Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടിനെ തണുപ്പിക്കാൻ മൂന്നു പാനീയങ്ങൾ

mint-lime

ഫെബ്രുവരി തീരുന്നതേയുള്ളൂ. മാർച്ചും ഏപ്രിലും മേയും മുഴുവൻ കാത്തിരിപ്പുണ്ട്, വേനൽച്ചൂടിന്റെ രാപകലുകളുമായി. പുറത്തിറങ്ങിയാലും ഇല്ലെങ്കിലും ശരീരത്തിന്റെ

ജലാംശം ധാരാളം നഷ്ടമാവുന്ന ദിനങ്ങളാണു വരുന്നത്. ആരോഗ്യസംരക്ഷണത്തിനു വെള്ളം കുടിക്കേണ്ടത് അത്യാവശ്യം. തിളപ്പിച്ചാറിയ വെള്ളം തന്നെ എത്രയെന്നു വച്ചാ കുടിക്കുന്നത്? വെറൈറ്റിക്കു വേണ്ടി ജ്യൂസോ മറ്റു പാനീയങ്ങളോ കുടിക്കണമെങ്കിൽ ഉടനെ കടകളിലേക്ക് ഓടേണ്ട, ഇക്കുറി. ടിന്നിലടച്ച പാനീയങ്ങളോടും ബൈ പറയാം. എന്നിട്ടു സ്വന്തമായുണ്ടാക്കാം, ദാഹമകറ്റുന്ന, ആരോഗ്യമേകുന്ന ചില പാനീയങ്ങൾ.

മിന്റ് ലൈം

സ്ഥിരം നാരങ്ങാവെള്ളം ഒന്നു മാറ്റിപ്പിടിക്കാം. കർപ്പൂര തുളസിയുടെയും തുളസിയുടെയും ഗുണവും തേനിന്റെ ഇളം മധുരവുമായി ചൂടിനെ നേരിടാം. വൈറ്റമിൻ സി യും ആന്റി ഓക്സിഡന്റുകളും ഇതിനൊപ്പം ഫ്രീ.

നന്നായി പഴുത്ത ചെറുനാരങ്ങ: നാലെണ്ണം

അധികം പഴുക്കാത്തത്: മൂന്നെണ്ണം

കർപ്പൂരതുളസിയില, തുളസിയില: കാൽ കപ്പ്. (തുളസിയിലയുടെ അളവ് കുറഞ്ഞിരിക്കണം)

പഞ്ചസാര: മുക്കാൽ കപ്പ്

തേൻ: മൂന്ന് ടേബിൾ സ്പൂൺ

ചെറുനാരങ്ങ നന്നായി പിഴിഞ്ഞു നീരെടുത്ത് അരിച്ചെടുക്കുക. ഇത് ഏകദേശം ഒരു കപ്പ് ഉണ്ടായിരിക്കും. കാൽ കപ്പ് പഞ്ചസാരയും കർപ്പൂര– തുളസിയിലകളും ചേർത്തു നന്നായി ചതച്ചെടുക്കുക. ഇത് ഒരു ചില്ലു ജാറിലേക്കു പകർന്നശേഷം അരിച്ചെടുത്ത നാരങ്ങാനീര് ഇതിലേക്കു ചേർക്കുക. നന്നായി ഇളക്കിയശേഷം ബാക്കി പഞ്ചസാരകൂടി ചേർത്തു നന്നായി അലിയിച്ചെടുക്കുക. ഒരു ഗ്ലാസിൽ തണുത്തവെള്ളവും ഐസ് ക്യൂബുകളും പകുതിയോളം നിറച്ചശേഷം നാരങ്ങാനീര്– തുളസി മിശ്രിതം ചേർക്കുക. ഇതിനുമുകളിലേക്കു തേൻ കൂടി പകർന്നശേഷം കുടിക്കാം.

സ്വീറ്റ് ലസ്സി

sweet-lassi

പഞ്ചാബിന്റെയും മറ്റു ഉത്തരേന്ത്യൻ പ്രദേശങ്ങളുടെയും സ്വന്തം പാനീയമാണു ലസ്സി. ചൂടിനെ തുരത്തുന്നതിനൊപ്പം കലർപ്പില്ലാത്ത രുചിയും ആരോഗ്യവും നേടാം.

പുളിയില്ലാത്ത കട്ടത്തൈര്: രണ്ടുകപ്പ്

പഞ്ചസാര: മൂന്ന് ടേബിൾ സ്പൂൺ

തണുത്ത പാൽ / വെള്ളം: കാൽ കപ്പ്

ഫ്രഷ് ക്രീം: ഒരു ടീസ്പൂൺ

റോസ് വാട്ടർ / റോസ് എസൻസ്: ഒരു ടീസ്പൂൺ

ഏലയ്ക്ക പൊടിച്ചത്: അര ടീസ്പൂൺ

ബദാം: നീളത്തിൽ അരിഞ്ഞത്: ഒരു ടേബിൾ സ്പൂൺ

തൈര്, പഞ്ചസാര, തണുത്തപാൽ, റോസ് എസൻസ് എന്നിവ മിക്സറിലോ ബ്ലെൻഡർ ഉപയോഗിച്ചോ യോജിപ്പിക്കുക. അധികം ശക്തിയായി ബ്ലെൻഡ് ചെയ്യരുത്. വെണ്ണ വേർതിരിയാത്തതുപോലെയേ ചെയ്യാവൂ. ഇതു റഫ്രിജറേറ്ററിൽ വച്ചു നന്നായി തണുപ്പിച്ചശേഷം ഐസ് ക്യൂബുകളിട്ട ഗ്ലാസിലേക്കു പകരുക. മുകളിൽ ഫ്രഷ് ക്രീമും ബദാമും ഏലയ്ക്ക പൊടിച്ചതും വിതറി അലങ്കരിക്കാം. മധുരം കൂടുതൽ വേണ്ടവർക്കു പഞ്ചസാര കൂടുതൽ ചേർക്കാം.

പപ്പായ മിൽക് ഷേക്ക്

papaya-shake

വലിയ ചെലവില്ലാതെ ഒരു ഷേക്ക് വീട്ടിലൊരുക്കാം. ആർക്കും വേണ്ടാതെ വീണുപോകുന്ന പപ്പായയ്ക്ക് ഒരു പ്രമോഷനും. വൈറ്റമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും സ്രോതസാണു പപ്പായ.

ചെറിയ കഷണങ്ങളാക്കിയ പപ്പായ: ഒരു കപ്പ്

നന്നായി തണുത്ത പാൽ: ഒന്നര കപ്പ്

പഞ്ചസാര: മുക്കാൽ കപ്പ്

തേൻ: രണ്ട് ടേബിൾ സ്പൂൺ

പാലും പപ്പായക്കഷണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണു പാകം. കുടിക്കുന്നതിനു തൊട്ടുമുൻപു തേൻ ചേർത്തെടുക്കാം.

Your Rating: