പുളി ആളൊരു പുലിയാണ് 

tarmind
SHARE

നമ്മുടെ പുളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു മിക്കവരും ബോധവാന്മാരല്ല  എന്നതാണ് സത്യം. നമ്മളുടെ വഴിവക്കുകളിലും വീടിന്റെ പിന്നാമ്പുറത്തും ഒരു സാധാരണക്കാരനെ പോലെ നില്‍ക്കുന്ന പുളി സത്യത്തില്‍ ആളൊരു പുലിയാണ്. ഏഷ്യന്‍ ജനതയുടെ ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് പുളി എന്നു തന്നെ പറയാം. നമ്മുടെ മിക്ക കറികളിലും പുളി ഉണ്ട്. പുളിയില വരെ നമ്മള്‍ കറികളില്‍ ഉള്‍പ്പെടുത്തും. അങ്ങനെയുള്ള ഈ പുളിയുടെ ആരോഗ്യഗുണങ്ങള്‍ കൂടിയൊന്നു നോക്കാം.

ഇന്‍സുലിന്‍ ക്രമപ്പെടുത്തും

പുളിയില കൊണ്ടുണ്ടാക്കുന്ന ഒരു പാനീയത്തിന് ശരീരത്തിലെ ഇന്‍സുലിന്‍ അളവ് ക്രമപ്പെടുത്താന്‍ സാധിക്കും. രക്തത്തിലെ ഷുഗര്‍ നില ക്രമപ്പെടുത്താന്‍ ഇത് ഉത്തമമാണ്. അതുകൊണ്ടു പുളിയില എന്നാല്‍ പ്രമേഹരോഗികളുടെ ഔഷധം എന്നു പറയാം.

ആര്‍ത്തവാനുബന്ധവേദനകള്‍ക്ക് 

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു പുളിയില മികച്ചതാണ്. ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് ഇത് നല്ലതാണ്. പുളിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇവിടെ സഹായകമാകുന്നത്. പുളിയില, പപ്പായയില, ഉപ്പ് എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ആര്‍ത്തവസംബന്ധമായ എല്ലാ അസ്വസ്ഥതകളും ഇല്ലാതാകും.

സന്ധിവേദന 

ഇതിനും പുളി മികച്ചതാണ്. സന്ധിവേദന, പേശിവേദന എന്നിവയ്ക്ക് പുളിയില ചേര്‍ത്തുണ്ടാക്കുന്ന പാനീയം നല്ലതാണ്. ഈ ഇല ഇട്ടു ചായ കുടിക്കുന്നവരും ഉണ്ട്. 

വായുടെ ആരോഗ്യം 

വൈറ്റമിന്‍ സിയുടെ സ്രോതസ്സ് എന്നുതന്നെ പറയാം പുളിയെ. മോണരോഗങ്ങള്‍ക്കും മോണവീക്കത്തിനും അതു കൊണ്ട് പുളി ഒരു മരുന്നാണ്. പല്ല് വേദനയ്ക്ക് പുളിയില പരിഹാരമാണ്.

പ്രതിരോധശേഷി കൂട്ടും 

വൈറ്റമിന്‍ സിയുടെ കലവറയാണ് പുളിയില എന്നു പറഞ്ഞല്ലോ. ശരീരത്തിലെ രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് മികച്ചതാണ്. പുളിയുടെ ഉപയോഗം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് അതുകൊണ്ട് തന്നെ ഗുണകരമാണ്. 

സൗന്ദര്യത്തിനും മുറിവുണക്കാനും

സൗന്ദര്യം കൂട്ടാന്‍ പുളിയോ? ആശ്ചര്യപ്പെടാന്‍ വരട്ടെ. അതെ പുളിയിലെ ആന്റി ഓക്സിഡന്റുകള്‍ ആണ് ഇതിനു സഹായിക്കുന്നത്. ചര്‍മത്തിന് തിളക്കം നല്‍കാനും ത്വക്ക് രോഗങ്ങള്‍ കുറയ്ക്കാനും പുളിയിലയ്ക്ക് സാധിക്കും. ചര്‍മത്തിലെ ചുളിവുകള്‍, പാടുകള്‍ എന്നിവ ഇല്ലാതാക്കും. ഒപ്പം ചെറിയ മുറിവുകള്‍, പൊള്ളലിന്റെ പാടുകള്‍ എന്നിവ ഇല്ലാതാക്കാനും പുളിക്ക് കഴിയും. 

ഹൃദ്രോഗം, മലേറിയ

രക്തത്തിലെ കൊളസ്ട്രോള്‍ നില ക്രമപ്പെടുത്താനും രക്തസമ്മര്‍ദം ഉയരാതെ കാക്കാനും പുളിയ്ക്ക് കഴിയും. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കും. അതുപോലെ മലേറിയ രോഗത്തിനും പുളിയില പ്രതിരോധം തീര്‍ക്കും എന്നാണു പറയപ്പെടുന്നത്‌. മലേറിയയ്ക്ക് കാരണമാകുന്ന പ്രോട്ടോസൊണ്‍ പാരസൈറ്റിനെ (protozoan parasite)  പ്രതിരോധിക്കാന്‍ പുളിക്ക് കഴിയും. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA