Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെഡും നൂഡിൽസും ഒപ്പം രോഗങ്ങളും

bread-problem

വിശ്വസിച്ച് ഒരു ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ. ഏതിലാണ് മായം കലർന്നിരിക്കുന്നതെന്നു തിരിച്ചറിയാൻ പറ്റുന്നില്ല. ദിവസവും കേൾക്കുന്ന വാർത്തകളാകട്ടെ, വിഷം കലർന്ന ഭക്ഷണപദാർഥങ്ങളെക്കുറിച്ചുള്ളതും. ഈ. അവസ്ഥയിലൂടെയാണ് ഇപ്പോൾ ഓരോ മലയാളിയും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമാകട്ടെ, ദിനംപ്രതി ഉടലെടുക്കുന്ന പുതുരോഗങ്ങളും. ഏറ്റവും പുതിയതായി വന്നത് ബ്രെഡിൽ മാരകരാസവസ്തുക്കളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അപകടകരമായ അളവിൽ അടങ്ങിയിട്ടുണ്ടെന്നും ഇത് കാൻസറിലേക്കു വഴിവയ്ക്കുന്നു എന്നതുമായിരുന്നു.

ബ്രെഡും അർബുദവും

ബ്രെഡിനു മൃദുത്വവും മയവും കിട്ടുന്നതിനാണ് പൊട്ടാസ്യം ബ്രോമേറ്റ് ചേർക്കുന്നത്. ഡൽഹിയിൽ വിൽപ്പനയ്ക്കു വച്ചിരുന്ന ബ്രെഡുകളിലാണ് പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ സാനിധ്യം കണ്ടെത്തിയത്. പൊട്ടാസ്യം അയഡേറ്റ് തൈറോയ്ഡ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതിനാൽ നിരവധി രാജ്യങ്ങളിൽ ഇത് നിരോധിച്ചിട്ടുമുണ്ട്.

നൂഡിൽസും രോഗങ്ങളും

noodles

അമ്മമാർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും കുട്ടികൾക്ക് ഏറെ പ്രിയങ്കരവുമായ ഒന്നായിരുന്നു നൂഡിൽസ്. അനുവദനീയമായതിലും കൂടുതൽ അളവിൽ ഈയത്തിന്റെ അംശവും മോണോ സോഡിയം ഗ്ലൂട്ടമേറ്റിന്റെ സാനിധ്യവും നൂഡിൽസിൽ കണ്ടെത്തിയത് ചില്ലറയൊന്നുമല്ല ഇവരെ വിഷമത്തിലാക്കിയത്. തുടർന്ന് രാജ്യത്തുടനീളം നൂഡിൽസ് നിരോധിക്കുകയും ചെയ്തു. ഈയത്തിന്റെ അളവ് കൂടിയാൽ അത് നാഡീവ്യൂഹത്തെയും ദഹനേന്ദ്രിയ വ്യവസ്ഥയെയും ബാധിക്കുന്നു. ഓർമക്കുറവ്, ഉറക്കക്കുറവ്, ഓക്കാനം, വിളർച്ച, തലവേദന, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നു.

മറ്റൊരു പ്രധാന വില്ലനാണ് അജിനോമോട്ടോ. ഇത് അമിതമായി ശരീരത്തിലെത്തിയാൽ ചൈനീസ് റെസ്റ്ററന്റ് സിൻഡ്രോം എന്ന രോഗമുണ്ടാകുന്നു. തലവേദന, തലകറക്കം, നെഞ്ചുവേദന, ശ്വാസംമുട്ടൽ, അമിത വിയർപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.

പഴുത്ത മാങ്ങയും കാർബൈഡും

Tropical fruits - group of ripe mangoes in a wooden tray

പച്ചമാങ്ങ കണ്ടാൽ വായിൽ പുളിയും പഴുത്തതാണേൽ വെള്ളവും നിറയും. പണ്ടു കാലത്ത് വീടുകളിൽ മാങ്ങ സുലഭമായിരുന്നു. എന്നാല്‍ ഇപ്പോൾ ഇവയുടെ സ്ഥാനവും അന്യസംസ്ഥാനക്കാർ കൈയടക്കിക്കഴിഞ്ഞു. വിപണിയിൽ കാണുന്ന മാങ്ങ നോക്കി വെള്ളമിറക്കുമ്പോൾ അവയിലെ വിഷാംശം അറിഞ്ഞുകൊണ്ടുതന്നെ വാങ്ങിക്കഴിച്ചു പോകും. ഇത്തരത്തിൽ ലഭ്യമാകുന്ന മാങ്ങകൾ പലതും കൃത്രിമമായി പഴുപ്പിച്ചതാണെന്ന് മനസ്സിലാകുന്നത് കഴിക്കുമ്പോൾ കിട്ടുന്ന പുളിരസത്തിലാകും മനസ്സിലാകുന്നത്. പിന്നെ കാശ് കൊടുത്തു വാങ്ങിയതല്ലേ എന്നു കരുതി ഇതൊന്നും വകവയ്ക്കാതെ അങ്ങ് കഴിക്കുക തന്നെ.

കായ്കൾ മൂത്ത് പാകമാകുമ്പോൾ അവയിലുള്ള എത്തിലിൻ എന്ന സസ്യഹോർമോൺ സാവധാനം അവയെ പഴുപ്പിക്കുന്നു. എന്നാൽ കായ്കൾ മൂക്കുന്നതിനു മുമ്പ് പെട്ടെന്ന് പഴുപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുവാണ് കാർബൈഡ്. കാൽസ്യം കാർബൈഡിൽ ആർസെനിക്, ഫോസ്ഫറസ് എന്നീ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെത്തിയാൽ ഛർദ്ദി, വയറിളക്കം, നെഞ്ചെരിച്ചിൽ, ശ്വാസതടസം എന്നീ ലക്ഷണങ്ങളുണ്ടാകുന്നു.

വിവരങ്ങൾക്കു കടപ്പാട് : ഡോ. ജോർജ് തയ്യിലിന്റെ ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും എന്ന പുസ്തകം.