Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിക്കാൻ നല്ലത് ചൂടുവെള്ളമോ പച്ചവെള്ളമോ?

drinking-water

0 ഡിഗ്രി ഫാരൻഹീറ്റ് ഊഷ്മാവുള്ള വെള്ളമാണു കുടിക്കുവാൻ ഏറ്റവും നല്ലത്. അതായത് സാധാരണ പച്ചവെള്ളമാണു നല്ലത്. (60 ഡിഗ്രി ഫാരൻഹീറ്റ്= 15 ഡിഗ്രി സെൽഷ്യസ്). ചില പ്രത്യേക സാഹചര്യങ്ങളിൽ 50 ഡിഗ്രി ഫാരൻഹീറ്റ് ‌(10 ഡിഗ്രി സെൽഷ്യസ്) ഊഷ്മാവ് ഉള്ള െവള്ളം (മലബന്ധം, പനി) കുടിക്കാവുന്നതാണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ പച്ചവെള്ളം തന്നെയാണ് ഏറ്റവും നല്ലത്. എന്നാൽ മലിനീകരണസാധ്യതയുള്ള സ്ഥലത്തു നിന്നാണെങ്കിൽ വെളളം നല്ലവണ്ണം ചൂടാക്കി ചൂടുമാറിയതിനുശേഷം കുടിക്കുന്നതാണു നല്ലത്. രാവിലെയും വൈകുന്നേരവും വെള്ളം രണ്ടു ഗ്ലാസ്സ് കുടക്കുന്നതു (വെറും വയറ്റിലും കിടക്കുന്നതിനു മുമ്പും) ദഹനത്തിനും നല്ല ശോധനയ്ക്കും നല്ലതാണ്. പച്ചവെള്ളം കുടിക്കുമ്പോൾ ശരീരത്തിന്റെ ചൂടു കുറയുന്നതായി കണ്ടിട്ടുണ്ട്.

ചൂടുവെള്ളത്തിന്റെ ഗുണങ്ങൾ
1. ആമാശയത്തിലുള്ള ഹൈട്രോക്ലോറിക് ആസിഡ് ഉൽപാദനം കുറയുന്നു.
2. വിശപ്പ് കുറയ്ക്കുന്നു.
3. രക്തക്കുഴലുകൾ വികസിപ്പിക്കുന്നു.
4. അല്പസമയം രക്തയോട്ടം കൂട്ടുമെങ്കിലും ക്രമേണ രക്തയോട്ടം കുറയക്കുന്നു.
5. ശരീരവേദന, നീര്, ഹൈപ്പർ അസിഡിറ്റി, ചില ഇൻഫെക്ഷൻ ഇവയ്ക്കെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഉത്തമം.

പച്ചവെള്ളം കുടിച്ചാൽ
1. ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദനം കൂടുന്നു.
2. വിശപ്പ് കൂട്ടുന്നു.
3. രക്തക്കുഴലുകൾ ചുരുക്കുന്നു.
4. രക്തയോട്ടം ആദ്യം കുറയുമെങ്കിലും പിന്നീടു കൂടുന്നു
5. പ്രമേഹം, ത്വക് രോഗങ്ങൾ, രക്തശുദ്ധീകരണം, ദഹനക്കുറവ് എന്നിവയ്ക്കു തണുത്തവെള്ളം കുടിക്കുന്നത് ഉത്തമം.

വാസോപ്രസിൽ, ഒാക്സിടോസിൻ, അൽഡോസ്റ്റീറോൺ, അഡ്രിനായിൽ, തൈറോയ്ഡ് ഹോർമോൺ ( തൈറോക്സിൻ) എന്നീ ഹോർമോണുകൾ ശരീരത്തിൽ വെള്ളത്തിന്റെ അളവു കുറവുള്ളപ്പോൾ മൂത്രം, വിയർപ്പ്, ശ്വാസത്തിലൂടെയുള്ള ഈർപ്പം എന്നിവയുടെ അളവു കുറച്ചു വെളളത്തിന്റെ ആഗീരണം (പ്രധാനമായും കിഡ്നിയിലൂടെയും വൻകുടലിലൂടെയും) കൂട്ടുന്നു. വെള്ളത്തിന്റെ അളവു ശരീരത്തിൽ കൂടുമ്പോൾ വെളളത്തിന്റെ ആഗീരണം കുറച്ചു വെള്ളം പുറത്തുകളയുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനൽ കോർട്ടക്സ്, തൈറോയ്ഡ്, ഹൈപ്പോതലാമസ്, കിഡ്നി എന്നിവയ്ക്കുണ്ടാകുന്ന തകരാറുകൾ വെള്ളത്തിന്റ സന്തുലിതാവസ്ഥയെ ബാധിക്കും. അതുപോലെ തന്നെ പ്രമേഹം, അമിതരക്തസമ്മർദം പോലുള്ള രോഗങ്ങളിൽ വെള്ളത്തിന്റെ പ്രവർത്തനം താറുമാറാകാറുണ്ട്. ഇങ്ങനെയുള്ള അവ സ്ഥകളിൽ വെള്ളം കൂടുതൽ കുടിക്കേണ്ടതാണ്.

