Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയറിളക്കം തടയാം ആഹാരത്തിലൂടെ

diarrhea

ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം വരാം. എന്നാല്‍ വയറിളക്കം ദഹനപ്രശ്നം കൊണ്ടുമാത്രം വരുന്നതല്ല. ഇതൊരു ജലജന്യരോഗമാണ്. മഴക്കാലത്ത് വൃത്തിഹീനമായ വെള്ളം കുടിക്കാനും കൈകഴുകാനുമെല്ലാം ഉപയോഗിക്കുമ്പോള്‍ വയറിളക്കം വരുന്നതിനുള്ള സാധ്യത വര്‍ധിക്കുകയാണ്.

ബാക്ടീരിയയ്ക്കും അമീബയ്ക്കും ഈ രോഗത്തിനു പിന്നില്‍ വ്യക്തമായ പങ്കുണ്ട്. വയറിളക്കവും വയറുകടിയുമുണ്ട്. വയറിളത്തിനു കാരണം അമീബയാണ്. വയറുകടി അഥവാ ഡിസന്‍ട്രിയുടെ കാരണമായി കണ്ടെത്തിയിട്ടുള്ളത് ഷിജെല്ലാ ബാക്ടീരിയയെയും അമീബയെയുമാണ്.

വയറിളക്കം - ലക്ഷണങ്ങള്‍

അയഞ്ഞമലം, ഛര്‍ദി, പനി, വയറുവേദന, വിശപ്പുകുറവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചെറിയ തോതിലാണെങ്കില്‍ പനി വരില്ല. ശരീരത്തിലെ ജലാംശം കുറയുന്നതനുസരിച്ച് മൂത്രത്തിന്റെ അളവു കുറയും. വയറിളക്കത്തിനൊപ്പം ഛര്‍ദിയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ദാഹം കൂടുക, മൂത്രം കുറയുക, നാവ് വരളുക, രക്തസമ്മര്‍ദം കുറയുക എന്നിവ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. ഈ ഘട്ടത്തില്‍ സ്വയം ചികിത്സ ചെയ്യാതെ രോഗിയെ ആശുപത്രിയിലെത്തിക്കണം. ഐ വി ഫ്ളൂയിഡ് നല്‍കണം. ആഹാരത്തില്‍ നിന്നുണ്ടായ വയറിളക്കത്തിന് രണ്ടു ദിവസത്തിലേറെ ആശുപത്രിയില്‍ കഴിയേണ്ടതില്ല. വയറുകടിക്കു വെള്ളം പോലെ വയറിളകും. ഇവരുടെ മലത്തില്‍ രക്തവും കഫവും കാണും.

ചില വീട്ടു ചികിത്സകള്‍

വയറിളക്കം വന്നാല്‍ രോഗിക്കു ധാരാളം ജലം നല്‍കണം. ഒ ആര്‍ എസ് ലായനിയും നല്‍കാം. ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന ലവണങ്ങളും പഞ്ചസാരയും പുനഃസ്ഥാപിക്കണം. ഇതിന് ഒരു നുള്ള് ഉപ്പു ചേര്‍ത്ത് കഞ്ഞിവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത വെള്ളം, കരിക്കിന്‍വെള്ളം, കടുപ്പം കുറഞ്ഞ ചായ എന്നിവയിലേതെങ്കിലും നല്‍കുക. നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം, ഓറഞ്ച്ജ്യൂസ് എന്നിവയിലെ പൊട്ടാസ്യം വയറിളക്കം തടയുന്നതിനു സഹായകമാണ്. ആഹാരം നല്‍കാതിരിക്കരുത്. എളുപ്പം ദഹിക്കുന്ന ആഹാരം നല്‍കാം.

എങ്ങനെ തടയാം?

പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ആഹാരം കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകി കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. കൈ കഴുകാന്‍ ശുദ്ധജലം മാത്രം ഉപയോഗിക്കുക. ഇത് അണുബാധയെ തടയാന്‍ ഫലപ്രദമായ മുന്‍കരുതലാണ്.

ഒ ആര്‍ എസ് ലായനി വീട്ടില്‍ തയാറാക്കാം

ഒ ആര്‍ എസ് ലായനി വീട്ടില്‍ തയാറാക്കാം. 200 മിലീ വെള്ളം അതായത് തിളപ്പിച്ചാറ്റിയ ഒരു ഗാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക. ഹോംമെയ്ഡ് ഒ ആര്‍ എസ് ലായനി തയാര്‍. നഷ്ടമാകുന്ന ലവണങ്ങളും പഞ്ചസാരയും പുനഃസ്ഥാപിക്കാന്‍ ഈ ലായനി അത്യുത്തമമാണ്.