Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതമായാൽ നെല്ലിക്കയും!

gooseberry

പാലാഴി കടഞ്ഞു കിട്ടിയ അമൃതിന്റെ തുളളി ഭൂമിയിൽ വീണുണ്ടായതെന്നു വിശ്വസിക്കപ്പെടുന്ന നെല്ലിക്ക അമൃതുപോലെ തന്നെ ആരോഗ്യകരവും യൗവനം നിലനിർത്താൻ സഹായിക്കുന്നതുമാണ്. എന്നാൽ, അമിതമായാൽ നെല്ലിക്കയും ആരോഗ്യത്തിനു ഹാനികരമാണ്.

ആയുർവേദപ്രകാരം വാതം, പിത്തം, കഫം ഇവ ബാലൻസ് ചെയ്യാൻ കഴിവുളള നെല്ലിക്കയിൽ ന്യൂട്രിയൻസ്, പോളിഫിനോൾ, വൈറ്റമിൻ, അയൺ എന്നിവയും ധാരാളമുണ്ട്.

വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക ചർമസംരക്ഷണത്തിനും മുടി വളരാനും രോഗപ്രതിരോധ ശക്തിക്കും അമിതവണ്ണം കുറയ്ക്കാനും ഉത്തമമാണ്. ദഹനം എളുപ്പമാകാനും കാഴ്ച ശക്തി കൂട്ടാനും മറ്റും നെല്ലിക്കാനീര് ഉപയോഗിക്കുന്നു. നെല്ലിക്കനീരും തേനും സമാസമം ചേർത്ത് ഉപയോഗിക്കുന്നത് ചുമയ്ക്കു നല്ലതാണ്.

പ്രമേഹം, കൊളസ്ട്രോൾ, കാൻസർ എന്നീ രോഗങ്ങളുളളവർക്ക് രോഗം നിയന്ത്രിക്കാനുളള ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്താവുന്നതാണ്.

എന്നാൽ മറ്റു മരുന്നുകൾക്കൊപ്പം നെല്ലിക്ക നീര് അമിതമായി ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്നതായി കണ്ടുവരുന്നു. അതിനാൽ പ്രമേഹത്തിനു മരുന്നു കഴിക്കുന്നവർ നെല്ലിക്കയുടെ അമിത ഉപയോഗം ഒഴിവാക്കണം. മുറിവുകളിൽനിന്നു രക്തം വാർന്നു പോകുന്നതു കൂടാനും നെല്ലിക്കയുടെ അമിത ഉപയോഗം കാരണമാകുന്നു. അതിനാൽ ബ്ലീഡിങ് ഡിസോർഡർ ഉളളവരും ശസ്ത്രക്രിയ കഴിഞ്ഞവരും നെല്ലിക്ക ഉപയോഗം കുറയ്ക്കുന്നതാണ് ഉത്തമം.

മലബന്ധം കുറയ്ക്കാൻ നെല്ലിക്ക ഉത്തമമാണെങ്കിലും അമിത ഉപയോഗം അതു കൂടുന്നതിനോ വയറിളക്കത്തിനോ കാരണമാകാം. നെല്ലിക്കയുടെ അമിത ഉപയോഗം ഗർഭിണികളിലും കുട്ടികളിലും വയറുവേദന, ഛർദ്ദി, വയറിളക്കം, നിർജലീകരണം എന്നിവയ്ക്കു കാരണമാകുന്നുണ്ട്. ഹൃദയസംബന്ധമായ രോഗം ഉളളവർ ഡോക്ടറുടെയോ ഡയറ്റീ‌ഷ്യന്റെയോ നിർദേശപ്രകാരം വേണം നെല്ലിക്ക ഉപയോഗിക്കാൻ.

20–30 ml നെല്ലിക്കാ നീര് ഒരു ഗ്ലാസ് വെളളത്തിൽ ഒഴിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം.

നെല്ലിക്ക ജ്യൂസ്
നെല്ലിക്ക – മൂന്ന് എണ്ണം
വെളളം – ഒന്നര കപ്പ്
ചതച്ച കുരുമുളക് – ഒരു നുളള്
തേൻ – രണ്ടു ടീസ് പൂൺ
ഉപ്പ്– ഒരു നുളള്

കുരുകളഞ്ഞ നെല്ലിക്ക വെളളം ചേർത്തു മിക്സിയിൽ അടിച്ച് അരിച്ച് എടുക്കുക. അതിലേക്ക് ഉപ്പും കുരുമുളകും തേനും ചേർത്ത് ഇളക്കി ഉപയോഗിക്കാം.

Nutritive Value
Carbohydreate-13.7
Fat- 1g
Proteen- 5g
energy- 58 kcal
Fibre -3.4 gm
Vit C - 600 mg
choline – 256
Sodium -50 mg
Pottassiun-225mg
Calicum- 50mg
Phosprous- 20mg
Iron – 1.2

ടി.എം. സിൻജിത
ലീഡ് ഡയറ്റീഷ്യൻ ആൻഡ് ഡയബറ്റിസ് എജ്യുക്കേറ്റേഴ്സ് ട്രെയിനർ, ആർക്സ്കിൽസ്