Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിക്കും കാരറ്റ് ആരോഗ്യത്തിനു നല്ലതോ?

carrot

നമ്മളും നമുക്കു ചുറ്റുമുള്ളവരും മിക്കപ്പോഴംു പറയാറുണ്ട് കാരറ്റ് കഴിക്കൂ, അത് ആരോഗ്യത്തിനു നല്ലതാണെന്ന്. ശരിക്കും കാരറ്റ് ആരോഗ്യത്തിനു നല്ലതാണോ?

ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന കിഴങ്ങുവർഗമായ കാരറ്റ് മഞ്ഞ, വെള്ള, ചുവപ്പ്, പർപ്പിൾ നിറങ്ങളിലും കാണപ്പെടാറുണ്ട്. പച്ചയ്ക്കും പാചകം ചെയ്തും ജ്യൂസ് ആക്കിയും കഴിക്കുന്ന കാരറ്റിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുമുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.

Nutritive values per 100gm carrot

എനർജി – 48kcal
പ്രോട്ടീൻ – 0.9 gm
ഫാറ്റ് – 0.2 gm
ഫൈബർ – 1.2 gm
കാർബോഹൈഡ്രേറ്റ്സ് – 10.6 gm
കാൽസ്യം – 80 mg
ഫോസ്ഫറസ് – 530 mg
അയൺ – 1.03 mg
കരോട്ടിൻ – 1890 meg
തയാമിൻ – .04 mg
നിയാസിൻ – .6 mg
ഫോളിക് ആസിഡ് – 15meg
വൈറ്റമിൻ സി – 3 mg

കാരറ്റിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ബീറ്റാകരോട്ടിനാണ്. ഇവ പിന്നീട് ശരീരത്തിൽവച്ച് വൈറ്റമിൻ എ ആയി മാറുന്നു. ഇതിനൊപ്പം ബി, സി വൈറ്റമിനുകളും നാരും അന്നജവും ചില മിനറലുകളും കാരറ്റിലുണ്ട്.

വൈറ്റമിൻ എയുടെ കുറവുകൊണ്ട് കാഴ്ചസംബന്ധിയായ പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അതിനാൽത്തന്നെ നേത്രാരോഗ്യത്തിനും സംരക്ഷണത്തിനും കാരറ്റ് ഉത്തമമാണ്. കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്തകൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, ബ്ലാഡർ കാൻസർ, ത്രോട്ട് കാൻസർ എന്നിവ. കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം കുറവായും പുകവലിക്കുന്നവരില്‍ ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ കാരറ്റ് ഉപയോഗിക്കുന്നവർക്ക് മറ്റ് പുകവലിക്കാരെ അപേക്ഷിച്ച് കാൻസർ സാധ്യത കുറവായതായും പഠനങ്ങൾ കാണിക്കുന്നു.

ചർമത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് കാരറ്റ്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. വാർധക്യത്തോടടുക്കുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവുകൾ അകറ്റാനും ഇത് ഉത്തമമത്രേ.

ആന്റിഓക്സിഡന്റുകളുടെ കലവറയായതിനാൽത്തന്നെ രോഗപ്രതിരോധശക്തി നൽകി പൊതുവായ ആരോഗ്യവും സംരക്ഷിക്കുന്നു. നാരുകളാൽ സമൃദ്ധമായതിനാൽ മലബന്ധവും അകലുന്നു.

മറ്റു കിഴങ്ങുവർഗങ്ങളെ വച്ചുനോക്കുമ്പോൾ ഊർജ്ജം കുറഞ്ഞ കാരറ്റ് അമിതവണ്ണമുള്ളവർക്കും മിതമായ രീതിയിൽ കഴിക്കാവുന്നതാണ്. പച്ചയ്ക്കു കഴിക്കുന്നതിനെക്കാൾ ഗുണം കൂടുന്നത് പാചകം ചെയ്തു കഴിക്കുമ്പോഴാണ്. എന്നാൽ അമിതമായി കാരറ്റ് കഴിക്കുന്നത് രക്തത്തിൽ കരോട്ടിൻ കൂടുതലാകാനും ത്വക്കിനു മഞ്ഞനിറം ഉണ്ടാകാനും കാരണമാകുന്നു.

സ്ഥിരമായി കാരറ്റ് കഴിക്കുന്നവരിൽ വീണ്ടും വീണ്ടും കഴിക്കാനുള്ള തോന്നലുണ്ടാകുന്നതായും കാണുന്നുണ്ട്. കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വിഷവസ്തുക്കൾ കാരറ്റിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.

മിക്സഡ് കാരറ്റ് ജ്യൂസ്

കാരറ്റ് – 3 എണ്ണം(വേവിച്ചത്)
ഓറഞ്ച് – 1
ഇഞ്ചി – ഒരു ചെറിയ കഷണം
വെള്ളരിക്ക – 1

തൊലി കളഞ്ഞ് എല്ലാം കൂടി ജ്യൂസിലടിച്ച് ഉടനേ ഉപയോഗിക്കുക.