Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിക്കാൽ കാണാൻ ആഹാരമേകും പരിഹാരം

522127165

ഏതു ദമ്പതികളുടെയും ജീവിതത്തിൽ നിരാശയുടെ കരിനിഴൽ വീഴ്ത്തുന്ന ഒന്നാണ് വന്ധ്യത. അതു രണ്ടു വിധത്തിലുണ്ട്, സ്ത്രീകളുടെ പ്രശ്നങ്ങൾ മൂലമുള്ള വന്ധ്യതയും പുരുഷ കാരണങ്ങളാലുണ്ടാകുന്ന വന്ധ്യതയും.

സ്ത്രീകളിൽ വന്ധ്യതയ്ക്ക് പല കാരണങ്ങളുണ്ടാകാം. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് അണ്ഡോൽപാദനം നടക്കാതിരിക്കുക, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രശ്നങ്ങൾ, പിറ്റ്യൂറ്ററി ഗ്രന്ഥികളുടെ കുഴപ്പം, ഭാരക്കുറവ്, അമിതഭാരം, വിട്ടുമാറാത്ത എന്തെങ്കിലും അസുഖങ്ങൾ, അമിതമായ അധ്വാനം എന്നിവ. ഫെലോപ്യൻ നാളികളിലെ തടസം, ഗർഭപാത്രത്തിന്റെ അപാകതകൾ എന്നിവയാലും വന്ധ്യത വരാം. ചില സ്ത്രീകളിൽ പുരുഷബീജത്തെ തടയുന്ന ആന്റിബോഡികൾ ഉള്ളതുകാരണമാണ് വന്ധ്യതയുണ്ടാകുന്നത്. ബീജത്തിന്റെ ശേഷിയില്ലായ്മ കൊണ്ടോ ബീജത്തിന്റെ അഭാവം കൊണ്ടോ പുരുഷവന്ധ്യത സംഭവിക്കാം. പലപ്പോഴും വന്ധ്യതയുടെ കാരണം കണ്ടെത്തുക എളുപ്പമല്ല.

ലക്ഷണങ്ങൾ: ഒരു വർഷമെങ്കിലും ദമ്പതികൾ ഒരുമിച്ച് താമസിച്ച് കുട്ടികളുണ്ടാകാൻ ശ്രമിച്ചിട്ടും ഗർഭിണിയായില്ലെങ്കിൽ വന്ധ്യത സംശയിക്കണം. ഡോക്ടറെ കാണുകയും വേണം.
സാധാരണ ചികിത്സ: വന്ധ്യതയുടെ കാരണം മനസിലാക്കിയാണ് ചികിത്സ. ഹോർമോൺ തകരാർ പരിഹരിച്ച് അണ്ഡോൽപാദനം ക്രമീകരിക്കാൻ ചിലപ്പോൾ ഗുളികകൾ നൽകാറുണ്ട്. ഗർഭപാത്രത്തിലെ മുഴ, ഫെലോപ്യൻ നാളിയിലെ തടസം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വരും. പുരുഷവന്ധ്യതയിൽ ജീവിതശൈലീമാറ്റമാണ് പ്രധാന ചികിത്സ. മദ്യപാനവും പുകവലിയും ഉപേക്ഷിക്കണം.

ആഹാര പരിഹാരങ്ങൾ
ഗർഭധാരണശേഷിയും ആഹാരവുമായി നേരിട്ട് ബന്ധമുണ്ട്. ആഹാരശീലങ്ങളിലെ പ്രശ്നങ്ങൾ കാരണം. അണ്ഡോത്പാദനവും മറ്റും സംബന്ധിച്ച് കുഴപ്പങ്ങൾ ഉണ്ടാകുകയും ഗർഭധാരണത്തിന് തടസമുണ്ടാവുകയും ചെയ്യാം.
സ്ത്രീവന്ധ്യത: അമിതവണ്ണമുള്ള സ്ത്രീകളിൽ അണ്ഡോത്പാദനം ക്രമം തെറ്റാനോ ഇല്ലാതിരിക്കാനോ സാധ്യതയുണ്ട്. പഴം, പച്ചക്കറി, ഹോൾ ഗ്രെയ്ൻ ബ്രഡ്, പാസ്ത, അരി, കൊഴുപ്പു കുറഞ്ഞ മാംസം, പയർ വർഗങ്ങൾ എന്നിവ കഴിക്കുന്നത് അമിതഭാരം കുറയ്ക്കും.

