Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി സിഗ്നൽ നോക്കി കഴിക്കാം

child-food

കുട്ടികൾക്ക് എന്തു കൊടുക്കണമെന്ന് ആകുലപ്പെടുന്ന അമ്മമാരോടു ഭക്ഷ്യസുരക്ഷാ അതോറിറ്റി പറയുന്നു– ഗോ ഗ്രീൻ. കുട്ടി എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന ആകാംക്ഷയ്ക്ക് അവരുടെ മറുപടി – നോ റെ‍ഡ്. ട്രാഫിക് സിഗ്നൽ ലൈറ്റിനോടു സദൃശ്യമായാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി സ്കൂൾ കുട്ടികളുടെ ഭക്ഷണശീലത്തിനു നിറം നൽകിയിരിക്കുന്നത്. ശരീരത്തിന്റെയും ബുദ്ധിയുടെയും വളർച്ചയെ പോഷിപ്പിക്കുന്ന, നിർബന്ധമായും കഴിക്കേണ്ട ഭക്ഷണം പച്ച നിറത്തിനു കീഴിൽ വരും. വല്ലപ്പോഴും കഴിക്കാവുന്നവ മഞ്ഞ നിറത്തിനും ഒഴിവാക്കേണ്ടവ ചുവപ്പു നിറത്തിനും കീഴിൽ വരും.

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വൈറ്റമിൻ, മിനറൽ, ഫൈബർ എന്നിവയെല്ലാം അടങ്ങിയതായിരിക്കണം ദിവസവും കുട്ടികൾ കഴിക്കുന്ന ഭക്ഷണം. ഇവയിൽ ഏതിന്റെയെങ്കിലും കുറവുണ്ടായാൽ പഠനത്തിൽ ശ്രദ്ധക്കുറവ്, ക്ഷീണം, വിളർച്ച, കിതപ്പ്, വളർച്ച മുരടിക്കൽ തുടങ്ങിയവ ഉണ്ടാകും. കുട്ടികൾക്കു ശരീര വളർച്ചയ്ക്കും മുതിർന്നവർക്കു കോശങ്ങളുടെ വളർച്ചയ്ക്കും ഭക്ഷണത്തിൽ പോഷകമൂല്യം ഉറപ്പുവരുത്തണം.

പ്രഭാതഭക്ഷണം

രാത്രിഭക്ഷണം കഴി​ഞ്ഞു മണിക്കൂറുകൾക്കു ശേഷമാണു പ്രഭാത ഭക്ഷണം. ബ്രെയ്ൻ ഫുഡ് എന്നാണ് പ്രഭാതഭക്ഷണം അറിയപ്പെടുന്നതു തന്നെ. എത്ര തിരക്കാണെങ്കിലും പ്രഭാതഭക്ഷണം മുടക്കരുത്. ആരോഗ്യദായകമായ ഭക്ഷണക്രമം ചുവടെ:

ഇഡ്ഡലി– സാമ്പാർ

ഉപ്പുമാവ്– കാരറ്റ്, ബീൻസ്, നിലക്കടല, ഉഴുന്നു പരിപ്പ് തുടങ്ങിയവ ചേർത്തത്

അപ്പം / പുട്ട് / ഇടിയപ്പം / ചപ്പാത്തി – കടല, മുട്ട, ഗ്രീൻപീസ്, സോയ, പനീർ മസാല തുടങ്ങി ഏതെങ്കിലും കറിക്കൊപ്പം.

സാൻവിജ്–ബ്രൗൺ ബ്രെഡിൽ കാരറ്റ്, വെള്ളരി, തക്കാളി, വെണ്ണ, മുട്ട, പനീർ തുടങ്ങിയവ ചേർത്തത്.

ഓട്സ്–പാലിൽ കാച്ചിയെടുത്തതിൽ പഴങ്ങൾ, കശുവണ്ടി, ബദാം, ചെറി തുടങ്ങിയവ ചേർത്തത്.

നിറപ്പുട്ട്–കാരറ്റ്, ബീറ്റ്റൂട്ട്, മുരിങ്ങയില, ഇറച്ചിക്കൂട്ട് തുടങ്ങിയവ തേങ്ങാപ്പീരയ്ക്കൊപ്പം വച്ച് പോഷകസമൃദ്ധമാക്കിയത്. പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് പാലും ഏതെങ്കിലുമൊരു പഴവും കഴിക്കുമ്പോഴാണു പോഷകം പൂർണമാവുക.

ഉച്ചഭക്ഷണം

ചോറിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. പ്രോട്ടീൻ, കാൽസ്യം, അയൺ തുടങ്ങിയവയൊക്കെ ലഭിക്കാൻ മീൻ, മുട്ട, ഇലക്കറികൾ, തൈര് തുടങ്ങിയവ കറിയായി ഒപ്പം കഴിക്കണം.

ചോറ്, സാമ്പാർ, ഇലത്തോരൻ, തൈര്.

പുലാവിനൊപ്പം പുഴുങ്ങിയ മുട്ട, തക്കാളി റെയ്ത്ത.

സ്റ്റഫ്ഡ് ചപ്പാത്തി– പനീർ, സോയ, പീസ് മസാലയ്ക്കൊപ്പം. തൈരു സാദം, സാമ്പാർ സാദം, തക്കാളി സാദം തുടങ്ങിയവ.

നാലു മണി പലഹാരം

സ്കൂൾ വിട്ട് വിശന്നെത്തുന്ന കുട്ടിക്ക് വീട്ടിൽ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങളാണു നല്ലത്.

ഇലയപ്പം, കൊഴുക്കട്ട, പുട്ട്, കുമ്പിളപ്പം, ഇഡ്ഡലി, അവൽ നനച്ചത്, പൂരി, ബ്രെഡ് ഓംലറ്റ്, ബ്രെഡ് മുട്ട മുക്കി പൊരിച്ചത് തുടങ്ങിയവയൊക്കെ നൽകാം.

രാത്രിഭക്ഷണം

എട്ടരയ്ക്കകം രാത്രിഭക്ഷണം കഴിക്കണം. വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണു നല്ലത്.

കഞ്ഞിയോ ചപ്പാത്തിയോ കറി കൂട്ടി കഴിക്കാം.

Your Rating: