Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞ് കഴിച്ചില്ലെങ്കിൽ അധികം നാൾ കഴിക്കേണ്ടി വരില്ല

food-day Image Courtesy : Vanitha Magazine

നിങ്ങൾ കഴിക്കാൻ വേണ്ടി ജീവിക്കുകയോ ജീവിക്കാൻ കഴിക്കുന്ന വ്യക്തിയാവാം. പക്ഷേ കഴിക്കുന്ന ആഹാരം അറിഞ്ഞ് കഴിച്ചില്ലെങ്കിൽ അധികം നാൾ കഴിക്കേണ്ടി വരില്ല. വേഗമേറിയ ജീവിവും ക്രമം തെറ്റിയുള്ള ഭക്ഷണത്തിന്റെ അനന്തരഫലം ജീവിതശൈലി രോഗങ്ങളാണ്. നല്ലൊരു ഡയറ്റ്പ്ലാനുണ്ടെങ്കിൽ ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും വറുതിയിലാക്കാനും അനായാസം സാധിക്കും. ഡയറ്റ്പ്ലാനെന്ന് കേൾക്കുമ്പോൾ അത് വല്ലതും നടക്കുമോ എന്നാവും ചിന്ത. മനസ് വച്ചാൽ തീൻമേശയിൽ രുചിയും പോഷക സമൃദ്ധിയും വിളമ്പാം.

വീട്ടിലൊരു ‍പോഷക മെനു

വ്യത്യസ്തത വിഭവങ്ങൾ പരീക്ഷിക്കുന്നതിനൊപ്പം വിരസത അകറ്റുകയും വീട്ടിലെ അംഗങ്ങൾക്കുള്ള പോഷകത്തിന്റെ ആവശ്യം പരിഹരിക്കുന്നതുമായ ഡയറ്റ് പ്ളാനാണ് തയ്യാറാക്കേണ്ടത്. ഗർഭിണികൾക്കും കുട്ടികൾക്കും കലോറിയും പ്രോട്ടീനും നിറഞ്ഞ ഭക്ഷണമാണെങ്കിൽ ഇരുപത് വയസ് കഴിഞ്ഞവർക്ക് മിതമായ കലോറിയും പ്രോട്ടീനും മതിയാകും. ഒരാഴ്ചത്തേക്ക് മെനു തയ്യാറാക്കുമ്പോൾ രുചിയോടൊപ്പം പോഷകത്തിനും മുൻഗണന നൽകണം. ഓരോ വ്യക്തിയും ഒരു ദിവസം 500 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ ആരോഗ്യകരമായ ജീവിതം സ്വന്തമാക്കാം.

പ്രാതൽ മിസ് ചെയ്യല്ലേ

രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേറ്റാൽ പിന്നെ പ്രാതലിന് എവിടെ സമയം? സമയക്കുറവിന്റെ പേരിൽ എല്ലാവരും സാധാരണയായി പ്രാതൽ ഒഴിവാക്കുകയോ സ്നാക്സ് കഴിച്ചോ വിശപ്പടക്കും. ഉൗണിന് നന്നായി കഴിച്ച് പ്രാതലിന്റെ കുറവ് തീർക്കുന്നതാണ് പൊതുവെയുള്ള പ്രവണത. ഒരു ദിവസത്തെ ഭക്ഷണത്തിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടത് പ്രാതലിനാണെന്ന കാര്യം മറക്കരുത്. പ്രാതൽ ഉപേക്ഷിക്കുക വഴി ശരീരത്തിന്റെ മെറ്റബോളിസം കുറഞ്ഞ് അമിത വണ്ണത്തിലേക്ക് നയിക്കാം. ദിവസം മുഴുവൻ ഉൗർജസ്വലമായിരിക്കാൻ പോഷകമായ പ്രാതൽ കൂടിയേ തീരു.

ഏഴു ദിവസവും ഏഴുതരം വിഭവങ്ങൾ!

പുട്ട്, ഇഡലി, ദേശ, ഉപ്പുമാവ്... സ്ഥിരം വിഭവങ്ങൾ മേശയിൽ നിരത്തിയാൽ വീട്ടുകാർക്ക് തന്നെ ആഹാരത്തോടുള്ള താത്പര്യം കുറയും. പ്രാതലിനു സ്ഥിരം വിഭവങ്ങൾ തന്നെ ചേരുവകൾ കൊണ്ട് മാറ്റി പരീക്ഷിച്ചാൽ വ്യത്യസ്തത അനുഭവപ്പെടുകയും പോഷകക്കുറവ് പരിഹരിക്കാനും കഴിയും. അരി, ഗോതമ്പ്, റാഗി (പഞ്ഞപ്പുല്ല്), ചോളം, നവര, ഓട്സ് എന്നിവ കൂടാതെ കിഴങ്ങു വർഗങ്ങളും (കപ്പ, കാച്ചിൽ, മധുരക്കിഴങ്ങ്) പരീക്ഷിക്കാം. ഓരോ ഭക്ഷ്യ വസ്തുക്കളിലെയും പോഷകങ്ങൾക്കും അവയുടെ അളവിനും വ്യത്യാസമുള്ളത് കൊണ്ട് ആഹാരം സമീകൃതമാകും. ഓട്സിൽ ധാരാളം നാരുകളും പ‍ഞ്ഞപ്പുല്ലിൽ കാൽസ്യവും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടാൻ സഹായിക്കുന്ന ക്രോമിയവും അടങ്ങിയിരിക്കുന്നു. അരിയേക്കാൾ ധാരാളം നാരുകളും പ്രോട്ടീനുകളും ഗോതമ്പിൽ അടങ്ങിയിരിക്കുന്ന കാര്യം അറിയാതെ പോകരുത്. ഓരോ പ്രാതൽ വിഭവങ്ങളോടൊപ്പം വിവിധതരം പയറുവർഗങ്ങളോ, മുട്ടയുടെ വെള്ളയോ, പനീറോ ഉൾപ്പെടുത്താവുന്നതാണ്.

ഇടനേരങ്ങളിൽ എന്ത് കഴിക്കും?

എളുപ്പത്തിൽ ലഭിക്കാവുന്ന സ്നാക്സും സോഫ്റ്റ് ഡ്രിങ്ക്സുമാണ് ഇടനേരങ്ങളിൽ കഴിക്കേണ്ടതെന്നാണ് പലരുടെയും ധാരണ. തത്ക്കാലം വിശപ്പിനു ശമനം നൽകുമെങ്കിലും കാലക്രമേണ ആരോഗ്യത്തെ സാരമായി ബാധിക്കും. സോഫ്റ്റ് ഡ്രിങ്ക്സിലെയും ജങ്ക് ഫുഡ്സിലെയും കൃത്രിമ മധുരം പ്രമേഹത്തിനും കൃത്രിമ കൊഴുപ്പ് അമിത രക്തസമ്മർദത്തിനും പൊണ്ണത്തടിക്കും കാരണമാകും. പഴങ്ങളും പഴച്ചാറുകളും, ഇളനീർ, ലസി, ഗ്രീൻ ടീ തുടങ്ങിയവ ഇടനേരങ്ങളിൽ പരീക്ഷിച്ചാൽ വിശപ്പ് ശമിക്കുന്നതോടൊപ്പം ആരോഗ്യവും മെച്ചപ്പെടും.

ഉച്ചയ്ക്ക് മൂക്ക്മുട്ടെ കഴിക്കാമോ?

പ്രാതൽ കുറച്ച് കഴിക്കുന്നവർ പോലും ഉച്ചയ്ക്ക് കഴിക്കുമ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. പാത്രം നിറയെ ചോറും നാലഞ്ച് കറികളും ചേർത്ത് വയറ് നിറയെ കഴിച്ചാലേ വിശപ്പ് മാറുന്നതിനോടൊപ്പം മനസിനു തൃപ്തിയും ലഭിക്കുകയുള്ളൂ. അമേരിക്കൻ ഫുഡ്പ്ലേറ്റ് അനുകരിച്ചാൽ വയറ് നിറയെ കഴിക്കുന്നതിനു പകരം ഉച്ചയൂണ് സമീകൃതമാകണം. അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ നിർദേശിക്കുന്നത് അനുസരിച്ച് നമ്മുടെ ലഞ്ച്പ്ലേറ്റിന്റെ നാലിൽ ഒന്ന് മാത്രമായിരിക്കണം. ചോറിന്റെയും മറ്റു കാർബോഹൈഡ്രേറ്റിന്റെയും അളവ്. ബാക്കി നാലിൽ ഒന്ന് പ്രോട്ടീൻ ഫുഡ് (മീൻ, ചിക്കൻ, തൈര്, പയർ) പകുതി ഭാഗം (നാലിൽ രണ്ട്) പഴങ്ങളും പച്ചക്കറികളും.

അത്താഴം എങ്ങനെ കഴിക്കണം?

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ഒപ്പം അമിത കൊഴുപ്പുള്ള ആഹാരങ്ങളും വയറ് നിറയെ കഴിച്ചാൽ ഉറക്കത്തെയും സാരമായി ബാധിക്കും. ഒന്നോ രണ്ടോ ചപ്പാത്തിയും ബാക്കി പയറുവർഗങ്ങളും പച്ചക്കറികളുമായി രാത്രി ഭക്ഷണം മിതമാക്കുന്നതാണ് ഉചിതം. പലനിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയാൽ വൈകിട്ടത്തെ കാര്യം കുശലായി. ഉദാ. ക്രീം കളർ (കോളിഫ്‌ളവർ, കാബേജ്, വെളുത്തുള്ളി, മഞ്ഞക്കളർ-ലെമൺ, റെഡ്-തക്കാളി, സ്ട്രോബറി, ആപ്പിൾ, പിങ്ക്- മുന്തിരി, വയലറ്റ്-വഴുതനങ്ങ, ബീറ്റ്റൂട്ട് , ഓറഞ്ച് കളർ-ഓറഞ്ച്)

വിവരങ്ങൾക്ക് കടപ്പാട്:

ജീന വർഗീസ്

ഡയറ്റീഷൻ, ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