ഇരുമ്പിന്റെ അംശം കുറഞ്ഞ് വിളർച്ച അനുഭവപ്പെടുന്ന സ്ത്രീകളിൽ ഗർഭധാരണം നടക്കാത്ത അവസ്ഥയുണ്ട്. അതൊഴിവാക്കാൻ ഇരുമ്പിന്റെ അംശം ധാരാളമുള്ള ഭക്ഷണം കഴിക്കണം. അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ, റെഡ് മീറ്റ് തുടങ്ങിയവയിലെല്ലാം ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. സിട്രസ് പഴങ്ങൾ, നെല്ലിക്ക, ബെറികൾ, പച്ചിലയുള്ള പച്ചക്കറികൾ എന്നിവയിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം കുറഞ്ഞ് സസ്യഭക്ഷണം കഴിക്കുന്നവർ കൂടെ ഇതും കഴിക്കണം. കാരണം വിറ്റമിൻ സി ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണശേഷി കൂട്ടും.

കുഞ്ഞിനായി ശ്രമിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോർമൽ ആയിരിക്കണം. പഴങ്ങളും പച്ചക്കറികളും ഗോതമ്പുമെല്ലാം കഴിക്കുന്നത് അതിനു സഹായിക്കും. കാരണം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവയിൽ നിന്ന് സാവധാനമേ പഞ്ചസാര രക്തത്തിലെത്തൂ. അതായത്, ഇൻസുലിന് പ്രവർത്തിക്കാൻ ആവശ്യത്തിന് സമയം കിട്ടും.

സെലീനിയം പ്രധാനം
പുരുഷവന്ധ്യത: ഇറച്ചി, ധാന്യങ്ങൾ എന്നിവ പുരുഷവന്ധ്യത പരിഹരിക്കാൻ സഹായിക്കും. ഈ ആഹാരപദാർഥങ്ങളിൽ ചെറിയ അളവിൽ സെലീനിയം കാണപ്പെടുന്നു. പുരുഷപ്രത്യുൽപാദനത്തിൽ സെലീനിയത്തിന് വലിയ പ്രാധാന്യമുണ്ട്.

റെഡ് മീറ്റ്, കടൽ വിഭവങ്ങൾ, ചെമ്മീൻ പോലെ തോടുള്ള മത്സ്യങ്ങൾ, തവിടുകളയാത്ത അരി, ചുവന്ന പാസ്ത എന്നിവയിൽ ധാരാളം സിങ്ക് ഉണ്ട്. സിങ്കിന്റെ അഭാവം കാരണമുള്ള വന്ധ്യത അങ്ങനെ പരിഹരിക്കാം.

നെല്ലിക്ക, ബെറികൾ, പച്ച ഇലയുള്ള പച്ചക്കറികൾ എന്നിവയിൽ ധാരാളം വിറ്റമിൻ സിയും വിറ്റമിൻ ഇയുമുണ്ട്. പുരുഷബീജത്തിന്റെ അളവും ചലനശേഷിയും കൂട്ടാൻ വിറ്റമിൻ സി സഹായകരമാണ്.

കാരറ്റ്, മധുരക്കിഴങ്ങ്, മാങ്ങ, ആപ്രികോട്സ് തുടങ്ങിയവയിൽ ബീറ്റാകരോട്ടിൻ എന്ന രാസവസ്തുവുണ്ട്. ബീജങ്ങളുടെ ആരോഗ്യത്തിന് ബീറ്റാകരോട്ടിൻ അത്യാവശ്യമാണ്.

