Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറി കഴിച്ചാല്‍ പലതുണ്ട് ഗുണം

vegetables

ക്രിസ്മസിന് നമുക്ക് കേക്കും ചിക്കനുമൊന്നും ഒഴിവാക്കാനാകില്ല. എന്നാല്‍ ഇംഗണ്ടില്‍ കഴിഞ്ഞ വര്‍ഷം നാല്‍പതു ലക്ഷം ആളുകള്‍ വെജിറ്റേറിയന്‍ ക്രിസ്മസ് ആഘോഷിച്ചു. 12 ശതമാനം ചെറുപ്പക്കാര്‍ മാംസാഹാരം ഉപേക്ഷിച്ചെന്ന് ഇംഗണ്ടിലെ വെജിറ്റേറിയന്‍ സൊസൈറ്റി പറയുന്നു. ഒരുപക്ഷേ, ജീവിതശൈലീരോഗങ്ങള്‍ ഇന്ത്യക്കാരെ അപേക്ഷിച്ചു വികസിതരാജ്യങ്ങളില്‍ കുറവായി കാണുന്നത് ആഹാരത്തിലെ ഈ ശ്രദ്ധ കൊണ്ടാകാം.

സസ്യാഹാരവും രക്താതിസമ്മര്‍ദവും

രക്താതിസമ്മര്‍ദം നിയന്ത്രിക്കാന്‍ മരുന്നുകളോടൊപ്പം ആഹാര കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണമെന്ന് ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു കഴിഞ്ഞു. നിത്യ ജീവിതത്തില്‍ പല ഭക്ഷണങ്ങളും മരുന്നിന്റെ ഗുണം ചെയ്യുമെന്നാണു പുതിയ ഗവേഷണങ്ങള്‍ വെളിവാക്കുന്നത്.

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ പ്രത്യേകിച്ചു പ്രോട്ടീന്‍ താരതമ്യേന കുറയും എന്നൊരു വീക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ആ വാദം തെറ്റാണെന്നു ശാസ്ത്രീയമായി അംഗീകരിച്ചുകഴിഞ്ഞു. മാംസാഹാരികളെക്കാള്‍ സസ്യാഹാരികള്‍ക്കും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നതു തീര്‍ച്ചയാണ്.

രക്താതിസമ്മര്‍ദം നിയന്ത്രിക്കുന്നതിന് സാച്യുറേറ്റഡ് ഫാറ്റ് (പൂരിതകൊഴുപ്പ്) കുറഞ്ഞതും പല നിറത്തിലും പല തരത്തിലുമുള്ളതുമായ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാത്സ്യം, ആഹാരത്തിലെ നാരുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റമിന്‍ സി മുതലയാവയ്ക്കെല്ലാം രക്താതിസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പച്ചയായും പാകപ്പെടുത്തിയും പച്ചക്കറികള്‍ കഴിക്കാം. പച്ചയായി സലാഡ് രൂപത്തില്‍ കഴിച്ചാല്‍ വിറ്റമിന്‍ സി കൂടുതല്‍ ലഭിക്കും. ദഹനം എളുപ്പമാകാനും രുചി ലഭിക്കാനുമാണല്ലോ നാം പച്ചക്കറികള്‍ പാകപ്പെടുത്തുന്നത്.

രക്താതിസമ്മര്‍ദം കുറയ്ക്കുന്നതിനായി നമ്മുടെ ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളുണ്ട്. തക്കാളി, ഉരുളക്കിഴങ്ങ്, കാരറ്റ്, പീസ്, കോളിഫ്ളവര്‍, കാബേജ്, സ്പിനാച്ച് ചീര, മധുരക്കിഴങ്ങ് എന്നിവയാണവ.

ഭക്ഷ്യനാരുകള്‍ ഗുണകരം

സെല്ലുലോസ്, ഹെമിസെല്ലുലോസ്, മ്യൂസിലാജസ് എന്നിങ്ങനെ മൂന്നുതരം വിഭാഗങ്ങളില്‍പ്പെടുന്ന ഭക്ഷ്യനാരുകളാണു സാധാരണയായി കണ്ടുവരുന്നത്. ഇവ രണ്ടുതരമുണ്ട്. വെള്ളത്തില്‍ അലിയുന്നവയും അലിയാത്തവയും.

നാരുകള്‍ക്ക് പയറുവര്‍ഗങ്ങള്‍

ധാന്യങ്ങളില്‍ ഉള്ളതിനെക്കാള്‍ പയറുവര്‍ഗങ്ങളില്‍ പൊതുവേ വളരെയധികം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ പൂര്‍ണമായും സസ്യഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇലക്കറികളും പഴങ്ങളും മറ്റു പച്ചക്കറികളെല്ലാം കൂടി ആകുമ്പോള്‍ നമുക്കാവശ്യമായ നാരുകള്‍ ആഹാരത്തിലൂടെ ലഭിക്കും എന്നതില്‍ സംശയമില്ല. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ഘടകം നാരുകളാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന പഠനങ്ങള്‍ വെളിവാക്കുന്നു.

പഴങ്ങളില്‍ നിന്നു പൊട്ടാസ്യം

രക്താതിസമ്മര്‍ദം ഉള്ളവരില്‍ പൊട്ടാസ്യം അടങ്ങിയ ആഹാരത്തിനു കൂടുതല്‍ പ്രാധാന്യം കൊടുക്കണം. അതു സോഡിയം അടങ്ങിയ ആഹാരം കുറയ്ക്കുന്നതിനു തുല്യമാണ്. 2000 മി ഗ്രാം പൊട്ടാസ്യം ദിവസവും ആഹാരം വഴി ലഭിച്ചാല്‍ അഞ്ചാഴ്ച കൊണ്ടു ബിപി അഞ്ചുപോയിന്റ് വരെ കുറയ്ക്കാന്‍ സാധിക്കും.

ഏത്തപ്പഴം, മുന്തിരിങ്ങ ഇവയില്‍ പൊട്ടാസ്യം സമൃദ്ധമായിട്ടുണ്ട്. ദിവസം നൂറുഗ്രാം പഴങ്ങള്‍ നിര്‍ബന്ധമായും ആഹാരത്തിലുള്‍പ്പെടുത്തണം. നമ്മുടെ വീട്ടുവളപ്പിലെ നാടന്‍ പഴങ്ങളാണ് ഏറ്റവും നല്ലത്.

വിറ്റമിന്‍ സിയുടെ പങ്ക്

ആഹാരത്തിലൂടെ ലഭിക്കുന്ന വിറ്റമിന്‍ സിയുടെ അളവു കുറഞ്ഞാല്‍ രക്തസമ്മര്‍ദം കൂടാം. വിറ്റമിന്‍ സിയെ ഒരു പ്രതിരോധമരുന്നു കൂടിയായാണ് നാം കാണേണ്ടത്. ഒരാളിന് ഒരു ദിവസം വേണ്ടതു 60 മി ഗ്രാം വിറ്റമിന്‍ സിയാണ്. ഒരു പേരയ്ക്കയില്‍ നിന്നു മാത്രം 212 മിഗ്രാം വിറ്റമിന്‍ സി ലഭിക്കുന്നു. ഓറഞ്ച്, നെല്ലിക്ക, പച്ചമുളക്, പപ്പായ മുതലായവയില്‍ നിന്നും ഇതു ധാരാളം ലഭിക്കും.

ഹൃദയപേശികള്‍ക്ക് മഗ്നീഷ്യം

ഒരു ദിവസം 480 മി ഗ്രാം മഗ്നീഷ്യം ആഹാരത്തിലൂടെ ലഭിക്കുമെങ്കില്‍ രക്താതിസമ്മര്‍ദം നിയന്ത്രിക്കാനാവുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഹൃദയ പേശികള്‍ക്ക് അയവു വരുത്താന്‍ സഹായിക്കുന്ന ഒരു പോഷകഘടകമാണു മഗ്നീഷ്യം. ബദാം, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, ഉള്ളിത്തണ്ട്, മാങ്ങ, പ്ളം മുതലായവയെല്ലാം മഗ്നീഷ്യത്തിന്റെ കലവറയാണ്.

തയോസള്‍ഫൈഡ്

പഠനങ്ങളുടെ പിന്‍തുണയില്ലാത്ത കാലത്തു പോലും വെളുത്തുള്ളി രക്താതിസമ്മര്‍ദത്തിന് ഒരു ഔഷധമായി ഉപയോഗിച്ചിരുന്നു. അലിയം കുടുംബത്തിലെ വെളുത്തുള്ളിയിലെ അലിസിന്‍ എന്ന തയോസള്‍ഫൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിനു സഹായിക്കും. ഇതു രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു എന്നാണു ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.

ഡോ അനിത മോഹന്‍ പോഷകാഹാര വിദഗ്ധ, ഐ ഡി സി കണ്‍ട്രോള്‍ സെല്‍, തിരുവനന്തപുരം.