Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിമിരം അകറ്റും ഭക്ഷണം

cataract

ജീവകം സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തിമിരത്തെ തടയുമെന്ന് പഠനം. അന്ധതയ്ക്കു കാരണമായേക്കാവുന്ന നേത്രരോഗമാണിത്. ജനിതക ഘടകങ്ങളെക്കാളധികം പാരിസ്ഥിതിക ഘടകങ്ങളും ഭക്ഷണവും തിമിരത്തെ സ്വാധീനിക്കുമെന്നും പഠനം പറയുന്നു.

ജീവകം സി ഭക്ഷണത്തിൽ വളരെ കുറച്ചു മാത്രം ഉൾപ്പെടുത്തിയവരെക്കാൾ ജീവകം സി അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചവർക്ക് തിമിരത്തിന്റെ പുരോഗതിയിൽ 33 ശതമാനം കുറവു കണ്ടു. പഠനം നടത്തിയ പത്തു വർഷത്തിനു ശേഷവും വ്യക്തമായ കാഴ്ചശക്തി ഇവർക്ക് ഉള്ളതായി തെളിഞ്ഞു.

ആഗോളതലത്തിൽ നടന്ന വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പഠനമാണിത്. പ്രായമായവർ അവരുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് തിമിരത്തിൽ നിന്ന് അവരെ സംരക്ഷിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടൻ കിങ്സ് കോളജിലെ ക്രിസ് ഹാമണ്ട് പറയുന്നു. പ്രമേഹം, പുകവലി എന്നിവയും തിമിരത്തിന് കാരണമാകാം. നിയന്ത്രിത ഭക്ഷണവും ജീവിതരീതിയും തിമിരശസ്ത്രക്രിയയുടെ സാധ്യത കുറയ്ക്കുമെന്നും ഹാമണ്ട് പറഞ്ഞു. പ്രായമേറുമ്പോൾ ഓക്സീകരണ ഫലമായി കണ്ണിലെ ലെൻസിന് മൂടൽ ബാധിക്കുന്ന അവസ്ഥയാണ് തിമിരം.

324 ജോഡി ഇരട്ടകളായ സ്ത്രീകളിൽ 10 വർഷം നീണ്ട പഠനത്തിൽ തിമിരത്തിന്റെ പുരോഗതി പരിശോധിച്ചു. കാഴ്ചയുടെ വ്യക്തത അറിയാൻ അവരുടെ ലെൻസിന്റെ ഫോട്ടോഗ്രഫുകൾ പരിശോധിച്ചു. ഒരു ഭക്ഷണ ചോദ്യാവലി വഴി പഠനത്തിൽ പങ്കെടുത്തവർ ജീവകം സി എത്രമാത്രം കഴിക്കുന്നുണ്ടെന്നതും അളന്നു. ജനിതക ഘടകങ്ങളെക്കാളധികം ഭക്ഷണം ഉൾപ്പടെയുള്ള പാരിസ്ഥിതിക ഘടകങ്ങൾ തിമിരത്തെ സ്വാധീനിക്കുന്നതായി തെളിഞ്ഞു.

മനുഷ്യ ശരീരത്തിന് ജീവകം സി നിർമിക്കാൻ സാധിക്കില്ല. അതുകൊണ്ട് നാം കഴിക്കുന്ന ഭക്ഷണത്തെയാണ് ഇതിനായി ആശ്രയിക്കാറ്. വൈറ്റമിൻ ഗുളിക കഴിക്കുന്നവരിൽ എന്തെങ്കിലും രോഗസാധ്യത കുറവുള്ളതായി കണ്ടില്ല. ഫുഡ് സപ്ലിമെന്റുകളെക്കാൾ നല്ലത് ആരോഗ്യകരമായ ഭക്ഷണമാണെന്ന് ഇതിൽ നിന്നും മനസിലാക്കാം– പഠനം നടത്തിയ കേറ്റ്്യൊനോവ പറഞ്ഞു.

ഇലക്കറികൾ, കാപ്സിക്കം, നാരങ്ങാവർഗത്തിൽപ്പെട്ട ഓറഞ്ച്, മുസംബി മുതലായ പഴങ്ങൾ, ബ്രൊക്കോളി, പപ്പായ, തക്കാളി ഇവയിലെല്ലാം ജീവകം സി അടങ്ങിയിട്ടുണ്ട്. ഒഫ്താൽമോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: