വേനൽക്കാലത്ത് കുടിക്കാം ലസ്സി, കാരണവുമുണ്ട്

lessi
SHARE

ഏറെ പുളിപ്പില്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്ന പാനീയമാണു ലസ്സി. ആവശ്യമെങ്കിൽ ലേശം ഉപ്പുകൂടി ചേർത്താൽ രുചിയേറും. പഞ്ചാബിന്റെ സ്വന്തം പാനീയമാണു ലസ്സി. ദക്ഷിണേന്ത്യയിലാണു ലസ്സിക്ക് ആരാധകരേറെയുള്ളത്.

കാലം മാറിയതോടെ പലതരം പഴങ്ങളും മറ്റു മിശ്രിതവുമൊക്കെ ചേർത്തു വ്യത്യസ്ത രുചികളിലും നിറങ്ങളിലും പലതരം ലസ്സി വിപണി കീഴടക്കിത്തുടങ്ങി. ചൂടുകാലമായതോടെ തണുത്തുറഞ്ഞ ലസ്സിക്ക് ആവശ്യക്കാരേറെയായി. വേനൽക്കാലത്ത് ലസ്സി കുളിർമയേകുന്നത് ശരീരത്തിനു മാത്രമല്ല, മനസ്സിനു കൂടിയാണ്. രുചിയേറിയ ഒരു നാടൻ പാനീയം എന്നതിലുപരി ഒരു ഹെൽത്ത് ഡ്രിങ്ക് കൂടിയാണ് ലസ്സി. അത് ശരീരത്തിനു സമ്മാനിക്കുന്ന ആരോഗ്യഘടകങ്ങൾ ഏറെയാണ്. പ്രകൃതിദത്തമായ പാനീയം എന്നതിലുപരി ഏറെ ചെലവില്ലാത്ത ഒന്നാണ് ലസ്സി എന്നതും ഇതിനെ സാധാരണക്കാർക്കു പോലും പ്രിയങ്കരമാക്കുന്നു.

രാത്രിയിൽ തൈര് കഴിച്ചാൽ?

തൈരും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന പരമ്പരാഗത ലസ്സിക്കു പുറമേ സ്ട്രോബെറി, മാങ്ങ, ഏത്തപ്പഴം, ലിച്ചി, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ ചേർത്തുള്ളവയും ഇപ്പോൾ സുലഭമാണ്. ചോക്ലേറ്റ് ചേർത്ത ചോക്ലേറ്റ് ലസ്സിയുടെയും തരംഗമാണ്. എന്തിനേറെ ഡ്രൈ ഫ്രൂട്ട്സും നട്ട്സുമൊക്കെയിട്ടു ലസ്സി ഇപ്പോൾ കൂടുതൽ വ്യത്യസ്തമാകുന്നു.

ലസ്സി ആരോഗ്യം സമ്മാനിക്കുന്ന ഹെൽത്ത് ഡ്രിങ്ക്

ഊർജത്തെ ഉത്തേജിപ്പിക്കുന്ന ദ്രാവകരൂപത്തിലുള്ള പാനീയമാണ് ലസ്സി. ലസ്സിയിൽ അടിസ്ഥാനപരമായി അടങ്ങിയിരിക്കുന്ന തൈരിന്റെയും പഞ്ചസാരയുടെയും എല്ലാ ഗുണങ്ങളും ശരീരം ആവാഹിച്ചെടുക്കും എന്നു തീർച്ച. തൈരിന് സ്വാഭാവികമായ ചില ഔഷധഗുണങ്ങളുണ്ട്. ചൂടുകാലത്ത് ശരീരത്തിൽ നിന്ന് ധാരാളം ജലാംശവും ധാതുക്കളും വിയർപ്പിലൂടെ നഷ്ടമാകുന്നുണ്ട്. ഇത് ഒരു പരിധി വരെ നികത്താൻ ലസ്സിയിൽ അടങ്ങിയിരിക്കുന്ന തൈരിനു സാധിക്കും. തളർച്ചയും ക്ഷീണവും അകറ്റുന്നതിനൊപ്പം, ശരീരത്തിനു കുളിർമ നൽകാനുള്ള കഴിവ് ഈ പാനീയത്തിനുണ്ട്. 

പഞ്ചസാരയുടെ സാനിധ്യം മൂലം ഗ്ലൂക്കോസ് ഉടനടി ഉൽപാദിപ്പിക്കപ്പെടുന്നു. മൂത്രസഞ്ചിയെ തണുപ്പിക്കുന്നതിനൊപ്പം ചൂടുകാലത്തെ ചൊറിച്ചിലിനും ശമനം വരുത്തും. ജീവകങ്ങളായ എ, ഇ, സി, ബി–1, റൈബോഫ്ലാവിൻ, ബി–12 എന്നിവ തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്, കാൽസ്യം എന്നീ ഘടകങ്ങളാലും സമ്പന്നമാണ് ലസ്സി. തൈരിലുള്ള ബാക്ടീരിയകൾ ദഹനപ്രക്രിയയെ സഹായിക്കും. കുടലിന്റെ ഭിത്തിളെ ശക്തിപ്പെടുത്താൻ ഇത്തരം ബാക്ടീരിയകൾക്കാവും. 

ബിരിയാണിക്കൊപ്പം തൈര് ചേർത്ത സാലഡ് കഴിച്ചാൽ?

ലാക്ടോസിനെ ഗാലക്ടോസും ഗ്ലൂക്കോസുമൊക്കെയായി മാറ്റാൻ ഇവയ്ക്കു കഴിവുണ്ട്. കോളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ശാരീരികപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും ഇവയ്ക്കാവും. ഇത്തരം ബാക്ടീരിയകളുടെ പ്രവർത്തനം(പ്രോബയോട്ടിക് ഇഫക്ട്) കുടലിന്റെ ആഗിരണത്തെ ഏറെ സഹായിക്കും.

തൈരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾക്ക് ദഹനം എളുപ്പമാക്കുന്നതിൽ വലിയ പങ്കുണ്ട്. അസിഡിറ്റി കുറയ്ക്കുന്ന കാര്യത്തിലും ഇത്തരം ബാക്ടീരിയകൾ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഒരുപരിധി വരെ ലസ്സി ഉത്തമമാണ്.

കൊഴുപ്പ് തീരെ കുറവായതിനാൽ അമിത വണ്ണം ഭയക്കാതെ ഇവ കുടിക്കാം. ലസ്സിയിലെ ഉപ്പിന്റെ സാനിധ്യവും ശരീരത്തിനു ഗുണം മാത്രമേ ചെയ്യുകയുള്ളു. കൃത്രിമ പാനീയങ്ങൾ, പ്രത്യേകിച്ച് കാർബണേറ്റ് ചെയ്തവ വയറ്റിനുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമ്പോൾ ലസ്സി അതിന്റെ നേരെ വിപരീതമായ ഫലങ്ങളാണു നൽകുന്നത്. 

Read More: Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA