കുഞ്ഞുങ്ങള്‍ക്ക്‌ സോയാപാൽ നല്‍കാറുണ്ടോ; എങ്കില്‍ ഇതൊന്നു വായിക്കൂ

soya-milk
SHARE

നവജാതശിശുക്കള്‍ക്ക് ആറുമാസം വരെ മുലപ്പാൽ മാത്രമേ നൽകാവൂ എന്നാണ് വിദഗ്ധർ നിഷ്കർഷിക്കുന്നത് . എന്നാല്‍ ചില അവസരങ്ങളില്‍ അമ്മയ്ക്ക് ആവശ്യത്തിനു മുലപ്പാല്‍ ഇല്ലാതെ വരുമ്പോള്‍ കൃത്രിമആഹാരങ്ങള്‍ കുഞ്ഞിനു നല്‍കാറുണ്ട്. ചിലർ സോയാ പാലും നൽകും. എന്നാല്‍ ഇത് കുഞ്ഞുങ്ങള്‍ക്ക്‌ നല്ലതാണോ ? 

അല്ലെന്നു തന്നെ പറയേണ്ടി വരും. സോയ അടങ്ങിയ ശിശുക്കളുടെ ആഹാരം കഴിച്ചു വളര്‍ന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ ഭാവിയില്‍ ഗര്‍ഭപാത്രത്തില്‍ ചില മാറ്റങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. അമ്മയുടെ പാല്‍ അല്ലെങ്കില്‍ പശുവിന്‍ പാല്‍ കുടിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് ഈ മാറ്റം ഇല്ല. 

പലപ്പോഴും പാലിന് പകരമായി അമ്മമ്മാര്‍ കുഞ്ഞുങ്ങള്‍ക്ക്‌ സോയ പാല്‍ നല്‍കാറുണ്ട്. പശുവിന്‍ പാലില്‍ നിന്നുള്ള അലര്‍ജിയോ, മറ്റു ആരോഗ്യപ്രശ്നങ്ങളോ ഉള്ളപ്പോഴാണ് ഇങ്ങനെ നല്‍കുന്നത്. ഈസ്ട്രജന് സമാനമായ  genistein എന്ന വസ്തുവാണ് ഇതിലുള്ളത്. ശരീരത്തിലെ എന്‍ഡോക്രൈന്‍ വ്യവസ്ഥയെ താറുമാറാക്കാനും ഹോര്‍മോണ്‍ വ്യതിയാനം വരുത്താനും ഇതിനു സാധിക്കും. 

സോയ പൊതുവേ ആരോഗ്യത്തിനു നല്ലതാണ് എന്നാണു പറയുക. എന്നാല്‍ നവജാതശിശുക്കള്‍ക്ക് ഇത് എത്രമാത്രം ആരോഗ്യകരമാണ് എന്നതാണ് വിഷയമെന്ന് ഈ പഠനത്തിനു നേതൃത്വം നല്‍കിയ അമേരിക്കയിലെ വാണ്ടെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ഗവേഷകനായ മാര്‍ഗരെറ്റ് പറയുന്നു. അമേരിക്കയില്‍ ദഹനസംബന്ധമായ രോഗങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക്‌ പൊതുവേ ഡോക്ടർമാര്‍ സോയ്‌ പാല്‍ ശുപാര്‍ശ ചെയ്യാറുണ്ട്. 

പെണ്‍കുട്ടികളിലാണ് ഈ മാറ്റം പ്രകടമായിരിക്കുന്നത്. ഇവരുടെ യോനിയില്‍ സാധാരണയെക്കാള്‍ അധികമായി സെല്ലുകള്‍ വികസിക്കുന്നതായും ഗര്‍ഭപാത്രത്തിലെ പാളികള്‍ കുറയുന്നതായും ശ്രദ്ധയില്‍ പെട്ടിരുന്നു. നിലവില്‍ ഇതില്‍ എന്തെങ്കിലും അപകടം ഉണ്ടോയെന്നു പറയാന്‍ കഴിയില്ലെങ്കിലും ഭാവിയില്‍ സോയ പാലിന്റെ ഉപയോഗത്തെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA