Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെഡും ബണ്ണും അത്ര സുരക്ഷിതമല്ല

bread

ബ്രെഡ്, ബൺ, ബിസ്ക്കറ്റ്, പിസ്സ ഇവയൊക്കെയാണ് നാം സാധാരണയായി പ്രശ്നമൊന്നുമുണ്ടാവാനിടയില്ലെന്ന് കരുതി ഉപയോഗിക്കുന്ന ആഹാരസാധനങ്ങള്‍. പക്ഷേ ഇവ അത്ര സുരക്ഷിതമല്ലെന്ന വാദവുമായി എത്തുകയാണ് ഒരുകൂട്ടം ഗവേഷകർ. ഈ ഉൽപ്പന്നങ്ങൾ മനുഷ്യന് അർബുദത്തിന് കാരണമായേക്കാവുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഒരു പഠനം അവകാശപ്പെടുന്നു.

സെന്റർ ഓഫ് സയൻസ് ആന്റ് എൻവയോണ്‍മെന്റ് നടത്തിയ പഠനത്തിൽ ഡൽഹിയിൽ നിന്ന് ശേഖരിച്ച ബേക്കറി ഉൽപ്പന്നങ്ങളു‌ടെ സാമ്പിളുകളിൽ 84% പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ( IARC ) പ്രകാരം പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യർക്ക് അർബുദത്തിന് കാരണമാകുന്നതാണ്.

അയഡിന്റെ അളവ് കൂ‌‌ടുതലാണെന്നതിനാൽ തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതുകൊണ്ട് പൊട്ടാസ്യം അയഡേറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുകയാണ്. എന്നാൽ നമുക്ക് യഥേഷ്‌ടം ലഭ്യമാകുന്നുമുണ്ട്. ഒരു വിഷ വസ്തുവാെന്നതിനാൽ ഇതിന്റെ ഉപയോഗം അനുവദിക്കാനാവില്ലെന്നാണ് ജോയിന്റ് എഫ്എഒ /ഡബ്ലിയുഎച്ച്ഒ വിദഗ്ദ സമിതിയുടെ നിഗമനം.

യൂറോപ്യൻ യൂണിയൻ, കാനഡ, നൈജീരിയ, ബ്രസീൽ, ദക്ഷിണ കൊറിയ, പെറു എന്നീ രാജ്യങ്ങളിൽ ഇത്തരം ഘടകങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദ്ദി , കിഡ്നി പരാജയം, വിഷാദം എന്നീ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ നമ്മുടെ നാട്ടിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ( FSSAI ) ബേക്കറി ഉൽപ്പന്നങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റും / അല്ലെങ്കിൽ പൊട്ടാസ്യം അയഡേറ്റും നിയന്ത്രിതമായ അളവിൽ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.