇത് ഹൃദയത്തിനു ദോഷകരമാണെന്നു മാത്രമല്ല ചർമത്തിന്റെ പ്രായമാകലിനും കാരണമാകുന്നു.

∙ ചൈനീസ് ഭക്ഷണം

കാലറി, കൊഴുപ്പ്, സോഡിയം, കാർബോ ഹൈഡ്രേറ്റ് ഇവയെല്ലാം നിറഞ്ഞതാണ് ചൈനീസ് ഫുഡ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.

∙ ഇൻസ്റ്റന്റ് ന്യൂഡിൽസ്

കുട്ടികളുടെയും അവിവാഹിതരുടെയും സമയമില്ലാത്ത വിട്ടമ്മമാരുടെയും ഇഷ്ടഭക്ഷണം. ന്യൂഡിൽസ് ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നാവും ചിലർ ചിന്തിക്കുന്നത്. അത്രമാത്രം ഭക്ഷണ ശീലത്തെ മാറ്റിമറിച്ചു ഈ ഇൻസ്റ്റന്റ് ഭക്ഷണം. പതിവായി ഇത് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ന്യൂഡിൽ വറുത്ത ഭക്ഷണമാണ് എന്നതു കൊണ്ടു തന്നെ അത് ഹൃദയത്തിന് ദോഷം ചെയ്യും. മാത്രമോ ഉപ്പിന്റെ കലവറയാണത്.

ഒരു പാക്കറ്റ് ന്യൂഡിൽസിൽ 875 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. ഒരുദിവസം ഒരാൾ കഴിക്കാവുന്ന സോഡിയത്തിന്റെ അളവാണിത്. ഉപ്പ് കൂടുന്നത് രക്തസമ്മർദം കൂട്ടാനും ഹൃദ്രോഗത്തിനും കാരണമാകും.

∙ റെഡ്മീറ്റ്

ചുവന്ന ഇറച്ചി അഥവാ റെഡ്മീറ്റ് പൂരിത കൊഴുപ്പുകൾ, കൊളസ്ട്രോൾ ഉപ്പ് ഇവ ധാരാളം അടങ്ങിയ ഭക്ഷണമാണ്. മാസത്തിൽ ഒരിക്കൽ മാത്രമേ ഇവ കഴിക്കാവൂ എന്നതും ശ്രദ്ധിക്കുക.

ഈ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണം എന്നു മാത്രമല്ല കുട്ടികൾക്കു കൊടുക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. നമുക്കായി നിശബ്ദമായി ജോലി ചെയ്യുന്ന ഹൃദയത്തെ മറക്കാതിരിക്കുക.

Read More: Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA