Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനും സോയയും മുട്ടുവേദനയ്ക്ക്

fish

ആർത്രൈറ്റിസ് മൂലമുള്ള മുട്ടുവേദനയും സന്ധികളിലെ വീക്കവും പിടുത്തവും കുറയ്ക്കാൻ ഭക്ഷണപദാർഥങ്ങൾ ഏറെ ഗുണം ചെയ്യും. ഇത്തരമൊരു മാജിക് ഭക്ഷണമാണ് മീൻ വിഭവങ്ങൾ എന്നു പറയാം. ഇതിലെ ഒമേഗ–3 ഫാറ്റി ആസിഡുകൾ രാസപദാർഥങ്ങളെ തടയുന്നു. മുട്ടിലെ തരുണാസ്ഥി തേഞ്ഞുതീരാനിടയാക്കുന്ന പ്രോട്ടീനുകളെയും നിരോധിക്കുന്നു. മീനിൽ നിന്ന് ആഗിരണം ചെയ്യുന്നത്ര നന്നായി ഒമേഗ–3 കൊഴുപ്പുകളും വൈറ്റമിനുകളും സപ്ലിമെന്റുകളിലൂടെ ശരീരത്തിനു ലഭിക്കില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മീൻ ഭക്ഷണത്തില‍ുൾപ്പെടുത്തണം. സാൽമൺ, മത്തി, കൊഴ‍ുവ, അയല പോലുള്ള മീനുകളാണ് നല്ലത്.

പഴങ്ങളും സോയയും

ഒാസ്ട്രേലിയയ‍ിൽ നടത്തിയ പഠനത്തിൽ പതിവായി പഴങ്ങൾ കഴിക്കുന്നതു അസ്ഥിമജ്ജയിൽ വ്രണങ്ങളോ പരുക്കളോ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടിരുന്നു. ഒാസ്റ്റിയോ ആർത്രൈറ്റിസും മുട്ടുവേദനയും വഷളാകുന്നവരിൽ കാണുന്ന ഒരു മാർക്കറാണ് ഈ വ്രണങ്ങൾ. കിവി, ഒാറഞ്ച്, മാങ്ങ, മുന്തിരി, പപ്പായ പോലുള്ള വൈറ്റമിൻ സി കൂടുതലുള്ള പഴങ്ങളാണ് ഈ ഗുണങ്ങൾ പ്രദാനം ചെയ്യുന്നത്.

എല്ലാ ദിവസവും ഒാരോ സെർവിങ് വച്ച് മൂന്നു മാസം തുടർച്ചയായി കഴിച്ചാൽ സന്ധി വേദനയ്ക്ക് പ്രകടമായ കുറവുണ്ടാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. സോയ പാൽ, ബേബി സോയബീൻസ് എന്നിവയും ഗുണകരമാണ്.

∙ ഗ്രീൻ ‌ട‍ീ– ഗ്രീൻ ടീയിലെ പോളിഫെനോൾസ്, ആന്റി ഒാക്സിഡന്റുകൾ എന്നിവ മുട്ടിലെ തര‍ുണാസ്ഥ‍ിയുടെ നാശത്തെ തടയും .
∙ ഇഞ്ചി– ഒരു പാത്രം തിളച്ചവെള്ളത്തിൽ ഏത‍ാണ്ട് 1–2 ഇഞ്ച് നീളമുള്ള ഇഞ്ചി ചതച്ച് ഇട്ടുവച്ച് 30 മിനിറ്റു അടച്ചുവച്ച് ആ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന ഘടകം ഒാസ്റ്റിയോ ആർത്രൈറ്റിസ് ലക്ഷണങ്ങളെ കുറയ്ക്കും.
‌∙ വെളുത്തുള്ളി– വെളുത്തുള്ളിയിലെ ഡൈ അലൈൽ ഡൈ സൾഫൈൻ കാൽമുട്ടിലെ തരുണാസ്ഥികൾക്ക് നാശമുണ്ടാക്കുന്ന എൻസൈമുകളുടെ ഉൽപ‍ാദനം കുറയ‍്ക്കുന്നു.
∙ അണ്ടിപ്പരിപ്പുകൾ, ബ്രൊക്കോളി, തണ്ണിമത്തൻ, ചെറി, എന്നിവയ‍ിലും വീക്കവും ആർത്രൈ‌റ്റിസ് അസ്വസ്ഥതകളും തടയാനുള്ള ഘടകങ്ങളുണ്ട്.

മധുരവും വറപൊരിയും വേണ്ട

വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണം വളരെ കുറച്ചു മാത്രം കഴിക്കുക ഇതുവഴി സന്ധിവീക്കം കുറയുന്നതായും ശരീരത്തിന്റെ സ്വാഭാവികപ്രതിരോധ ശേഷി മെച്ചപ്പെടുന്നതായും കണ്ടു.

ഭക്ഷണം ഗ്രില്ലു ചെയ്യുമ്പോഴും ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോഴും എജിഇ (അഡ്വാൻസ്‍ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ട്) എന്ന വിഷവസ്തു ഉണ്ടാകുന്നുണ്ട്. ശരീരം ഇതിനെ നേരി‌ടുന്നത് സൈറ്റോകൈൻസ് എന്ന നീർവീക്കമ‍ുണ്ടാക്കുന്ന രാസപദാർഥം വഴിയാണ്. അതുകൊണ്ട് ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങളും വളരെ കുറച്ചുമാത്രം കഴിക്ക‍ുന്നതാണ് ആർത്രൈറ്റിസും സന്ധികളിലെ നീർവ‍ീക്കവും തടയാൻ നല്ലത്.

മിഠായികൾ, മൈദ ഉപയോഗിച്ച് ബേക്കുചെയ്ത ഭക്ഷണം, സോഡ എന്നിവയൊക്കെ അളവു കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. പുകവലിയും മദ്യപാനവും സന്ധികളെ മോശമായി ബാധിക്കുന്നു

വേദനയും പിടുത്തവും

പ്രായമായവരിൽ മുട്ടിന്റെ തേയ്മാനം കൊണ്ടുണ്ടാകുന്ന ഒാസ്റ്റിയോ ആർത്രൈറ്റിസിന്റെ ലക്ഷണമാണ് മുട്ടുവേദന. എങ്കിലും മുട്ടുചിരട്ടയ്ക്കുൾപ്പ‍െടെയുണ്ട‍ാകുന്ന പൊട്ടലുകളും ലിഗമെന്റുകൾക്കുമുള്ള പരിക്കുകളും പോലുള്ള കാരണങ്ങളാലും വിവിധ പ്രായക്കാരിൽ വേദന വര‍ാം. ആർത്രൈറ്റിസ് മൂലമുള്ള മുട്ടുവേദനകളിൽ ഭക്ഷണവും ലഘുവായ സ്ട്രെച്ചിങ് വ്യായാമവും നല്ലതാണ്. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പടെയുള്ള പരിഹാരങ്ങളും നിലവിലുണ്ട്.