വെള്ളം കുറഞ്ഞാൽ
വെള്ളം ശരീരത്തിൽ നിന്നും പലവിധത്തിൽ നഷ്ടമാകുന്നുണ്ട്. മൂത്രത്തിലൂടെ- 1500 മി.ലീ, ത്വക്കിലൂടെ -800 മി.ലീ. ശ്വാസകോശങ്ങളിലൂടെ - 400 മി.ലി, മലത്തിലൂടെ- 100 മി.ലീ. വെള്ളത്തിന്റെ അളവു കുറഞ്ഞാൽ എക്സ്ട്രാ സെല്ലുലാർ ഫ്ളൂയിഡ്, ഇൻട്രാ സെല്ലുലാർ ഫ്ളൂയിഡ് എന്നിവയുടെ അളവു കുറയുന്നു. സോഡിയം, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ കൂടുതലായി നഷ്ടപ്പെടുന്നു. ക്രമേണ രക്തത്തിന്റെ അളവു കുറയുകയും വിയർപ്പ്, മൂത്രം എന്നിവയുടെ അളവു കുറഞ്ഞു വിഷാംശങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. തുടർന്നു ശരീരപ്രവർത്തനങ്ങൾ കുറഞ്ഞ് (മെറ്റബോളിസം), കിഡ്നി തകരാറിലാവുകയും പല രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ കൂടുതൽ വെള്ളം കുടിച്ചാൽ (കുറഞ്ഞത് മൂന്നര ലീറ്റർ) അധികമുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെയും വിയർപ്പിലൂടെയും പോകുന്നതാണ്.

വെള്ളം ശുദ്ധീകരിക്കാൻ മാർഗങ്ങൾ
നെല്ലി, വട്ട (ഉപ്പില) എന്നീ മരങ്ങൾ കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളത്തിലെ അധികമായ ധാതുലവണങ്ങളെ കുറയ്ക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ മണ്ണിന്റെ അസിഡിറ്റി കുറച്ച് പിഎച്ച് നിലനിർത്തുവാൻ ചില പാഴ്മരങ്ങൾ ഉപകരിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. വട്ട, നെല്ലി പോലുള്ള വൃക്ഷങ്ങൾ കിണറിനു ചുറ്റുവട്ടത്തു വളർത്തുന്നത് വെള്ളത്തിന്റെ കടുപ്പം, അമ്ലത്വം എന്നിവ കുറയ്ക്കുവാൻ ഉപകരിക്കും.

സാധാരണയായി വെള്ളം തിളപ്പിച്ചാൽ അണുക്കൾ ഒരു പരിധിവരെ മാറുമെങ്കിലും വെള്ളം ശുദ്ധിയാക്കേണ്ടത് അത്യാവശ്യമാണ്.

∙ ചിരട്ടക്കരി വെള്ളത്തിൽ (കിണറ്റിലോ/ടാങ്കിലോ) ഇടുന്നതു വെള്ളത്തിന്റെ അമ്ലതയും കടുപ്പവും മാറ്റി രോഗാണുവിമുക്തമാക്കും.

∙ കിണർ ശുദ്ധീകരിക്കാൻ ബ്ലീച്ചിങ് പൗഡർ (ക്ലോറിനേഷൻ) ഉപയോഗിക്കാറുണ്ട്. 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ 1000ലിറ്റർ വെള്ളത്തിൽ എന്ന കണക്കിലാണു കിണറ്റിലെ വെള്ളത്തിൽ ചേർക്കേണ്ടത്. സാധാരണയായി രണ്ട് ആഴ്ചയിലൊരിക്കൽ ഈ വിധം ശുദ്ധിയാക്കാവുന്നതാണ്.

∙ ഉണങ്ങിയ മുരിങ്ങക്കുരു െവള്ളത്തിൽ ഇട്ടുവച്ചിരിക്കുന്നതും ഫലപ്രദമാണ്.

∙ കളിമൺപാത്രങ്ങളിൽ വെള്ളം സൂക്ഷിച്ചുവയ്ക്കുന്നതും വെള്ളത്തിനു കുളിർമയേറാനും ശുദ്ധിയാകാനും സഹായിക്കും.

ഡോ. വിഷ്ണു മോഹൻ
പ്രകൃതി ചികിത്സാ വിദഗ്ധൻ കോട്ടയം