Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീരകൾ ആരോഗ്യത്തിനു നല്ലതോ?

amaranth

ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. ചെഞ്ചീര, പച്ചച്ചീര, വേലിച്ചീര അഥവാ മധുരച്ചീര എന്നു തുടങ്ങി പലവർണത്തിലും പല വിധത്തിലും ചീരകൾ നമ്മുടെ വീട്ടുവളപ്പിലും കടകളിലും ലഭ്യമാണ്. ധാരാളം ആന്റിഓക്സിഡന്റ് , വിറ്റമിനുകൾ, ധാതുക്കൾ‍, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമാണ്.

ഊർജം കുറഞ്ഞ് നാരുകൾ ധാരാളമുള്ള ചീരകൾ ദഹനത്തിന് നല്ലതാണ്. വിറ്റമിനുകളായ എ, സി, കെ, ഫോളിക് ആസിഡ് എന്നിവ ചീരകളിൽ നല്ലതോതിലുണ്ട്. ചീരകളുടെ വ്യത്യാസം അനുസരിച്ച് ഇവയുടെ അളവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു.

ആന്റിഓക്സിഡന്റ് ധാരാളമുള്ള ചീര കാൻസർ പ്രതിരോധശേഷിയുള്ളവയായി തെളിയിച്ചിട്ടുണ്ട്. ആന്റിഓക്സിഡന്റിനൊപ്പം വിറ്റമിൻ എയുടെ കൂടെ സ്വാധീനം കാഴ്ച ശക്തിക്ക് പ്രത്യേകിച്ച് പ്രായമായവരിലെ കാഴ്ച ശക്തിക്ക് ഉത്തമമാണ്. മിക്ക ചീരകളിലും നിട്രാറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കുന്നു.

ചീരകളിൽ പ്രത്യേകിച്ച് പച്ചചീരയിലും മധുരച്ചീരയിലും കാൽസ്യം, വിറ്റമിൻ കെ ഇവ നല്ലതോതിൽ ഉണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ ഉപകരിക്കുന്നവയാണ്. മധുരച്ചീര ചില പ്രദേശങ്ങളിൽ മുലപ്പാൽ കൂട്ടാനായി ഉപയോഗിച്ചുവരുന്നു. രോഗപ്രതിരോധശക്തി കൂട്ടാൻ ചീരകൾക്ക് കഴിയും എന്നും പഠനങ്ങളിൽ പറയുന്നു.

ഒട്ടുമിക്ക വിറ്റമിനുകളും നാരുകളും ഉള്ള ചീരകൾ ഗർഭിണികൾക്കും പ്രമേഹരോഗികൾക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വേവിച്ച ചീര വീണ്ടും ചൂടാക്കുന്നത് അതിലെ നൈട്രേറ്റ് നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ ചീര വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടുള്ളതല്ല. പ്രത്യേകിച്ച് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ പ്രായമായവർ എന്നിവർ.

ഗുണങ്ങളോടൊപ്പം ദോഷങ്ങളുമുണ്ട് ചീരകൾക്ക്. ചീരകളിൽ Purene, Calcium, Oxalate ഇവ അടങ്ങിയിരിക്കുന്നു. അതിനാൽ കിഡ്നി സ്റ്റോൺ ഉള്ളവർ മിതമായ അളവിൽ മാത്രം ഇവ ഉപയോഗിക്കുക. വിറ്റമിൻ കെ ധാരാളമുള്ള ചീരകൾ ബ്ലഡ് തിന്നിങ് മെഡിസിനുകൾ എടുക്കുന്നവരും നിയന്ത്രണ വിധേയമാക്കേണ്ടതാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്കും ചീര അത്ര നല്ലതല്ല. മധുരച്ചീര സ്ഥിരമായി അമിതമായി കഴിക്കുന്നത് ഉറക്കതടസം, ശ്വാസം മുട്ടൽ, ബ്രോങ്കിയോലിറ്റിസ് ഇവയ്ക്ക് കാരണമാകുന്നുവെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ചീരകളിൽ കീടനാശിനകളുടെ അംശം കാണാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഇവ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.

ചീര മുട്ട തോരൻ
ചേരുവകൾ
ചീര- ഒരു കപ്പ് അരിഞ്ഞത്
മുട്ട - രണ്ട്
കടുക് - കാൽ ചെറിയ സ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ -ഒരു വലിയ സ്പൂൺ

II
തേങ്ങ- കാൽ കപ്പ്
മഞ്ഞൾപൊടി - കാൽ ചെറിയ സ്പൂൺ
ഉള്ളി- മൂന്നെണ്ണം
പച്ചമുളക് - രണ്ട് മൂന്ന് എണ്ണം
ജീരകം - ഒരു നുള്ള്

∙ രണ്ടാമത്തെ ചേരുവകൾ നല്ലതായി ചതച്ച് ചീരയുമായി ചേർത്ത് ന്നായി ഇളക്കിവയ്ക്കുക
∙ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിക്കുക
∙ അതിലേക്ക് ചീരചേർത്ത് മൂടി വച്ച് വേവിക്കുക
∙ ചീര വെന്തു കഴിയുമ്പോൾ മുട്ട പൊട്ടിച്ച് ഒഴിക്കുക
∙ മുട്ട വേവുന്നതുവരെ ഇളക്കി കൊടുക്കുകക
∙ മുട്ട പാകമായാൽ തീയിൽ നിന്ന് ഇറക്കി ഉപയോഗിച്ചു തുടങ്ങാം.