ഇതൊക്കെ അറിഞ്ഞാൽ ആരെങ്കിലും വഴുതനങ്ങ വേണ്ടെന്നു വയ്ക്കുമോ?

brinjal
SHARE

പച്ചക്കറികളിലെ രാജാവ് എന്നറിയപ്പെടുന്നതാര് എന്നറിയുമോ  ? കത്തിരിക്ക എന്നും വിളിപ്പേരുള്ള വയലറ്റ്, പച്ച, വെള്ള നിറങ്ങളിൽ കാണപ്പെടുന്ന നീണ്ടും ഉരുണ്ടും ആകൃതിയിലുള്ള നമ്മുടെ പാവം വഴുതനങ്ങ തന്നെ.

കുട്ടികൾക്കുൾപ്പെടെ വഴുതനങ്ങയുടെ രുചി ഇഷ്ടമാകാറില്ല. സാമ്പാറിൽ ചേർക്കാനോ മെഴുക്കുപുരട്ടിയോ തോരനോ ആക്കാനും മാത്രമാകും പലരും വഴുതനങ്ങ ഉപയോഗിക്കുന്നത്. വടക്കേ ഇന്ത്യൻ രുചികൾ പ്രിയമുള്ളവർക്കാകട്ടെ രുചികരമായ പല വിഭവങ്ങളും തയാറാക്കാൻ വഴുതനങ്ങ മതി.

പാവം എന്നു പറഞ്ഞാലും പോഷക ഗുണങ്ങളുടെ കാര്യത്തിൽ ഇവൻ ഒരു വമ്പൻ തന്നെ. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള വഴുതനങ്ങ ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

വഴുതനങ്ങയിൽ ഫ്ലേവനോയ്ഡുകൾ ഉണ്ട്. നിരവധി ഗുണങ്ങളുള്ള അന്തോസയാനിൻ എന്ന ഫ്ലേവനോയ്ഡ് ആണ് വഴുതനങ്ങയ്ക്ക് ഇരുണ്ട പർപ്പിൾ നിറം നൽകുന്നത്.

100 ഗ്രാം വഴുതനങ്ങയിൽ 35 കാലറി ഉണ്ട്. കൂടാതെ ചെറിയ അളവിൽ പ്രൊട്ടീൻ, അന്നജം, കൊഴുപ്പ് (0.238 g) ഇവയും ഉണ്ട്. ഭക്ഷ്യനാരുകളും ആന്റിഓക്സിഡന്റുകളും ഉള്ള വഴുതനങ്ങയിൽ ജീവകങ്ങളും ധാരാളമുണ്ട്. പൊട്ടാസ്യം (188mg), സോഡിയം (1mg) കാൽസ്യം (6mg), സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, ജീവകം ബി 6, ജീവകം സി, ജീവകം ബി, മാംഗനീസ്, നിയാസിൻ, ഫോളിക് ആസിഡ് എന്നിവയും ഉണ്ട്. വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങൾ ഇതാ.

അർബുദം തടയും

വഴുതനങ്ങയിലടങ്ങിയ ഭക്ഷ്യ നാരുകൾ അന്നനാളത്തിലെ വിഷഹാരികളെ നീക്കുന്നു. ഇത് മലാശയ അർബുദം (Colon cancer) തടയാൻ സഹായിക്കുന്നു. കൂടാതെ വഴുതനങ്ങയിലെ നിരോക്സീകാരികൾ കോശങ്ങളിലെ ഫ്രീറാഡിക്കലുകളുടെ നാശം തടഞ്ഞ് അർബുദം അകറ്റുന്നു.

ശരീരഭാരം കുറയ്ക്കുന്നു

വഴുതനങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിൽ നാരുകൾ (Fibre) ധാരാളം ഉണ്ട്. അതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. വളരെ കുറഞ്ഞ അളവിൽ മാത്രമേ ഫാറ്റും കൊളസ്ട്രോളും ഇതിൽ ഉള്ളൂ.

എല്ലുകളുടെ ആരോഗ്യം

വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകുന്നു. ഓസ്റ്റിയോ പോറോസിസ് വരാതെ തടയുന്നു. എല്ലുകളുടെ സാന്ദ്രത കൂട്ടുന്നു. വഴുതനയിൽ അടങ്ങിയ ഇരുമ്പ്, കാത്സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ശരീരശക്തിക്കും ഗുണകരം. വഴുതനങ്ങയിലടങ്ങിയ കാൽസ്യവും എല്ലുകൾക്ക് ആരോഗ്യമേകുന്നു.

വിളർച്ച തടയുന്നു

തലവേദന, ക്ഷീണം, തളർച്ച, വിഷാദം ഇവയെല്ലാം വിളർച്ച മൂലം ഉണ്ടാകാം. ഇരുമ്പിന്റെ അംശം ധാരാളമുള്ള ഭക്ഷണങ്ങൾ കഴിച്ച് വിളർച്ച തടയാം. വഴുതനങ്ങയിൽ ഇരുമ്പ് ധാരാളം ഉണ്ട്. ഇരുമ്പു പോലെ അരുണ രക്താണുക്കൾക്ക് പ്രധാനമാണ് കോപ്പറും. ഈ രണ്ടു ധാതുക്കളും വഴുതനങ്ങയിലുണ്ട്. ക്ഷീണവും വിളർച്ചയും സമ്മർദ്ദവും അകറ്റാൻ വഴുതനങ്ങ ശീലമാക്കിയാൽ മതി.

ഹൃദയാരോഗ്യമേകുന്നു

മിക്ക പഴങ്ങളെയും പച്ചക്കറികളെയും പോലെ വഴുതനങ്ങയും ഹൃദയത്തിനു നല്ലതാണ്. നാരുകൾ, പൊട്ടാസ്യം, ജീവകം ബി 6, ഫൈറ്റോ ന്യൂട്രിയന്റുകൾ പോലെയുള്ള ഫ്ലേവനോയിഡുകൾ ഇവയെല്ലാം വഴുതനങ്ങയിലുണ്ട്. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വഴുതനങ്ങയിലെ ആന്റിഓക്സിഡന്റുകൾ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നു. ഹൃദ്രോഗം തടയുന്നു.

രക്തസമ്മർദം നിയന്ത്രിക്കുന്നു

ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ വഴുതനങ്ങയിലടങ്ങിയ പ്രധാന ധാതുവായ പൊട്ടാസ്യത്തിനു സാധിക്കുന്നു. സോഡിയത്തിന്റെ ഫലത്തെ നിർവീര്യമാക്കുക വഴി. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ വഴുതനങ്ങയിൽ കൂടിയ അളവിലുള്ള ആന്തോസയാനിനുകളും രക്തസമ്മർദം കുറയ്ക്കുന്നു.

പ്രമേഹത്തിന്

അന്നജം (കാർബോഹൈഡ്രേറ്റ്) കുറവും നാരുകൾ കൂടുതലുമായതിനാൽ പ്രമേഹ രോഗികൾക്ക് ഏറെ നല്ലതാണ്. വഴുതനങ്ങയിലെ നാരുകൾ, ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നു

വഴുതനങ്ങയിലടങ്ങിയ ക്ലോറോജനിക് ആസിഡ് ശക്തിയേറിയ ആന്റിഓക്സിഡന്റ് ഏജന്റായി പ്രവർത്തിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നു.

ഓർമശക്തിക്ക്

കോശസ്തരങ്ങളെ സംരക്ഷിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ഉള്ളതിനാൽ വഴുതനങ്ങ കഴിക്കുന്നത് തലച്ചോറിന്റെ നാശം തടയാൻ സഹായിക്കും. ഓർമശക്തി മെച്ചപ്പെടുത്താനും ഇവ സഹായകം തന്നെ.

തിളങ്ങുന്ന ചർമത്തിന്

പ്രായമേറുന്തോറും ചർമത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഫ്രീറാഡിക്കലുകൾക്ക് നാശം സംഭവിക്കുന്നത് മൂലമാണിത്. എന്നാൽ വഴുതനങ്ങയിലടങ്ങിയ ആന്റിഓക്സിഡന്റുകളും ജീവകങ്ങളും ഇതു സംഭവിക്കാതെ തടയുന്നു. കൂടാതെ ധാരാളം ജലാംശം അടങ്ങിയ പച്ചക്കറി ആയതിനാൽ ശരീരത്തിലെ വിഷഹാരി (toxins) കളെ നീക്കുകയും. ആരോഗ്യകരമായ തിളക്കം ചർമത്തിന് നൽകുകയും ചെയ്യും.

വഴുതനങ്ങ പാകം ചെയ്യും മുൻപ്

വഴുതനങ്ങ സ്റ്റീൽ കത്തി കൊണ്ട് മുറിക്കുന്നതാകും നല്ലത്. കറുപ്പ് നിറം വരാതെ ഇത് തടയും. മുറിച്ച ശേഷം ഉപ്പു വിതറുന്നത് കയ്പ്പ് ഇല്ലാതാക്കും. കുറച്ചു സമയം കഴിഞ്ഞ് കഴുകി എടുക്കാം.

ഇവർ വഴുതനങ്ങ ഒഴിവാക്കുക

വഴുതനങ്ങയിൽ ഓക്സലേറ്റ് അടങ്ങിയതിനാൽ വൃക്ക രോഗം ഉള്ളവർ ഇത് ഒഴിവാക്കുന്നതാകും നല്ലത്.

കൂടാതെ വഴുതനങ്ങയിൽ സൊളാനിൻ ഉൾപ്പെടെയുള്ള ആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതവും വീക്കവും വർധിപ്പിക്കും. സന്ധിവേദന ഉള്ളവർ വഴുതനങ്ങ അധികം ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്.

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള വഴുതനങ്ങ അടുക്കളത്തോട്ടത്തിന് ഒരു അലങ്കാരവുമാകും. ഇനി മടിക്കേണ്ട ആരോഗ്യം വീട്ടുമുറ്റത്തു തന്നെ ഉണ്ടാകട്ടെ. വഴുതനങ്ങ കൊണ്ട് രുചികരമായ വിഭവങ്ങൾ തയ്യാറാക്കൂ. വഴുതനങ്ങ വെറും വഴുതനങ്ങയല്ല എന്ന് മനസിലായില്ലേ?

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA