Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പച്ചക്കറികൾ ധൈര്യമായി വേവിച്ചോളൂ

vegetables

വേവിച്ചാല്‍ പച്ചക്കറികളുടെ ഗുണം പോകുമെന്നാണ് പൊതു ധാരണ. മിക്ക പച്ചക്കറികളുടെ കാര്യത്തിലും അത് ശരിയാണ് താനും. എന്നാല്‍ ചില പച്ചക്കറികള്‍ നേരെ തിരിച്ചാണ്. വേവിക്കുമ്പോള്‍ അവയുടെ പോഷക ഗുണങ്ങള്‍ വർധിക്കും. വെന്ത് കഴിയുമ്പോള്‍ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നതാണ് ഇതിന് കാരണം. ഒപ്പം ദഹനപ്രക്രിയ വേഗത്തിലാക്കാനും ഇത് സഹായിക്കും. ഇത്തരത്തിലുള്ള ചില പച്ചക്കറികളെപ്പറ്റി അറിയാം:

1. ചീര

countyr-green

കാല്‍സ്യം, അയണ്‍, മഗ്നീഷ്യം എന്നിവയാല്‍ സമൃദ്ധമാണ് ചീര. ഇവയോടൊപ്പം ഓക്സാലിക് ആസിഡും അടങ്ങിയിട്ടുണ്ട്. സാലഡായും ജ്യൂസായുമെല്ലാം പച്ചയ്ക്ക് ചീര കഴിച്ചാല്‍ ഓക്സാലിക് ആസിഡ് മൂലം മുകളില്‍ പറഞ്ഞ മറ്റ് പോഷകാംശങ്ങള്‍ ശരീരത്തിന് പൂര്‍ണ്ണമായും ആഗിരണം ചെയ്യാനാകില്ല. അതേസമയം ചീര വേവിക്കുമ്പോള്‍ ചീരയിലെ ഓക്സാലിക് ആസിഡിന്‍റെ അളവ് ഗണ്യമായ തോതില്‍ കുറയും. കൂടാതെ വേവിച്ച ചീരയില്‍ കാല്‍സ്യത്തിന്‍റെ ഗുണം മൂന്നിരട്ടിയായി വർധിക്കുകയും ചെയ്യും.

2. കാരറ്റ്

carrot

വേവിക്കാതെ ഏറ്റവുമധികം കഴിക്കുന്ന പച്ചക്കറികളില്‍ ഒന്നാകും കാരറ്റ്. എന്നാല്‍ പച്ചയ്ക്ക് കഴിക്കുന്നതിനേക്കാള്‍ വേവിച്ച് കഴിക്കുമ്പോഴാണ് കാരറ്റ് ദഹിക്കാന്‍ എളുപ്പം. ഇത് മാത്രമല്ല കാരറ്റില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ എന്ന ആന്‍റി ഓക്സിഡന്‍റിന്‍റെ പരമാവധി ഗുണം ലഭിക്കാനും വേവിച്ച് കഴിക്കുന്നത് സഹായിക്കും. കാഴ്ചശക്തിയെ സഹായിക്കുന്ന വൈറ്റമിന്‍ എ ആയി രൂപാന്തരപ്പെടുന്നത് ബീറ്റാ കരോട്ടിനാണ്.

3. തക്കാളി

tomato

സാലഡിലും സാൻവിച്ചിലുമെല്ലാം പിശുക്ക് കൂടാതെ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി. എന്നാല്‍ തക്കാളിയും വേവിച്ച് കഴിക്കുന്നതാണ് ഉചിതം. കാരണം കാന്‍സറിനെ പ്രതിരോധിക്കുന്ന ലൈക്കോപീന്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. വേവിക്കുമ്പോള്‍ തക്കാളിയിലെ ലൈക്കോപീനിന്‍റെ അളവ് ഏതാണ്ട് 30 ശതമാനത്തോളം വർധിക്കും.

4. കാബേജ്

cabbage

കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളില്‍ ശരീരത്തിലെ തൈറോയിഡ് ഹോര്‍മോണ്‍ ഉൽപാദനം തടയുന്ന ഗോയിട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് അധികമായ അളവില്‍ കഴിക്കുന്നത് ഹൈപ്പോതൈറോയിഡിസത്തിന് കാരണമായേക്കാം. ഇത്തരം പച്ചക്കറികള്‍ കൃത്യമായ അളവില്‍ വേവിക്കുന്നത് ഗോയിട്രജന്‍റെ അളവ് ഗണ്യമായി കുറക്കും.

5. കൂൺ

Mushroom

കൂണ്‍ പച്ചയ്ക്ക് കഴിക്കുന്നത് സാധാരണമല്ല. എങ്കിലും മറ്റ് രാജ്യങ്ങളിലെ പാചകങ്ങള്‍ പരീക്ഷിക്കുമ്പോള്‍ നന്നായി വേവാത്ത കൂണ്‍ ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇതില്‍ ഒരപകടം പതിയിരിക്കുന്നുണ്ട്. കാരണം മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് വിഷാംശം കൂണില്‍ കാണാറുണ്ട്. വേവിക്കുമ്പോള്‍ കൂണിലെ ഈ വിഷാംശം ഇല്ലാതാകുന്നതിനൊപ്പം ദഹനവും എളുപ്പമാക്കും. കൂടാതെ വേവിക്കുമ്പോള്‍ കൂണിലെ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുകയും ചെയ്യും.