Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം വിഷമായി മാറുമ്പോള്‍

food-poison

'മച്ചാനേ, ഫുഡ് 'കിടു'വായിരുന്നട്ടാ. എന്താ ഒരു ടേസ്റ്റ്. ചിക്കന്റെ ഒരു അഴിഞ്ഞാട്ടമായിരുന്നു. ചിക്കന്‍ ലോലിപോപ്പ്, ചിക്കന്‍ പോപ്പ്കോൺ‍, ബ്രോസ്റ്റഡ് ചിക്കന്‍..... പല വേഷമണിഞ്ഞ് ബീഫ്, മീന്‍ പലതരം, ഫിഷ്മോളിയും ഫിഷ് ടിക്കയും സൂപ്പര്‍. അച്ചാറുകളും സാലഡും 'പൊളി'. ഒടുവില്‍ ഒന്നു തണുക്കാന്‍ ഫ്രൂട്ട് സാലഡ്, ഐസ്ക്രീം പലതരം. വേണമെങ്കില്‍ പായസവും...' ഇങ്ങനെ നാവിനു രുചിയുള്ള ആഹാരം വയറു നിറയെ കഴിച്ച് ഏമ്പക്കവും വിട്ട് പോകുന്നവര്‍ ഒാര്‍ക്കുക. ഈ രുചിക്കു പിന്നില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ആഹാരം അങ്ങനെ വലിച്ചുവാരി കഴിക്കാനുള്ളതല്ല. സൂക്ഷിച്ചില്ലെങ്കില്‍ ആഹാരവും ആപത്താകും.

ശത്രുക്കളെ എളുപ്പത്തില്‍ വകവരുത്താന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കുമായിരുന്നു. എന്നാല്‍ ചിലപ്പോള്‍ ഭക്ഷണം തന്നെ വിഷമായി മാറും. ''വിരുദ്ധ മപിച ആഹാരം വിദ്യാവിഷഗരോപമം'' (അഷ്ടാംഗ ഹൃദയം - സൂത്രസ്ഥാനം)

വിരുദ്ധ ആഹാരം തുടര്‍ച്ചയായി കഴിക്കുന്നത് വിഷം പോലെ ഉപദ്രവകാരിയാണ് എന്നാണ് അഷ്ടാംഗ ഹൃദയത്തിലെ ഈ ശ്ലോകംം ഒാര്‍മപ്പെടുത്തുന്നത്. വിരുദ്ധാഹാരികള്‍ ക്രമേണ വാതം, ത്വക്ക്, ഉദര രോഗങ്ങള്‍ക്ക് അടിമപ്പെടുമത്രേ. ആയുര്‍വേദം വിലക്കുന്ന ചില ഭക്ഷണക്രമങ്ങളുണ്ട്. ആഹാരത്തിന്റെ അളവ്, കഴിക്കുന്ന സമയം, സ്ഥലം, ഇവയൊക്കെ പ്രധാനമാണ്.

മല്‍സ്യത്തോട് മോരു ചേരില്ല, തേനും നെയ്യും തുല്യ അളവില്‍ വന്നാല്‍ കുഴപ്പമാണ്. പാലിനൊപ്പം പുളിരസം അരുത്. പൈനാപ്പിളും ചക്കപ്പഴവും മാമ്പഴവും മറ്റും പാലിനൊപ്പം കഴിക്കരുതെന്നു ചുരുക്കം. തേനും ഉഴുന്നും വിരുദ്ധ ആഹാരമാണ്. കോഴിയും തൈരും ശത്രുക്കളാണ്. ഗോതമ്പും എള്ളെണ്ണയും ഒരുമിച്ചു പാടില്ല.

കൊടും ചൂടില്‍ നിന്നു കയറി വന്നു തണുത്ത വെള്ളം കുടിക്കാതിരിക്കുക. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ തുടര്‍ച്ചയായി പാചകത്തിന് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഭക്ഷണ കാര്യത്തില്‍ 'പാകം' ഒരു പ്രധാന ഘടകമാണ്. വേവ് പാകത്തിനാകണം, ഉപ്പ് പാകത്തിനാകണം, എരിവ് പാകത്തിനു വേണം. എങ്കിലേ ആഹാരം നന്നാകൂ.

വിശക്കുമ്പോളെല്ലാം ആഹാരം കഴിക്കണം. വിശന്നിരിക്കാതിരിക്കണമെന്ന് വൈദ്യശാസ്ത്രം. ആഹാരം കഴിക്കുന്നതിന് ഒരു മുന്നൊരുക്കം നല്ലതാണ്. കൈകഴുകി ഭക്ഷണത്തിനു മുന്നില്‍ വന്നിരിക്കുമ്പോള്‍ നമ്മുടെ ശരീരവും ദഹനരസങ്ങളുമായി ആഹാരത്തെ സ്വീകരിക്കാന്‍ തയാറാകും. അമിത ആഹാരം നന്നല്ല. എങ്കിലും നല്ല വിശപ്പുള്ളപ്പോള്‍ ലഘുവായി മാത്രം കഴിക്കുന്നതു പ്രശ്നമാകും.

ഭക്ഷണ കാര്യത്തില്‍ ഏറെ പ്രധാനമാണ് സമയവും. രാത്രിയില്‍ കട്ടിയുള്ള ആഹാരങ്ങള്‍ നിഷിദ്ധമാണ്. ''ഇഞ്ചി ഇലക്കറിതൈരു തരിപ്പണം കൊഞ്ചൊടിതഞ്ചും അന്തിക്കാകാ'' എന്ന് പഴമക്കാര്‍ പാടും.

ഇഞ്ചിയും ഇലക്കറികളും തൈരും തരിപ്പണവും (വറുത്ത പൊടി -അവലോസു പൊടിയും മറ്റും), ചെമ്മീന്‍ വിഭവങ്ങളും രാത്രിയില്‍ അമിതമായി കഴിക്കുന്നത് വയറിനു നന്നല്ല എന്നു ചുരുക്കം. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കു തോന്നിയേക്കാം - ഇതു വല്യകഷ്ടമായല്ലോ. ഇങ്ങനെയായാല്‍ മനുഷ്യന്‍ എങ്ങനെ ആഹാരം കഴിക്കുമെന്ന്.

എന്നാല്‍ ഒാര്‍ക്കുക പുതിയ തലമുറയുടെ ജീവിതക്രമത്തിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളാണ് ഇന്നത്തെ പല രോഗങ്ങള്‍ക്കും അടിസ്ഥാനമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പ്.