ഒഴിവാക്കേണ്ട ആഹാരങ്ങൾ
സോസേജ്, ബർഗർ, റെഡിമെയ്ഡ് മാംസം, കേക്ക്, ബിസ്കറ്റ്, ചോക്ലേറ്റ് എന്നിവയെല്ലാം കഴിയുന്നതും ഒഴിവാക്കണം. കാരണം, ഇവയിൽ ധാരാളം കൊഴുപ്പുണ്ട്. അത് അമിതഭാരമുണ്ടാക്കും. അമിതഭാരം ഗർഭധാരണത്തിന് തടസം നിൽക്കാം. വെണ്ണ, കൊഴുപ്പു കൂടിയ എണ്ണ തുടങ്ങിയവയും കുറയ്ക്കണം.

കാപ്പി, ചായ, കോള തുടങ്ങിയവയും അമിതമായാൽ ഗർഭധാരണത്തിന് തടസമാകും. ഈ ദ്രാവകങ്ങളിൽ അടങ്ങിയ കഫീൻ ആണ് പ്രശ്നക്കാരൻ. കഫീൻ പിറ്റ്യൂറ്ററിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രൊലാക്ടിൻ ഹോർമോണിന്റെ വ്യാപനം തടയും. ആവശ്യത്തിന് പ്രൊലാക്ടിൻ ഹോർമോൺ ഇല്ലാത്തത് വന്ധ്യതയ്ക്ക് കാരണമായി മാറാം.

അമിതമായ മദ്യപാനവും വന്ധ്യതയ്ക്ക് കാരണമായേക്കാം. അമിതമദ്യപാനം പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയ്ക്കും. കൂടാതെ മദ്യപന്മാരിൽ ബീജത്തിന്റെ എണ്ണവും കുറയുന്നതായി കണ്ടിട്ടുണ്ട്.

സ്ത്രീകളുടെ അമിതമദ്യപാനം കാരണം, ശരീരത്തിൽ അമിതമായി പ്രൊലാക്ടിൻ ഉത്പാദിപ്പിക്കാൻ കാരണമാകും. അത് ആർത്തവചക്രത്തെ പ്രതികൂലമായി ബാധിക്കും. അതും വന്ധ്യതയിലേക്ക് നയിക്കാം. മദ്യപാനം ഒഴിവാക്കണം.

സിങ്ക് അടങ്ങിയ ആഹാരം കഴിച്ച ഉടനെ പാലുൽപന്നങ്ങൾ കഴിക്കരുത്. കാരണം, കാൽസ്യം, സിങ്ക് ആഗിരണം ചെയ്യുന്നത് തടയുന്നു. സിങ്കിന്റെ അഭാവം കാരണം പുരുഷവന്ധ്യതയുണ്ടാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: പുകവലിശീലം ഒഴിവാക്കണം. വ്യായാമം ചെയ്യണം. അമിതഭാരം കുറയ്ക്കുക. ഗർഭിണിയാകാൻ വൈകുന്നതിൽ അമിതമായ ടെൻഷൻ ഒഴിവാക്കണം. അണ്ഡോൽപാദന ദിനം മനസിലാക്കി ആ ദിവസങ്ങൾ പ്രയോജനപ്പെടുത്താനും ശ്രമിക്കണം.

ഫോളിക്കാസിഡ് പച്ചക്കറികളിൽ നിന്നും
ഗർഭിണികളാകാൻ തയാറെടുക്കുന്നവർ ഫോളിക് ആസിഡ് അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. കാബേജ്, ബീറ്റ്റൂട്ട്, ശതാവരിച്ചെടി, കറുത്ത കണ്ണുള്ള ബീൻസ്, പച്ച ബീൻസ്, പയർ, കോളിഫ്ളവർ തുടങ്ങിയവയിൽ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു. പച്ചിലക്കറികളും ഭക്ഷണത്തിൽ കൂടുതൽ കഴിക്കുന്നത് ഫോളിക് ആസിഡിനു പുറമേ മറ്റ് പോഷകക്കുറവുകളും നികത്തും.