Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളർച്ച മാറ്റാൻ ഈന്തപ്പഴം

dates

അയണിന്റെ (ഇരുമ്പ്) കുറവുമൂലമാണ് വിളർച്ച ഉണ്ടാകുന്നത്. വിളർച്ച ഒരു പരിധിവരെ ആഹാരക്രമത്തിലൂടെ നിയന്ത്രിക്കാം. എന്നാൽ സിക്കിൾ സെൽ അനീമിയ ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്തിയാലും പരിഹരിക്കാനാകില്ല.

ആഹാരപരിഹാരങ്ങൾ

അയൺ, ഫോളിക് ആസിഡ് അല്ലെങ്കിൽ വൈറ്റമിൻ ബി12 ഇവ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതു ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനു സഹായിക്കുന്നു. കൂടാതെ ചെറിയ അളവിൽ വൈറ്റമിൻ സി, റൈബോഫ്ലേവിൻ, കോപ്പർ മുതലായവയും രക്താണുക്കളുടെ ഉത്പാദനത്തിനു സഹായിക്കുന്നു. ഇലവർഗങ്ങൾ, പയറുവർഗങ്ങൾ, കരൾ, ഇറച്ചി മുതലായവയിൽ ഫോളിക് ആസിഡ് ധാരാളമുണ്ട്. വൈറ്റമിൻ ബി12 മാംസാഹാരങ്ങളിലാണ് കൂടുതലായി കാണുന്നത്.

മാംസാഹാരം വിളർച്ച മാറ്റും

ഹീമോഗ്ലേ‍ാബിൻ ഉത്പാദനത്തിന് അയൺ ആവശ്യമാണ്. അയൺ പച്ചക്കറികളേക്കാൾ കൂടുതൽ മാംസാഹാരത്തിൽ നിന്ന് ശരീരത്തിന് ആഗിരണം ചെയ്യാനാകും. അതുകൊണ്ട‍ു വിളർച്ച മാറ്റാൻ മാംസം ആയ ബീഫ്, ലിവർ എന്നിവയും കോഴി, പന്നി, ഞണ്ട്, ചെമ്മ‍ീൻ തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്.

പഴങ്ങളും പച്ചക്കറികളും

പച്ചക്കറികൾ, പഴങ്ങൾ മുതലായവ വൈറ്റമിൻ സിയുടെ വളരെ നല്ല ഉറവിടങ്ങൾ ആണ്. പ്രത്യേകിച്ചും നാരകവിഭാഗത്തിലുള്ള പഴങ്ങൾ, മുന്തിരി, പേരയ്ക്ക രണ്ടോ മൂന്നോ എണ്ണം ദിവസവും കഴിക്കാം. ആഹാരശേഷം ഇവ കഴിക്കുമ്പോൾ അയൺ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടും. ശരീരത്തിൽ നിന്ന് എളുപ്പത്തിൽ അയൺ ആഗിരണം ചെയ്യാൻ വൈറ്റമിൻ സി സഹായിക്കുന്നു.

അവൽ നനച്ചതു നല്ലത്

ഈന്തപ്പഴം ദിവസവും പത്തെണ്ണം കഴിക്കാം. ശർക്കര ചേർത്ത അവൽ നനച്ചത് ദിവസം ഒരു കപ്പ്, കശുവണ്ടി ഒരു കൈപ്പിടി എന്ന അളവിൽ കഴിക്കാം. ഇലക്കറികളും ധാരാളമായി ആഹാരത്തിലുൾപ്പെടുത്താം.

വൃക്കസംബന്ധമായ രോഗമുള്ളവർ വിളർച്ച പരിഹരിക്കാനായി അയൺ കൂടുതലുള്ള ഭക്ഷണങ്ങൾ (ഉദാഹരത്തിന് ഇലക്കറികൾ, ഈന്തപഴം, ഉണക്കമുന്തിരി) കഴിച്ചാൽ അതു രക്തത്തിലെ ധാതു ലവണങ്ങളുടെ (പൊട്ടാസ്യം) അസന്തുലിതാവസ്ഥയ്ക്ക് വഴിയൊരുക്കും ഇവരും ഹൃദ്രോഗമുള്ളവരും കൊളസ്ട്രോൾ കൂടുതൽ ഉള്ളവരും മാംസാഹാരങ്ങൾ, ചെമ്മീൻ, ഞണ്ട് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.

ചായ കുടിക്കുമ്പോൾ

അയണിന്റെ ആഗിരണം തടസ്സപ്പെടുത്തുന്ന ആഹാരം ഒഴിവാക്കണം. ഉദാഹരണത്തിന് അയൺ ധാരാളമുള്ള ആഹാരപദാർഥങ്ങൾ കഴിക്കുന്നതിനൊപ്പം ചായ കുടിച്ചാൽ ചായയിലെ റ്റാനിൻ എന്ന വസ്തു അയൺ ആഗിരണത്തെ കുറയ്ക്കുന്നു.

∙ വിളർച്ച എന്ന അന‍ീമിയ

രക്തത്തിൽ ചുവന്ന രക്താണുക്കൾ വളരെയധികം കുറയുന്നതു മൂലമാണ് വിളർച്ച ഉണ്ടാകുന്നത്. ഹീമോഗ്ലേ‍ാബിൻ എന്നത് ചുവന്ന രക്താണുക്കളിലെ അയൺ അടങ്ങിയ ഒരു പ്രോട്ടീൻ ആണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് ഒാക്സിജൻ എത്തിക്കുന്നതിന് ഹീമോഗ്ലേ‍ാബിൻ സഹായിക്കുന്നു. വിളർച്ച ഉള്ളവരുടെ ശരീരത്തിൽ ഒാക്സിജൻ സമൃദ്ധമായ രക്തം ഉണ്ടായിരിക്കില്ല. ഇതിന്റെ ഫലമായി ക്ഷീണവും തളർച്ചയും തലവേദന മുതലായ രോഗങ്ങളും ഉണ്ടാകുന്നു.

നൈഡിൻ പ‍ൗളിൻ
സീനിയർ ഡയറ്റീഷ്യൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി
 

Your Rating: