Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദ്ദമോ? ചെറിജ്യൂസ് കുടിക്കൂ...

cherry-juice

ചെറിജ്യൂസ് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്നു പഠനം. പുരുഷൻമാരിൽ തുടക്കത്തിൽ തന്നെ കണ്ടെത്തിയ രക്തസമ്മർദ്ദം മരുന്നിന്റെ സഹായമില്ലാതെ തന്നെ കുറയ്ക്കാൻ ചെറിജ്യൂസിനു കഴിഞ്ഞുവത്രേ. ചികിത്സ തേടിയില്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതോയൊപ്പം വൃക്കരോഗം, പക്ഷാഘാതം, ഡിമൻഷ്യ എന്നിവയ്ക്കും കാരണമാകും.

തുടക്കത്തിൽ 130/90 mmHg രക്തസമ്മർദ്ദമുള്ള 15 പുരുഷൻമാരിലാണ് പഠനം നടത്തിയത്. അവർക്ക് 60 ml ചെറിജ്യൂസ് നൽകി. ചിലർക്ക് അതേ രുചിയും ഗന്ധവുമുള്ള മാർക്കറ്റിൽ ലഭ്യമായ ഉൻമേഷം നൽകുന്ന ലഘുപാനീയമാണു നൽകിയത്.

ചെറിജ്യൂസ് കുടിക്കുന്നതിനു മുൻപ് രക്തപരിശോധനയ്ക്കായി സാമ്പിൾ എടുക്കുകയും രക്തസമ്മർദ്ദം പരിശോധിക്കുകയും ചെയ്തു. ജ്യൂസ് കുടിച്ച ശേഷം ഓരോ മണിക്കൂറിലും രക്തസമ്മർദ്ദം അളന്നു.

പുളിയുള്ള ഇനം ചെറിജ്യൂസ് കുടിച്ച പുരുഷൻമാരിൽ രക്തസമ്മർദ്ദം കുത്തനെ കുറഞ്ഞു. ജ്യൂസ് കുടിച്ച് വെറും മൂന്നു മണിക്കൂറിനു ശേഷം രക്തസമ്മർദ്ദം 7 mmHg കുറഞ്ഞതായാണ് കണ്ടത്. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നു കഴിച്ചാൽ ലഭിക്കുന്ന അതേ നിലയിലാണ് ഈ കുറവു കണ്ടത്. ചെറി ജ്യൂസിലടങ്ങിയ ഫിനോളിക് ആസിഡുകൾ, പ്രോട്ടോകാടെ ക്യൂയിക് വാനിലിക് സംയുക്തങ്ങൾ പ്ലാസ്മയിൽ ഉയർന്ന നിലയിലെത്തി രക്തസമ്മർദ്ദനില മെച്ചപ്പെടുത്തുന്നു.

ബ്രിട്ടനിലെ നോർതംബ്രിയ സർവകലാശാലയിലെ കരൻ കെയ്നിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഒരേയൊരു ആന്റിഹൈപ്പർടെൻസീവ് മരുന്നു നൽകുന്ന അതേ അളവിലാണ് രക്തസമ്മർദ്ദം കുറഞ്ഞത്. ഇതു ചെറിപ്പഴത്തിനു രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവ് വ്യക്തമാക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദമാണ് ഹൃദ്രോഗം മൂലമുള്ള മരണത്തിനു പ്രാധാന കാരണം. അതുകൊണ്ട് രക്തസമ്മർദ്ദത്തിന്റെ അളവ് ചെറുതായി കുറയുന്നതു പോലും മരണനിരക്കിൽ വലിയ വ്യത്യാസങ്ങളുണ്ടാക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.  

Your Rating: